ഫഹദ് ഫാസിലും വടിവേലുവും പ്രധാന വേഷങ്ങളിൽ എത്തുന്ന തമിഴ് ചിത്രം മാരീസൻ മികച്ച പ്രതികരണങ്ങളോടെ പ്രദർശനം തുടരുകയാണ്. സുധീഷ് ശങ്കർ സംവിധാനം ചെയ്ത സിനിമ ജൂലായ് 25നാണ് തിയേറ്ററുകളിൽ എത്തിയത്. റോഡ് ത്രില്ലർ ഗണത്തിൽപ്പെടുന്ന ചിത്രത്തിലെ ഫഹദിന്റെയും വടിവേലുവിന്റെയും പ്രകടനത്തിന് കയ്യടിക്കുകയാണ് സിനിമാപ്രേമികൾ. മാരീസൻ ചിത്രത്തിന്റെ രണ്ട് ദിവസത്തെ കലക്ഷൻ സംബന്ധിച്ചുളള പുതിയ റിപ്പോർട്ടുകൾ വന്നിരിക്കുകയാണ്. പ്രമുഖ ട്രാക്കർമാരായ സാക്നിൽകിൻറെ കണക്ക് അനുസരിച്ച് ആദ്യ ദിനം 75 ലക്ഷമായിരുന്നു ചിത്രം നേടിയത്.
രണ്ടാമത്തെ ദിവസം മൗത്ത് പബ്ലിസിറ്റിയിലൂടെ ഇത് 1.11 കോടിയായി വർധിച്ചിരിക്കുകയാണ്. ആദ്യത്തെ രണ്ട് ദിവസം കൊണ്ട് രണ്ട് കോടിക്കടുത്താണ് സിനിമ കലക്ഷൻ നേടിയിരിക്കുന്നത്. ഇന്ത്യയിൽ നിന്നുള്ള നെറ്റ് കളക്ഷനാണ് ഇത്. റിലീസ് ദിനം മുതൽ സിനിമയ്ക്ക് പോസിറ്റീവ് അഭിപ്രായങ്ങളാണ് പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്നത്. ഇന്നും സിനിമയ്ക്ക് ബോക്സോഫിസിൽ നിന്നും മികച്ച കലക്ഷൻ ലഭിക്കാനുളള സാധ്യതകളുണ്ട്.
Read more
കോവൈ സരള, വിവേക് പ്രസന്ന, സിതാര, പി എൽ തേനപ്പൻ, ലിവിംഗ്സ്റ്റൺ, രേണുക, ശരവണ സുബ്ബയ്യ, കൃഷ്ണ, ഹരിത, ടെലിഫോൺ രാജ് തുടങ്ങിയവരാണ് സിനിമയിലെ മറ്റു താരങ്ങൾ. സൂപ്പർ ഗുഡ് ഫിലിംസിൻ്റെ ബാനറിൽ ആർ ബി ചൗധരിയാണ് മാരീസൻ നിർമ്മിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ക്രിയേറ്റീവ് ഡയറക്ടർ കൂടിയായ വി കൃഷ്ണമൂർത്തിയാണ് കഥ, തിരക്കഥ, സംഭാഷണം രചിച്ചിരിക്കുന്നത്. ഛായാഗ്രഹണം കലൈശെൽവൻ ശിവാജിയും സംഗീതസംവിധാനം യുവൻ ശങ്കർ രാജയും നിർവഹിച്ചിരിക്കുന്നു. എഡിറ്റിംഗ് ശ്രീജിത്ത് സാരംഗും കലാസംവിധാനം മഹേന്ദ്രനും ചെയ്തിരിക്കുന്നു.









