‘ഒന്നും രണ്ടും തവണയല്ല, പതിനഞ്ച് തവണ ഞാന്‍ കൈ മുറിച്ചു’; വെളിപ്പെടുത്തലുമായി നടി

ബിഗ് ബോസ് തമിഴിന്റെ മൂന്നാം സീസണില്‍ വിവാദമൊഴിയുന്നില്ല. കമല്‍ഹാസന്‍ അവതാരകനായെത്തുന്ന പരിപാടിയില്‍ മത്സരാര്‍ത്ഥിയും നടിയുമായ മധുമിത കൈ മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചത് വാര്‍ത്തയായിരുന്നു. ഇതോടെ ഇവര്‍ ഷോയില്‍ നിന്ന് പുറത്താവുകയും ചെയ്തു. തുടര്‍ന്ന് കമല്‍ഹാസന്‍ തന്നെ മാനസികമായി പീഡിപ്പിച്ചെന്നു കാണിച്ച് പരാതിയും നല്‍കിയിരുന്നു. ഇപ്പോഴിതാ ബിഗ് ബോസ് സീസണ്‍ 2വിലെ മത്സരാര്‍ത്ഥി ഡാനിയല്‍ പോപ് ട്വിറ്ററിലൂടെ പങ്കുവെച്ച മധുമിതയുടെ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

ചിത്രത്തില്‍ മധുമിത കൈകളില്‍ കത്തി കൊണ്ട് മുറിവുണ്ടാക്കിയിരിക്കുന്നത് കാണാം. ഇതിനെ കുറിച്ച് നടിയും പ്രതികരിച്ചിട്ടുണ്ട്. മാനസികപീഡനമാണ് തന്നെ ഇതിന് പ്രേരിപ്പിച്ചതെന്നാണ് മധുമിത പറയുന്നത്. ‘ഇവരോടുള്ള ദേഷ്യം കൊണ്ട് ചെയ്തു പോയതാണ്. ഞാന്‍ ഇങ്ങനെ കൈ മുറിച്ചപ്പോള്‍ ആരും എന്നെ തിരിഞ്ഞു നോക്കിയില്ല. ഒന്നും രണ്ടും തവണയല്ല, പതിനഞ്ച് തവണ ഞാന്‍ കൈ മുറിച്ചു. രക്തം ചീറ്റി വരുമ്പോള്‍ പോലും ആരും എന്റെ അരികില്‍ വന്നില്ല. കസ്തൂരി മാമും ചേരന്‍ സാറും മാത്രമാണ് സഹതാപം പ്രകടിപ്പിച്ചത്.’ മധുമിത പറഞ്ഞു.

തമിഴ് ബിഗ് ബോസ് അശ്ലീല പരിപാടിയാണെന്നും സെന്‍സര്‍ ചെയ്യണമെന്നുമുള്ള പരാതികള്‍ വലിയ കോളിളക്കമാണ് സൃഷ്ടിക്കുന്നത്. തമിഴ് സംസ്‌കാരത്തിന് നിരക്കാത്ത പരിപാടിയെന്ന വിമര്‍ശനം കെട്ടടങ്ങും മുമ്പേയാണ് പുതിയ ആരോപണങ്ങളും വിവാദങ്ങളും തലപൊക്കുന്നത്.