ബോളിവുഡിലും ദുല്‍ഖര്‍ തരംഗം: അനുരാഗ് കശ്യപ് ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍ നായകന്‍

ഇര്‍ഫാന്‍ ഖാനൊപ്പം ദുല്‍ഖര്‍ സല്‍മാന്‍ ബോളിവുഡ് അരങ്ങേറ്റത്തിന് തയാറെടുക്കുകയാണെന്ന് നമുക്ക് അറിയാം. ആ ചിത്രത്തിന്റെ ജോലികള്‍ തുടങ്ങുന്നതിന് മുന്‍പ് അടുത്ത ബോളിവുഡ് ചിത്രം സൈന്‍ ചെയ്തിരിക്കുകയാണ് ദുല്‍ഖര്‍. അനുരാഗ് കശ്യപിന്റെ ത്രികോണ പ്രണയകഥ പറയുന്ന മന്‍മര്‍സിയാന്‍ എന്ന ചിത്രത്തിലാണ് രണ്ടു നായകന്മാരില്‍ ഒരാളായി ദുല്‍ഖര്‍ എത്തുന്നത്.

വിക്കി കൗഷാലും തപ്‌സി പന്നുവുമാണ് മന്‍മര്‍സിയാനിലെ മറ്റ് താരങ്ങള്‍. ഇവര്‍ക്കൊപ്പം പ്രധാനകഥാപാത്രമായി തന്നെയാണ് ദുല്‍ഖര്‍ എത്തുന്നത്. ദുല്‍ഖര്‍ സല്‍മാനും അനുരാഗ് കശ്യപും സോളോയുടെ സംവിധായകന്‍ ബിജോയ് നമ്പ്യാരും ഒന്നിച്ചു നില്‍ക്കുന്ന ചിത്രം ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്.

ആനന്ദ് എല്‍ റായ് 2015ല്‍ പ്രഖ്യാപിച്ച സിനിമയാണ് മന്‍മര്‍സിയാന്‍. രണ്ട് സംവിധായകരുടെ കൈമറിഞ്ഞാണ് മന്‍മര്‍സിയാന്‍ ഇപ്പോള്‍ അനുരാഗ് കശ്യപില്‍ എത്തി നില്‍ക്കുന്നത്. ഉടന്‍ തന്നെ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുമെന്നാണ് ലഭിക്കുന്ന വിവരം.

മുക്കബ്ബാസാണ് അനുരാഗ് കശ്യപ് ചെയ്ത് കൊണ്ടിരിക്കുന്ന ചിത്രം. ഇതിന്റെ ഷൂട്ടിംഗിന് ശേഷമായിരിക്കും മന്‍മര്‍സിയാന്‍ ആരംഭിക്കുക. ദുല്‍ഖര്‍ സല്‍മാന്‍ ആകാഷ് ഖുറാനയുടെ കര്‍വാനിലൂടെ ഹിന്ദി അരങ്ങേറ്റത്തിന് ഒരുങ്ങിയിരിക്കുകയാണ്. ഇര്‍ഫാന്‍ ഖാന്‍, മിഥുല പല്‍ക്കര്‍ എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇതില്‍ ഇര്‍ഫാന്‍ ഖാന്റെ സുഹൃത്തിന്റെ റോളിലാണ് ദുല്‍ഖര്‍ എത്തുന്നത്.