പരാതിക്കാരിയോട് മാത്രമല്ല ഒപ്പമുണ്ടായിരുന്ന ആണ്‍ സുഹൃത്തിനോടും വിനായകന്റെ അശ്ലീലവര്‍ഷം, തുടരെ ഫോണ്‍ വിളിച്ച് ശല്യം; വെളിപ്പെടുത്തലുമായി ദിനു വെയ്ല്‍

നടന്‍ വിനായകന്‍ അശ്ലീല ചുവയോടെ ഫോണില്‍ സംസാരിച്ചുവെന്ന ദളിത് ആക്ടിവിസ്റ്റിന്റെ പരാതിയില്‍ കൂടുതല്‍ വെളിപ്പെടുത്തല്‍. യുവതിയോടു മാത്രമല്ല തന്നോടും വിനായന്‍ അശ്ലീല ചുവയോടെ സംസാരിച്ചെന്ന് സംഭവം നടക്കുമ്പോള്‍ യുവതിയ്‌ക്കൊപ്പമുണ്ടായിരുന്ന ദിനു വെയില്‍ സൗത്ത് ലൈവിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. താനാണ് ആദ്യം പരിപാടിയിലേക്ക് ക്ഷണിക്കാന്‍ വിനായകനെ വിളിച്ചതെന്നും വിളിച്ച കാര്യം പറഞ്ഞപ്പോല്‍ ഒരു പ്രകോപനവുമില്ലാതെ വിനായകന്‍ കേട്ടാലറക്കുന്ന അശ്ലീലം പറയുകയായിരുന്നെന്നും ദിനു പറഞ്ഞു.

സംഭവത്തെ കുറിച്ച് ദിനു വെയില്‍ പറയുന്നത്…

ഏപ്രില്‍ 18-ാം തിയതി സിവില്‍ സര്‍വീസ് പരീക്ഷയില്‍ റാങ്ക് നേടിയ ശ്രീധന്യ സുരേഷിനെ കാണാന്‍ വേണ്ടിയാണ് ഞാനും പരാതിക്കാരിയും മകളും തരുണ്‍ തങ്കച്ചനും അരുന്ധതി സിന്ധുവും ചേര്‍ന്ന് വയനാട്ടിലേക്ക് പോയത്. ശ്രീധന്യയെ കണ്ട് അഭിനന്ദിക്കുന്നതിനൊപ്പം മറ്റൊരു പരിപാടിയുടെ ഉദ്ഘാടനത്തിന് ക്ഷണിക്കുന്നതിനും വേണ്ടിയായിരുന്നു യാത്ര. ഞങ്ങളുടെ  ‘ദിശ’യെന്ന സംഘടനയും ‘ആലിലക്കുട്ടിക്കൂട്ടം’ എന്ന് പറയുന്ന ദളിത് കുട്ടികളുടെ കൂട്ടായ്മയും ചേര്‍ന്ന് ‘കണ്ടല്‍’ എന്ന അവധിക്കാല ക്യാമ്പ് സംഘടിപ്പിക്കുന്നുണ്ടായിരുന്നു. അഞ്ചാം ക്ലാസുമുതല്‍ പന്ത്രണ്ടാം ക്ലാസു വരെ പഠിക്കുന്ന നൂറ്റിയമ്പതോളം വരുന്ന കുട്ടികളുടെ പരിപാടിയായിരുന്നു അത്. ഉദ്ഘാടന പരിപാടിയില്‍ ജസ്റ്റിസ് സിരിജഗന്‍ സാറിനെയും ഷീബാ അമീര്‍, ശ്രീധന്യ സുരേഷ്, ചിന്താ ജെറോം തുടങ്ങിയവരെ പങ്കെുപ്പിക്കുകയെന്നതായിരുന്നു ഉദ്ദേശം. ശ്രീധന്യയെ ആദരിക്കുക എന്ന ലക്ഷ്യം കൂടി പരിപാടിയ്ക്കുണ്ടായിരുന്നു. സംഘടനയിലെ കുട്ടികള്‍ വിനായകനെ പരിപാടിയുടെ ഉദ്ഘാടനത്തിന് മുഖ്യാതിഥിയായി കൊണ്ടുവരാന്‍ പറ്റുമോയെന്ന് നിരന്തരം അന്വേഷിക്കുന്നുമുണ്ടായിരുന്നു. അത് അദ്ദേഹം നടനായതുകൊണ്ടുമാത്രമല്ല, അദ്ദേഹത്തിന്റെ വ്യക്തമായ രാഷ്ട്രീയ നിലപാടുമായിരുന്നു അതിന് പ്രേരകമായത്.

വിനായകനെ ഫോണില്‍ കിട്ടുന്നു

തുടര്‍ന്ന് പല തരത്തില്‍ വിനായകനുമായി കോണ്‍ടാക്ട് ചെയ്യാന്‍ ശ്രമിച്ചു. കിട്ടിയില്ല. വയനാട് യാത്രയില്‍ പരാതിക്കാരിയായ ചേച്ചി അതേ പറ്റി ചോദിച്ചപ്പോള്‍ ഞാന്‍ കോണ്‍ടാക്ട് ചെയ്യാന്‍ സാധിച്ചില്ലെന്ന് പറഞ്ഞു. അപ്പോള്‍ വിനായകന്റെ നമ്പര്‍ എനിക്ക് തന്ന ചേച്ചി കുട്ടികളുടെ ആഗ്രഹമല്ലേ നീ ഒന്ന് വിളിച്ചു നോക്കു എന്നു പറഞ്ഞു. ഞാന്‍ അപ്പോള്‍ ചേച്ചി നന്ന നമ്പരിലേക്ക് അപ്പോയിന്‍മെന്റ് എടുക്കാന്‍ വേണ്ടി വിളിച്ചു. രണ്ട് വട്ടം നമ്പര്‍ ബിസിയായിരുന്നു. പിന്നീട് അദ്ദേഹം തിരിച്ചുവിളിച്ചു. തിരിച്ചു വിളിച്ചത് വിനായകനാണോ മാനേജരാണോ എന്ന് എനിക്ക് മനസിലായില്ലായിരുന്നു. വിനായകന്‍ സാറിന്റെ അപ്പോയിന്‍മെന്റ് എടുക്കാന്‍ വേണ്ടിയാണ് വിളിച്ചതെന്നും പിന്നെ പരിപാടിയെ കുറിച്ചു ഞാന്‍ പറഞ്ഞു. ശേഷം, വിനായകനാണ് പറ എന്നാണ് അപ്പുറത്തുനിന്നും പറഞ്ഞത്. എന്റെ പേര് ദിനു എന്നാണെന്നും ക്യാമ്പിന്റെ വിവരങ്ങളും കോളനിയിലെ കുട്ടികള്‍ക്ക് വേണ്ടിയുള്ള പരിപാടിയാണെന്നും ഞാന്‍ പറഞ്ഞു.

എടുത്തപ്പോള്‍ തന്നെ കേട്ടാലറക്കുന്ന ലൈംഗികച്ചുവയുള്ള സംഭാഷണമായിരുന്നു

അപ്പോള്‍ എന്നോട് തീര്‍ത്തും അശ്ലീലമായ ഒരു കാര്യമാണ് തിരിച്ചു ചോദിച്ചത്.  ഫോണ്‍ ലൗഡ് സ്പീക്കറിലായിരുന്നു ഉണ്ടായിരുന്നത്. ചേച്ചിയും മകളും വണ്ടിയില്‍ ഉണ്ടായിരുന്നതുകൊണ്ടുകൂടി ഞാനൊന്ന് അമ്പരന്നു. ‘സര്‍, എന്ത്?’ എന്ന് ഞാന്‍ തിരിച്ചു ചോദിച്ചു. അപ്പോള്‍ അദ്ദേഹം ലൈംഗിക ബന്ധത്തെ സൂചിപ്പിക്കുന്ന തരത്തില്‍ മോശമായ കാര്യങ്ങള്‍ പറഞ്ഞു. അത് കേട്ടപ്പോല്‍ ഞാനാകാതെ വല്ലാതായി. നമ്മള്‍ ഒരിക്കലും പ്രതീക്ഷിക്കുന്നില്ലല്ലോ അത്.

നമ്മള്‍ ഇത്രയും ഇഷ്ടപ്പെടുന്ന ആളില്‍ നിന്ന് ഇങ്ങനെയൊരു പ്രതികരണം ഉണ്ടാകുമ്പോഴുള്ള ഞെട്ടലുണ്ടല്ലോ. ഞാന്‍ സ്റ്റക്കായിപ്പോയി. സാറേ ഞാന്‍ സാറിനോട് മോശമായി ഒന്നും പറഞ്ഞില്ലല്ലോ നമ്മുടെ അനിയന്‍മാരുടേയും അനിയത്തിമാരുടേയും പരിപാടിക്ക് വേണ്ടിയാണ് വിളിച്ചത് എന്ന് പറഞ്ഞപ്പോള്‍ പുലഭ്യം പറഞ്ഞ് ‘സാറോ? ദളിതന്‍മാരൊക്കെ സാറേ എന്ന് വിളിക്കുമോ?’ എന്ന് ചോദിച്ചു. പിന്നെയും കുറേ പുലഭ്യം പറഞ്ഞു, നീ ദളിതനാണോടാ എന്ന് വീണ്ടും വീണ്ടും ചോദിച്ചു. ആണെന്ന് പറഞ്ഞപ്പോഴും കേട്ടാലറക്കുന്ന പദപ്രയോഗങ്ങളാണ് അദ്ദേഹം നടത്തിയത്.

എനിക്ക് ഒന്നും പറയാന്‍ പറ്റിയില്ല. പിന്നീട് പുള്ളിക്കാരന്‍ തന്നെ ഫോണ്‍ കട്ട് ചെയ്തു. അത് കഴിഞ്ഞ് വിനായകന്‍ തിരിച്ച് വിളിക്കുമ്പോള്‍ ഫോണ്‍ എടുക്കാന്‍ പറ്റാത്ത ഒരവസ്ഥയിലായിരുന്നു ഞാന്‍. എന്ത് ചെയ്യണം എന്നറിയാത്ത ടെന്‍ഷനിലായിരുന്നു ഞാന്‍. അപ്പോഴാണ് ചേച്ചി ഫോണെടുത്തത്. കുട്ടികള്‍ക്ക് വേണ്ടിയുള്ള പരിപാടിക്ക് വേണ്ടിയായിരുന്നു വിളിച്ചത് എന്ന് പറഞ്ഞപ്പോള്‍ ഇപ്പോള്‍ പെണ്ണാണല്ലോ സംസാരിക്കുന്നത് എന്ന് പറഞ്ഞുകൊണ്ടായിരുന്നു പിന്നീടുള്ള സംസാരം. പെണ്ണേ, പെണ്ണേ എന്ന് വിളിച്ച് വിനായകനും മറ്റൊരാളും കൂടി ചിരിക്കുന്നുമുണ്ടായിരുന്നു. പിന്നെ , നീ പറ പെണ്ണെ നിനക്കെന്താണ് വേണ്ടതെന്നാണ് വിനായകന്‍ ചോദിക്കുന്നത്.

അപ്പോള്‍ വീണ്ടും പരിപാടിയെ കുറിച്ച് പറഞ്ഞു തുടങ്ങുമ്പോള്‍ വിനായകന്‍ ചേച്ചിയുടെ അമ്മയെ പറഞ്ഞ് ലൈംഗിക ചുവയോടെ സംസാരിച്ചു. അപ്പോള്‍ ചേച്ചി അമ്മ മരിച്ചു പോയതാണെന്നും പറഞ്ഞ് തുടങ്ങുമ്പോള്‍ നിന്നെ കിട്ടിയാമതി എന്ന തരത്തിലായി അദ്ദേഹത്തിന്റെ സംസാരം. പിന്നെ തീര്‍ത്തും അശ്ലീലമായാണ് അദ്ദേഹം സംസാരിച്ചത്. അപ്പോള്‍ ചേച്ചി മാന്യമായി സംസാരിക്കണം, നടനാണെന്ന് വിചാരിച്ച് എന്തും പറയാമെന്ന് വിചാരിക്കരുത്. പരിപാടിയ്ക്ക് വരാന്‍ പറ്റില്ലെങ്കില്‍ അത് പറഞ്ഞാല്‍ മതിയെന്നും’ പറഞ്ഞു. പിന്നെയും അശ്ലീലം തുടര്‍ന്നപ്പോല്‍ ഇത് ലൈവിടുമെന്ന് ചേച്ചി പറഞ്ഞു. എന്നാ നീ ലൈവ് ചെയ്യടി എന്നു പറഞ്ഞ് വീണ്ടും ലൈംഗിക ചുവയോടെ അദ്ദേഹം പല കാര്യങ്ങള്‍ പറഞ്ഞു. ലോകത്തോട് ഞാന്‍ സിനിമാ നടന്‍ വിനായകനാണെന്ന് വിളിച്ചുപറയും എന്നുപറഞ്ഞുകൊണ്ട് പിന്നീട് പറഞ്ഞ ഭാഷയെല്ലാം തികഞ്ഞ അശ്ലീലമായിരുന്നു. പിന്നെ ഗതികെട്ട് ചേച്ചി ഫോണ്‍ കട്ട് ചെയ്തു.

വിഷയത്തില്‍ മാനേജര്‍ എന്ന് പറഞ്ഞ ഒരാളുടെ ഇടപെടല്‍

പിന്നെ അയാളുടെ മാനേജര്‍ തിരിച്ചു വിളിച്ചു. ആ കോള്‍ ഞാനാണ് എടുത്തത്. അപ്പോള്‍ മാനേജര്‍ നിങ്ങള്‍ ആരാണെന്ന് ചോദിച്ചു. അപ്പോള്‍ ഞാന്‍ കാര്യങ്ങള്‍ പറഞ്ഞു. അപ്പോള്‍ ‘നിങ്ങള്‍ എന്തുകൊണ്ട് വിനായകനെ നേരിട്ട് വിളിച്ചു, എന്നെ വിളിച്ചാല്‍ പോരായിരുന്നോ എന്ന് ചോദിച്ചു.’ എന്നാണ്. ഒരു നമ്പര്‍ കിട്ടി അപ്പോയിന്‍മെന്റ് എടുക്കാന്‍ വേണ്ടിയാണ് വിളിച്ചതെന്നും ആരാണ് ഫോണ്‍ എടുക്കുകയെന്ന് പോലും അറിയില്ലായിരുന്നെന്നും ഞാന്‍ പറഞ്ഞു. എന്നാല്‍ പോലും ഇങ്ങനെയാണോ പെരുമാറേണ്ടത് എന്ന് മാനേജരോട് ഞാന്‍ ചോദിച്ചു.

പിന്നീട് എട്ട് തവണ വിനായകന്‍ തിരിച്ചു വിളിച്ചു, അപ്പോഴും പുലഭ്യവും അശ്ലീലച്ചുവയുള്ള സംസാരവും

അപ്പോള്‍ വീണ്ടും വിനായകന് ഫോണ്‍ കൊടുക്കാം എന്ന് അദ്ദേഹം പറഞ്ഞു.  വിനായകന്‍ ഫോണ്‍ മേടിച്ച് ‘പെണ്ണെ ഞാന്‍ തമാശ പറഞ്ഞതല്ലേ പെണ്ണേ, വേറെ നല്ലതെന്തെങ്കിലും പറ’ എന്ന് പറഞ്ഞു. അപ്പോള്‍ ചേച്ചി ‘പെണ്ണിനോട് കൂടെ കിടക്കുമോ എന്ന ചോദിക്കുന്നതാണോ വിനായക തമാശ എന്നും ചോദിച്ച് മേലില്‍ ഇനി ഈ നമ്പറിലേക്ക് വിളിക്കരുതെന്ന് പറഞ്ഞ് ഫോണ്‍ കട്ട് ചെയ്തു. പക്ഷേ വീണ്ടും വിളി തുടര്‍ന്നു. പിന്നെ എട്ട് തവണയോളം ഇങ്ങോട്ട് വിളിച്ചു. പിന്നെ ഇടയ്ക്ക് ഞങ്ങള്‍ എടുത്തപ്പോഴും നീ ലെസ്ബിയന്‍ അല്ലേയെന്ന് ഒക്കെ ചോദിച്ച് അശ്ലീല പരാമര്‍ശങ്ങള്‍ തുടര്‍ന്നു. പിന്നെ വരാമെന്ന് പറഞ്ഞപ്പോള്‍ ഇനി വരണ്ടെന്ന് ഞങ്ങല്‍ തീര്‍ത്ത് പറഞ്ഞു. പിന്നെയും അദ്ദേഹം വിളിച്ചു. ഒടുവില്‍ സഹികെട്ട് ഫോണ്‍ സ്വിച്ച് ഓഫ് ചെയ്താണ് ശ്രീധന്യയുടെ വീട്ടിലേക്ക് പോയത്. ഇത്രയുമാണ് ഉണ്ടായത്.
ആ പരിപാടിയുടെ തിരക്കിലൊക്കെ ആയതിനാലും ഇതിനെതിരെ എങ്ങനെ മൂവ് ചെയ്യണമെന്ന് ആലോചിച്ചതിനാലുമാണ് പരാതി വൈകിപ്പിച്ചത്.

ഫോണിലൂടെ അശ്ലീലചുവയോടെ സംസാരിച്ചെന്ന പരാതിയില്‍  വിനായകന്‍ കുറ്റം സമ്മതിച്ചുവെന്നാണ് പൊലീസ് പറയുന്നത്. യുവതി കൈമാറിയ വോയ്‌സ് റെക്കോഡുകള്‍ തന്റേതാണെന്ന് വിനായകന്‍ സമ്മതിച്ചതായും പൊലീസ് പറയുന്നു. എന്നാല്‍ താന്‍ സംസാരിച്ചത് യുവതിയോടല്ല ആണിനോടാണെന്നും വിനായകന്‍ കഴിഞ്ഞ ദിവസം ഒരു ഓണ്‍ലൈന്‍ പോര്‍ട്ടലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്.   വിനായകന്‍ സുബോധത്തോടെയല്ല സംസാരിച്ചതെന്നാണ് ഈ കേസില്‍ ഏറ്റവും ഒടുവിലത്തെ പൊലീസ് കണ്ടെത്തല്‍.