നസ്ലനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ എത്തിയ പ്രേമലു കഴിഞ്ഞ വർഷം തിയേറ്ററുകളിൽ വൻഹിറ്റായി മാറിയ ചിത്രങ്ങളിലൊന്നാണ്. റൊമാന്റിക്ക് കോമഡി സിനിമ മലയാളികൾക്ക് പുറമെ മറ്റ് ഭാഷകളിലുളളവരും സ്വീകരിച്ചു. ഗിരീഷ് എ ഡിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രം 100 കോടിയിലധികമാണ് തിയേറ്ററുകളിൽ നിന്ന് നേടിയത്. സിനിമ ഹിറ്റായ സമയത്ത് പ്രേമലുവിന് രണ്ടാം ഭാഗം പ്രഖ്യാപിച്ചിരുന്നു . എന്നാൽ അടുത്തിടെ രണ്ടാം ഭാഗം ഉടനുണ്ടാവില്ലെന്നും അണിയറക്കാർ അറിയിച്ചു.
ഇതിന്റെ കാരണം ന്യൂ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയിരിക്കുകയാണ് നിർമാതാക്കളിൽ ഒരാളായ ദിലീഷ് പോത്തൻ. ഒപ്പം പ്രേമലുവിന് ചെലവായ ബജറ്റിനെ കുറിച്ചും അദ്ദേഹം മനസുതുറന്നു. ‘പ്രേമലു 2 എന്തായാലും ഉടനില്ലെന്നും സാങ്കേതിക പ്രശ്നങ്ങളാണ് കാരണമെന്നും ദിലീഷ് പോത്തൻ പറയുന്നു. മൂന്ന് കോടി ബജറ്റിലെടുത്ത സിനിമയല്ല പ്രേമലു. ആ ഒരു കണക്ക് തെറ്റാണ്. പത്ത് കോടിക്ക് അടുത്ത് ചെലവ് വന്നിട്ടുള്ള സിനിമയാണ്. ഉറപ്പായും എട്ടിനും പത്തിനും ഇടയിൽ കോസ്റ്റ് വന്നിട്ടുണ്ട്’, ദിലീഷ് പോത്തൻ കൂട്ടിച്ചേർത്തു.
Read more
മലയാളത്തിന് പുറമെ തമിഴ്, തെലുഗു ഭാഷകളിലും പ്രേമലു ഡബ്ബ് ചെയ്ത് പ്രദർശിപ്പിച്ചിരുന്നു. ഇവിടെയും മികച്ച സ്വീകാര്യതയാണ് ചിത്രത്തിന് ലഭിച്ചത്. സംഗീത് പ്രതാപ്, ശ്യാം മോഹൻ, അഖില ഭാർഗവൻ, അൽത്താഫ് സലിം, മീനാക്ഷി രവീന്ദ്രൻ തുടങ്ങിയവരാണ് സിനിമയിൽ മറ്റു വേഷങ്ങളിൽ എത്തിയത്. വിഷ്ണു വിജയ് ഒരുക്കിയ പാട്ടുകളും പ്രേമലുവിന്റേതായി ശ്രദ്ധിക്കപ്പെട്ടു. ദിലീഷ് പോത്തനൊപ്പം ഫഹദ് ഫാസിൽ, ശ്യാം പുഷ്കരൻ എന്നിവർ ചേർന്നായിരുന്നു സിനിമയുടെ നിർമ്മാണം.









