നയൻതാര- വിഘ്നേഷ് വിവാഹത്തിൽ പങ്കെടുക്കാൻ ദിലീപും; വീഡിയോ

നയൻതാര–വിഗ്നേഷ് ശിവൻ വിവാഹത്തിൽ പങ്കെടുക്കാൻ കേരളത്തിൽ നിന്ന് നടൻ ദീലീപ് എത്തി. ചെന്നൈയ്ക്ക് സമീപം മഹാബലിപുരത്തുള്ള റിസോർട്ടിൽ ഹൈന്ദവാചാരപ്രകാരം നടക്കുന്ന ചടങ്ങുകളിലാണ് ദീലിപും പങ്കെടുത്തു.മലയാളത്തിൽ നയൻതാരയുടെ അടുത്തസുഹൃത്തുക്കളിലൊരാളാണ് ദിലീപ്.

സൂപ്പർഹിറ്റ് ചിത്രമായ ബോഡി ഗാർഡിൽ ഇവർ ഒന്നിച്ച് അഭിനയിച്ചിരുന്നു. ജീത്തു ജോസഫ് സംവിധാനം ചെയ്ത ദീലിപ് ചിത്രം ലൈഫ് ഓഫ് ജോസൂട്ടിയിൽ അതിഥിവേഷത്തിലും നയൻതാര എത്തിയിരുന്നു. ഷാരൂഖ് ഖാൻ, രജനികാന്ത് അടക്കമുള്ള വിരവധി പ്രമുഖ താരങ്ങൾ ചടങ്ങിൽ എത്തിയിരുന്നു.

ഏഴു വർഷത്തെ പ്രണയത്തിനു ശേഷമാണ് നയൻതാരയും വിഗ്നേഷ് ശിവനും വിവാഹിതരായത്. ബംഗാൾ ഉൾക്കടലിന്റെ പശ്ചാത്തലത്തിൽ ഹിന്ദു ആചാരപ്രകാരമാണു വിവാഹം നടന്നത്. വിവാഹ ചടങ്ങ് നടക്കുന്നിടത്തേക്ക് മാധ്യമങ്ങൾക്കും പ്രവേശനമില്ല. പകരം, വ്യാഴാഴ്ച ഉച്ചയോടെ വിവാഹചിത്രങ്ങൾ പുറത്തുവിടുമെന്ന് വിഘ്‌നേഷ് ശിവൻ അറിയിച്ചു.

സിനിമാ മേഖലയിലുള്ളവരടക്കമുള്ള പ്രമുഖർക്കുവേണ്ടി സത്കാരവും നടത്തുന്നുണ്ട്. ശനിയാഴ്ച ഇരുവരും മാധ്യമങ്ങളെ കാണും.വിവാഹസത്കാരത്തിൽ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ, തമിഴിലെ സൂപ്പർ താരങ്ങളായ രജനീകാന്ത്, കമൽഹാസൻ, ചിരഞ്ജീവി, സൂര്യ, അജിത്, കാർത്തി, വിജയ് സേതുപതി, ശിവകാർത്തികേയൻ, സാമന്ത ഉൾപ്പെടെയുള്ളവർ പങ്കെടുക്കുമെന്നാണ് പുറത്തു വരുന്ന വിവരം.

വിവാഹച്ചടങ്ങുകൾ ഡോക്യുമെന്ററി പോലെ ചിത്രീകരിക്കുന്നുണ്ട്. സംവിധായകൻ ഗൗതം മേനോനാണ് ഇതിന്റെ സംവിധാനം നിർവഹിക്കുന്നതെന്നാണ് സൂചന. വിവാഹച്ചടങ്ങിന്റെ സംപ്രേഷണാവകാശം ഒ.ടി.ടി. പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്ളിക്സിനാണ്.