ചുരുളി സിനിമ വിവാദം: ജോജുവിനെതിരായ പോസ്റ്റ് പിൻവലിച്ച് ലിജോ ജോസ് പെല്ലിശ്ശേരി

ജോജു ജോർജിനെതിരായ ഫെയ്സ്ബുക്ക് പോസ്റ്റ് പിൻവലിച്ച് സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി. ചുരുളി സിനിമാ വിവാദവുമായി ബന്ധപ്പെട്ട കുറിപ്പാണ് ലിജോ പിൻവലിച്ചത്. ചുരുളി സിനിമയിൽ അഭിനയിച്ചതിന് ജോജുവിന് പ്രതിഫലം നൽകിയിട്ടുണ്ട് എന്നതായിരുന്നു പോസ്റ്റിന്റെ ഉള്ളടക്കം.

ചിത്രത്തിൽ വേഷമിട്ടതിന് പ്രതിഫലം ലഭിച്ചില്ല എന്ന ജോജുവിന്റെ ആരോപണത്തിന് മറുപടിയായാണ് ലിജോ നേരത്തേ കുറിപ്പ് പോസ്റ്റ് ചെയ്തിരുന്നത്. ജോജുവിന് കൃത്യമായി പ്രതിഫലം നൽകിയതാണെന്ന് പറയുകയും ജോജുവിന് പണം നൽകിയതിന്റെ രേഖയും ലിജോ ഫെയ്‌സ്ബുക്കിലൂടെ പുറത്തുവിടുകയും ചെയ്തിരുന്നു.

‘പ്രിയപ്പെട്ട ജോജുവിന്റെ ശ്രദ്ധയ്ക്ക്, സുഹൃത്തുക്കളായ നിർമാതാക്കൾക്കുണ്ടായ മനോവിഷമം കണക്കിലെടുത്താണ് ഈ വിശദീകരണം. എ സർട്ടിഫിക്കറ്റ് ഉള്ള സിനിമ തീയേറ്ററുകളിൽ ഇതുവരെ റിലീസ് ചെയ്തിട്ടില്ല. കമ്മിറ്റിയെ വെച്ചന്വേഷിച്ച, ഭാഷയെകുറിച്ചുള്ള ഹൈക്കോടതി വിധിയുണ്ട്. സിനിമ ചിത്രീകരണ വേളയിൽ ഞങ്ങളാരും ജോജുവിനെ തെറ്റിധരിപ്പിച്ചതായി ഓർമയില്ല. ഈ ഭാഷയെ കുറിച്ചൊക്കെ നല്ല ധാരണയുള്ളയാളാണ് തങ്കൻ ചേട്ടൻ. Nb : streaming on sony liv. ഒരവസരമുണ്ടായാൽ ഉറപ്പായും സിനിമ തീയേറ്ററുകളിൽ റിലീസ് ചെയ്യും. മൂന്ന് ദിവസത്തെ അതിഥി വേഷത്തിനായി ജോജുവിന്‌ കൊടുത്ത ശമ്പള വിവരം ചുവടെ ചേർക്കുന്നു.’ എന്നാണ് ലിജോ ജോസ് കുറിച്ചത്.

ചുരുളിയ്ക്ക് തെറിയില്ലാത്തൊരു പതിപ്പുണ്ടെന്നും എന്നാൽ തെറിയുള്ള പതിപ്പാണ് റിലീസ് ചെയ്തെന്നുമാണ് ജോജു നേരത്തെ പറഞ്ഞത്. തനിക്ക് അഭിനയിച്ചതിന് പൈസയൊന്നും കിട്ടിയിട്ടില്ല എന്നും നടൻ ദ ന്യൂ ഇന്ത്യൻ എക്‌സ്പ്രസിന്റെ എക്‌സ്പ്രസ് ഡയലോഗിൽ പറഞ്ഞിരുന്നു.

Read more