റിലീസിന്റെ രണ്ടാം ദിവസം തന്നെ സിനിമകള്‍ നിരസിക്കപ്പെടും, ഞാനതിന്റെ ഇരയാണ്: ചിരഞ്ജീവി

സിനിമയുടെ തത്വശാസ്ത്രം മാറിയെന്ന് നടന്‍ ചിരഞ്ജീവി. മോശം സിനിമകള്‍ റിലീസിന്റെ രണ്ടാം ദിവസം തന്നെ നിരസിക്കപ്പെടുമെന്നും താന്‍ അതിന്റെ ഇരയാണ് എന്നുമാണ് ചിരഞ്ജീവി പറയുന്നത്. ചിരഞ്ജീവിയും രാംചരണും ഒന്നിച്ച ആചാര്യ തിയേറ്ററില്‍ പരാജയപ്പെട്ടിരുന്നു. ചിത്രത്തിന്റെ പരാജയത്തെ കുറിച്ചാണ് താരം സംസാരിച്ചത്.

മഹാമാരിക്ക് ശേഷം, തിയേറ്ററുകളിലേക്കുള്ള ആളുകളുടെ വരവ് കുറഞ്ഞു എന്നത് സ്ഥിരമായ ആശങ്കയാണ്. എന്നാല്‍ ഇതിനര്‍ത്ഥം അവര്‍ തിയേറ്ററുകളില്‍ വരാന്‍ ആഗ്രഹിക്കുന്നില്ല എന്നല്ല. നല്ല സിനിമകളാണെങ്കില്‍ അവര്‍ തീര്‍ച്ചയായും വരും. ബിംബിസാരം, സീതാരാമം, കാര്‍ത്തികേയ 2 എന്നിവ ഇതിന് മികച്ച ഉദാഹരണങ്ങളാണ്.

തിരക്കഥയിലും നല്ല ഉള്ളടക്കത്തിലും ശ്രദ്ധ കേന്ദ്രീകരിച്ചില്ലെങ്കില്‍ പ്രേക്ഷകര്‍ സിനിമയെ തിരസ്‌കരിക്കും. സിനിമയുടെ തത്വശാസ്ത്രം തന്നെ മാറി. മോശം സിനിമകള്‍ റിലീസിന്റെ രണ്ടാം ദിവസം തന്നെ നിരസിക്കപ്പെടും. താനതിന്റെ ഇരകളിലൊരാളാണ് എന്നാണ് ചിരഞ്ജീവി പറഞ്ഞത്.

തെലുങ്ക് ചിത്രമായ ‘ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ’യുടെ പ്രീ റിലീസ് ചടങ്ങിലാണ് താരം സംസാരിച്ചത്. വംശിധര്‍ ഗൗഡും ലക്ഷ്മിനാരായണ പുട്ടംചെട്ടിയും സംവിധാനം ചെയ്ത ചിത്രമാണ് ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ.