ആ വീഡിയോ പ്രചരിപ്പിച്ചാൽ നിയമനടപടി, മുന്നറിയിപ്പുമായി ചിരഞ്ജീവി- നയൻതാര ചിത്രത്തിന്റെ നിർമ്മാതാക്കൾ

ചിരഞ്ജീവിയും നയൻതാരയും ഒരുമിക്കുന്ന എറ്റവും പുതിയ തെലു​ഗു ചിത്രത്തിന്റെ ഷൂട്ടിങ് ആലപ്പുഴയിൽ നടക്കുകയാണ്. സിനിമയുടെ ചിത്രീകരണം പുരോ​ഗമിക്കവേയാണ് ലൊക്കേഷൻ ദൃശ്യങ്ങൾ അപ്രതീക്ഷിതമായി സോഷ്യൽ മീഡിയയിൽ ലീക്കായത്. ഒരു മലയാളി വ്ലോ​ഗറാണ് നയൻതാരയും ചിരഞ്ജീവിയും ഒരുമിച്ചുളള ചില രം​ഗങ്ങൾ തന്റെ യൂടൂബ് ചാനലിലൂടെ പുറത്തുവിട്ടത്. ഇതിന് പിന്നാലെ എക്സ് ഉൾപ്പെടെയുളള സമൂഹ മാധ്യമങ്ങളിലും ഈ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചു.

സംഭവത്തിൽ നിയമനടപടിക്കൊരുങ്ങുകയാണ് തങ്ങളെന്ന് അറിയിച്ച് എത്തിയിരിക്കുകയാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ. ഷൈൻ സ്ക്രീൻസും ​ഗോൾഡ് ബോക്സ് എന്റർടെയ്ൻമെൻ‌റ്സും ചേർന്നാണ് അനിൽ രവിപുഡിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിരഞ്ജീവി നയൻതാര ചിത്രം നിർമ്മിക്കുന്നത്. മെ​ഗാ 157 എന്നാണ് സിനിമയ്ക്ക് താൽക്കാലികമായി പേരിട്ടിരിക്കുന്നത്.

സിനിമയുടേതായി ലീക്കായ ദൃശ്യങ്ങൾ പങ്കുവയ്ക്കുകയോ, അപ്ലോഡ് ചെയ്യുകയോ, പ്രചരിപ്പിക്കുകയോ ചെയ്യുന്ന വ്യക്തികൾക്കും പ്ലാറ്റ്ഫോമുകൾക്കും എതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്നാണ് നിർമ്മാതാക്കൾ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.