മോഹൻലാലിനെ മോഡലാക്കി നടനും സംവിധായകനുമായ പ്രകാശ് വർമ്മ ഒരുക്കിയ പരസ്യചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. സ്ത്രൈണ ഭാവത്തിൽ ലാലേട്ടൻ എത്തിയ പരസ്യത്തിന് മികച്ച സ്വീകാര്യതയാണ് സമൂഹ മാധ്യമങ്ങളിൽ ലഭിച്ചത്. വിൻസ്മേര ജുവൽസിന്റെ പരസ്യചിത്രത്തിന് വേണ്ടിയാണ് മോഹൻലാലും പ്രകാശ് വർമ്മയും ഒന്നിച്ചത്. പരസ്യത്തിന്റെ അവസാന ഭാഗത്ത് സ്ത്രൈണ ഭാവത്തിൽ എത്തി ആരാധകരെ ഞെട്ടിക്കുകയായിരുന്നു സൂപ്പർതാരം. ഇതിന് പിന്നാലെ നിരവധി പേരാണ് താരത്തെ പ്രശംസിച്ച് സോഷ്യൽ മീഡിയയിൽ കമന്റിട്ടത്. പരസ്യവീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച് നടി ഖുശ്ബു സുന്ദറും രംഗത്തെത്തിയിരുന്നു.
എന്തൊരു മനോഹരമായ പരസ്യമാണ് ഇതെന്നാണ് ഖുശ്ബു കുറിച്ചത്. മോഹൻലാൽ സർ തകർത്തുവെന്നും. നിങ്ങൾക്ക് മാത്രമേ ഇത്തരമൊരു ആശയത്തോട് നീതി പുലർത്താൻ കഴിയൂ എന്നും ഖുശ്ബു തന്റെ ഇൻസ്റ്റ സ്റ്റോറിയിൽ പറയുന്നു. “എന്തൊരു മനോഹരമായ പരസ്യമാണിത്, ഇത് ചെയ്യാൻ ചെറിയ ധൈര്യമൊന്നും പോര. നമ്മുടെ പവർഹൗസ് ആയ ലാലേട്ടൻ ഇത് എത്ര ധൈര്യത്തോടെയാണ് ചെയ്തത്. ഓരോ പുരുഷനിലും ഉളള സ്വാഭാവികമായ സ്ത്രൈണതയെ അംഗീകരിക്കുകയും അത് വളരെ മനോഹരമായി പുറത്തുകൊണ്ടുവരികയും ചെയ്തിരിക്കുകയാണ്”.
Read more
“ജെൻഡർ എന്ന വിഷയത്തിന് ഏറെ സ്വീകാര്യതയും പ്രാധാന്യവും കൊടുത്തുകൊണ്ട് വളരെ സൂക്ഷ്മതയോടെയും കരുതലോടെയുമാണ് ഈ പരസ്യചിത്രം ചെയ്തിരിക്കുന്നത്. ഏറെ ചിന്തനീയമായ ഈ ആശയം മുന്നോട്ടുവച്ചതിന് പ്രകാശ് വർമ്മയ്ക്കും സംഘത്തിനും അഭിനന്ദനങ്ങൾ, മോഹൻലാൽ സർ നിങ്ങൾ തകർത്തു. നിങ്ങൾക്ക് മാത്രമേ ഇത്തരമൊരു ആശയത്തോട് നീതി പുലർത്താൻ കഴിയൂ. നിങ്ങളെ ഓർത്ത് വളരെ അഭിമാനമുണ്ട്”, ഖുശ്ബു കുറിച്ചു.