ഞാൻ ആരെയും റേപ്പ് ചെയ്തിട്ടില്ല, കളളങ്ങൾ പറഞ്ഞ് ഉപദ്രവിക്കരുത്, കുടുംബത്തെ വെറുതെ വിടണമെന്ന് ബാല

മുൻ പങ്കാളി എലിസബത്ത് ഉദയന്റെ വെളിപ്പെടുത്തലിന് പിന്നാലെ പ്രതികരണവുമായി നടൻ ബാല. താൻ മരിച്ചാൽ അതിന് ഉത്തരവാദികൾ‌ മുൻ ഭർത്താവും അയാളുടെ കുടുംബവും ആയിരിക്കുമെന്ന് ആരോപിച്ചായിരുന്നു എലിസബത്ത് നേരത്തെ രംഗത്തെത്തിയത്. മൂക്കിൽ ട്യൂബ് ഘടിപ്പിച്ച നിലയിലുളള വീഡിയോയിലാണ് എലിസബത്ത് ആരോപണം ഉന്നയിച്ചത്. ഇതിന് പിന്നാലെ കളളങ്ങൾ പറഞ്ഞ് തന്നെയും കുടുംബത്തെയും ഉപദ്രവിക്കരുതെന്ന് അഭ്യർത്ഥിച്ച് രം​ഗത്തെത്തുകയായിരുന്നു ബാല. താൻ ആരെയും റേപ്പ് ചെയ്തിട്ടില്ലെന്നും തന്നെ കുറിച്ച് ആളുകൾ തെറ്റിദ്ധാരണ പരത്തുന്നുണ്ടെന്നും അതിൽ വേദനയുണ്ടെന്നും ഫേസ്ബുക്കിൽ പങ്കുവച്ച പുതിയ വീഡിയോയിൽ ബാല പറഞ്ഞു.

“എന്നെ കുറിച്ച് ഒരുപാട് തെറ്റിധാരണകൾ ആളുകൾ ഉണ്ടാക്കുന്നുണ്ട്. മനസിൽ വേദനയുണ്ട്. കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയ കഴിഞ്ഞിരിക്കുകയാണ് ഞാൻ. കഴിഞ്ഞ ആഴ്ച പോലും ആശുപത്രിയിൽ ഉണ്ടായിരുന്നു. കുഴപ്പമില്ല. ജീവിതത്തിൽ ഫൈറ്റ് ചെയ്ത് മുന്നോട്ടുപോവുകയാണ്. എനിക്ക് കിട്ടാത്ത കുടുംബജീവിതം 41ാം വയസിൽ എനിക്ക് കിട്ടി. ഭാര്യ കോകില എന്നെ നന്നായി നോക്കുന്നുണ്ട്. എന്തിന് അതിൽ അസ്വസ്ഥതയുണ്ടാക്കണം. സത്യമായും ഞാനോ എന്റെ കുടുംബമോ ആരെയും ഉപദ്രവിച്ചിട്ടില്ല. ഒരിക്കലും അങ്ങനെ ചെയ്യുന്ന ആളുകളല്ല. അതിന്റെ ആവശ്യവും ഞങ്ങൾക്കില്ല”, ബാല പറയുന്നു.

Read more

അവർക്ക് മെഡിക്കൽ അറ്റൻഷൻ വേണം. മീഡിയ അറ്റൻഷനല്ല എന്ന് ഞാൻ ആദ്യം മുതലേ പറയുന്നതാണെന്ന് എലിസബത്തിന്റെ പേര് പറയാതെ ബാല വീഡിയോയിൽ പറഞ്ഞു. “ഇല്ലാത്ത കാര്യങ്ങൾ ഉണ്ടാക്കി പറയുമ്പോൾ‌ മാധ്യമങ്ങളിൽ വാർത്ത വരുന്നുണ്ട്. അവരെ സ്വന്തം കുടുംബം പോലും നോക്കുന്നില്ല. അതിന്റെ വിഷമം എനിക്കുമുണ്ട്. ഇതിനെ കുറിച്ച് ഞാൻ സംസാരിക്കുകയേയില്ലെന്ന് നാലു മാസം മുൻപ് ഞാൻ പറഞ്ഞു. അതുകൊണ്ടാണ് ഞാൻ കോടതിയിൽ പോയത്. തുടർച്ചയായി എന്നെയും കോകിലയേയും കുടുംബത്തേയും ഉപദ്രവിക്കുകയാണ്. ഞാൻ ആരെയും റേപ്പ് ചെയ്തിട്ടില്ല. ദൈവം സത്യമായും ഞാൻ ആരെയും ചെയ്തിട്ടില്ല. ഇതെല്ലാം എന്തിന് വേണ്ടിയാണെന്ന് കാണുന്നവർക്ക് മനസിലാകും. ദയവുചെയ്ത് ഞങ്ങളുടെ കുടുംബത്തെ വിട്ടേക്ക്. കളളങ്ങൾ പറഞ്ഞ് ഉപദ്രവിക്കരുത്. ബാല കളളനല്ല. ഞങ്ങളുടെ കുടുംബം മോശക്കാരല്ല. ഭാര്യ കോകിലയെ  ചേർത്തുനിർത്തി നടൻ വീഡിയോയിൽ പറഞ്ഞു.