ചരിത്രം സൃഷ്ടിക്കാന്‍ രാജ്യത്തെ ആദ്യ മലയാള ഓഡിയോ സിനിമ; 'ബ്ലൈന്‍ഡ് ഫോള്‍ഡ്' വരുന്നു

ലോക സിനിമാ ചരിത്രത്തില്‍ തന്നെ ആദ്യമായി അന്ധനായ വ്യക്തിയുടെ കാഴ്ചപ്പാടിലൂടെ കഥ പറയുന്ന മലയാള ഓഡിയോ സിനിമ വരുന്നു. ‘ബ്ലൈന്‍ഡ് ഫോള്‍ഡ്’ എന്ന് പേരിട്ട ചിത്രം ക്രിയേറ്റിവ് ഡിസൈനറും ചലച്ചിത്രകാരനുമായ ബിനോയ് കാരമെന്‍ ആണ് സംവിധാനം ചെയ്യുന്നത്.

പരമ്പരാഗതമായ ചലച്ചിത്ര നിര്‍മ്മാണ രീതികളില്‍ നിന്ന് വിഭിന്നമായി ശബ്ദ സാങ്കേതിക വിദ്യകളുടെ നൂതനമായ സഹായത്തോടെയാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്. അന്ധനായ കേന്ദ്ര കഥാപാത്രം ഒരു കൊലപാതകത്തിന്റെ സാക്ഷിയാവുകയും പിന്നീട് സംഭവിക്കുന്ന ഉദ്യോഗജനകമായ സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ കാതല്‍.

ദൃശ്യങ്ങള്‍ ഇല്ലാതെ ശബ്ദം കൊണ്ട് മാത്രം പ്രേക്ഷകനെ നയിക്കുന്ന ചിത്രമാണിത്. ഏതൊരു സാധാരണ സിനിമയും ആസ്വദിക്കുന്നത് പോലെ ‘ബ്ലൈന്‍ഡ് ഫോള്‍ഡും’ തിയേറ്ററില്‍ പ്രേക്ഷകര്‍ക്ക് ആസ്വദിക്കാന്‍ കഴിയും എന്നാണ് സംവിധായകന്‍ ബിനോയ് കാരമെന്‍ പറയുന്നത്.

കഴിഞ്ഞ 11 വര്‍ഷത്തെ ഗവേഷണവും ചിന്തകളും ഈ ചിത്രത്തിന്റെ പിന്നിലുണ്ട്. ശബ്ദമിശ്രണത്തിലൂടെയും സംഗീതത്തിലൂടെയും സംഭാഷണത്തിലൂടെയും മാത്രം ഒരു സിനിമയെ മികച്ച അനുഭവമാക്കുക എന്നതാണ് ലക്ഷ്യം. കോഴിക്കോട് നഗരത്തിലെ അന്ധനായ ലോട്ടറി വില്‍പനക്കാരന്‍ രാജന്റെ വീക്ഷണത്തില്‍ നിന്നാണ് സിനിമയുടെ കഥ പുരോഗമിക്കുന്നത് എന്നാണ് സംവിധായകന്‍ വ്യക്തമാക്കുന്നത്.

ഇന്റലക്ച്വല്‍ മങ്കി പ്രൊഡക്ഷനും ലക്ഷ്വറി അപ്പാരല്‍ ബ്രാന്‍ഡായ ക്ലുമും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. സിനിമയുടെ സിങ്ക് സൗണ്ടും, സൗണ്ട് ഡിസൈനിങ്ങും അജില്‍ കുര്യന്‍, കൃഷ്ണന്‍ ഉണ്ണി എന്നിവര്‍ ചേര്‍ന്നാണ് നിര്‍വ്വഹിച്ചിരിക്കുന്നത്.