'മമ്മൂട്ടിക്ക് മേക്കപ്പ് ചെയ്ത് പൊന്തന്‍മാട ആവാം.. പാര്‍വതിക്ക് പറ്റില്ല... അല്ലേ...'; വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ

ഉറൂബിന്റെ “രാച്ചിയമ്മ” എന്ന നോവല്‍ സിനിമയാകുമ്പോള്‍ നടി പാര്‍വതി പ്രധാന വേഷത്തില്‍ എത്തുന്നതിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. കഴിഞ്ഞ ദിവസം സംവിധായകന്‍ ബിജുകുമാര്‍ ദാമോദരനും പാര്‍വതിയെ നായികയാക്കിയതില്‍ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. കറുത്ത നായികയെ അവതരിപ്പിക്കാന്‍ വെളുത്ത നായികയെ കറുത്ത പെയിന്റടിച്ച് ഫാന്‍സി ഡ്രസ് നടത്തുന്ന കാലത്തു നിന്നും മലയാള സിനിമയ്ക്ക് ഒരു മാറ്റവും സംഭവിച്ചിട്ടില്ലെന്ന് ആയിരുന്നു ബിജുകുമാര്‍ ദാമോദരന്റെ വിമര്‍ശനം.

എന്നാല്‍ സംവിധായകന്റെ പോസ്റ്റിനെ വിമര്‍ശിച്ച് സോഷ്യല്‍ മീഡിയ. “”മമ്മൂട്ടിക്ക് മേക്കപ്പ് ചെയ്ത് പൊന്തന്‍മാട ആവാം.. പാവം നടിക്ക് പറ്റില്ല… എന്താല്ലേ..”” എന്നായിരുന്നു ഒരാളുടെ കമന്റ്. “”26 വര്‍ഷം മുന്‍പത്തെ സാമൂഹ്യ രാഷ്ട്രീയ ചുറ്റുപാടുകള്‍ അല്ല ഇന്നത്തേത് എന്ന മിനിമം ബോധ്യം ഉണ്ടെങ്കില്‍ ആ പൊന്തന്മാട ഉദാഹരണ താത്വികം ഉന്നയിക്കില്ല..”” എന്നായിരുന്നു സംവിധായകന്റെ മറുപടി.

“”ലോഹിതദാസ് സിനിമ കന്മദം മഞ്ജു വാര്യര്‍ കറുത്ത പെയിന്റിംഗ്”” എന്നാണ് മറ്റൊരു കമന്റ്. “”കന്മദം ഒക്കെ ഉണ്ടായത് 1998 ല്‍ ആണ് 20 വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ സമൂഹവും രാഷ്ട്രീയ ബോധ്യങ്ങളും നിറത്തിന്റെ രാഷ്ട്രീയവും ഒക്കെ ഒട്ടേറെ മാറി കഴിഞ്ഞു..ഇപ്പഴും 20 വര്‍ഷം മുമ്പിലത്തെ ഉദാഹരണങ്ങള്‍ കൊണ്ട് ഇരിക്കരുത്””എന്ന മറുപടിയാണ് ബിജുകുമാര്‍ ദാമോദരന്‍ നല്‍കുന്നത്.