‘ഉണ്ട’യുടെ ടീസര്‍ ഇന്നെത്തും; റിലീസ് ചെയ്യുന്നത് ‘ബിഗ് എംസ്’

ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രം ‘ഉണ്ട’യുടെ ടീസര്‍ ഇന്നെത്തും. വൈകിട്ട് ഏഴു മണിയ്ക്കാണ് ടീസര്‍ റിലീസ് ചെയ്യുക. നടന്‍ മോഹന്‍ലാലും മമ്മൂട്ടിയുമാണ് ടീസര്‍ റിലീസ് ചെയ്യുക. ഇരുവരുടെയും ഒഫീഷ്യല്‍ ഫെയ്‌സ്ബുക്ക് പേജിലൂടെ ടീസര്‍ റിലീസ് ചെയ്യപ്പെടും. നിരവധി പൊലീസ് വേഷങ്ങളിലൂടെ പ്രേക്ഷകരെ അത്ഭുതപ്പെടുത്തിയിട്ടുള്ള മമ്മൂട്ടിയുടെ വ്യത്യസ്തമായൊരും പൊലീസ് ഭാവമാണ് ‘ഉണ്ട’യിലൂടെ ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

സബ് ഇന്‍സ്‌പെക്ടര്‍ മണികണ്ഠന്‍ സി.പി എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി ചിത്രത്തില്‍ അവതരിപ്പിക്കുക. അനുരാഗ കരിക്കിന്‍വെള്ളത്തിനു ശേഷം ഖാലിദ് റഹമാന്‍ സംവിധാനം ചെയ്യുന്ന ചിത്രം ഛത്തീസ്ഗഢിലേക്ക് തിരഞ്ഞെടുപ്പ് ജോലിക്ക് പോകുന്ന മലയാളി പൊലീസ് സംഘത്തിന്റെ കഥയാണ് പറയുന്നത്. ഹര്‍ഷാദാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ആക്ഷനും ഹാസ്യത്തിനും തുല്യ പ്രാധാന്യമുള്ള ചിത്രമാവും ഉണ്ട.

സജിത് പുരുഷനാണ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. പ്രശാന്ത് പിള്ളയാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. ബോളിവുഡില്‍ നിന്നും ഷാം കൗശലാണ് സംഘട്ടന രംഗങ്ങള്‍ ചിട്ടപ്പെടുത്തുക. ജെമിനി സ്റ്റുഡിയോക്കൊപ്പം മൂവി മില്ലിലെ കൃഷ്ണന്‍ സേതുകുമാറാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഷൈന്‍ ടോം ചാക്കോ, ജേക്കബ് ഗ്രിഗറി, സുധി കോപ്പ, ദിലീഷ് പോത്തന്‍, അലന്‍സിയര്‍, അര്‍ജുന്‍ അശോകന്‍, ലുക്മാന്‍ തുടങ്ങിയവര്‍ ചിത്രത്തിലുണ്ട്. ചിത്രം ഈദ് റിലീസായി തിയേറ്ററുകളിലെത്തും.