'മൈക്കിള്‍ കളത്തില്‍ ഇറങ്ങുന്നു', മാസ് ലുക്കില്‍ മമ്മൂട്ടി; 'ഭീഷ്മ പര്‍വ്വം' റിലീസ് തിയതി പ്രഖ്യാപിച്ചു

മമ്മൂട്ടി-അമല്‍ നീരദ് കോംമ്പോയില്‍ ഒരുങ്ങുന്ന ‘ഭീഷ്മ പര്‍വ്വം’ ചിത്രത്തിന്റെ റിലീസ് തിയതി പുറത്ത്. മാര്‍ച്ച് 3ന് ചിത്രം തിയേറ്ററുകളില്‍ എത്തും. ചിത്രത്തിന്റെ ടീസര്‍ നാളെ റിലീസ് ചെയ്യുമെന്നും അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. മൈക്കിള്‍ എന്ന കഥാപാത്രമായാണ് മമ്മൂട്ടി ചിത്രത്തില്‍ എത്തുന്നത്.

ഗ്യാങ്സ്റ്റര്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രമാണ് ഭീഷ്മ പര്‍വ്വം. മമ്മൂട്ടിയെ നായകനാക്കി അമല്‍ നീരദ് നേരത്തെ പ്രഖ്യാപിച്ചിരുന്ന ബിഗ് ബിയുടെ തുടര്‍ച്ചയായ ‘ബിലാല്‍’ കഴിഞ്ഞ വര്‍ഷം ചിത്രീകരണം നടക്കേണ്ട ചിത്രമായിരുന്നു. എന്നാല്‍ ലോക്ഡൗണിനെ തുടര്‍ന്ന് മാറ്റി വയ്ക്കുകയായിരുന്നു.

അതേസമയം, വന്‍ താരനിരയാണ് ഭീഷ്മപര്‍വ്വത്തില്‍ അണിനിരക്കുന്നത്. തബു, ഫര്‍ഹാന്‍ ഫാസില്‍, ഷൈന്‍ ടോം ചാക്കോ, സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ദിലീഷ് പോത്തന്‍, അബു സലിം, പദ്മരാജ് രതീഷ്, ഷെബിന്‍ ബെന്‍സണ്‍, ലെന, ശ്രിന്ദ, ജിനു ജോസഫ്, വീണ നന്ദകുമാര്‍, ഹരീഷ് പേരടി, അനസൂയ ഭരദ്വാജ്, നാദിയ മൊയ്തു, മാല പാര്‍വതി എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു.

ആനന്ദ് സി ചന്ദ്രന ആണ് ഛായാഗ്രഹണം. സുഷിന്‍ ശ്യാം സംഗീതം ഒരുക്കുന്നു. അമല്‍ നീരദും ദേവ്ദത്ത് ഷാജിയും ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. ദേവദത്ത് ഷാജി, രവി ശങ്കര്‍, ആര്‍.ജെ. മുരുകന്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ. അമല്‍ നീരദ് പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്.