ബേസിൽ ജോസഫ്-ദർശന രാജേന്ദ്രൻ കൂട്ടുകെട്ടിൽ ഇറങ്ങിയ ജയ ജയ ജയ ജയ ഹേ മലയാളത്തിൽ വൻവിജയം നേടിയ ചിത്രമാണ്. വിപിൻ ദാസിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ സിനിമ മറ്റ് ഭാഷകളിലെ പ്രേക്ഷകരും ഏറ്റെടുത്തു. ഇപ്പോഴിതാ ഹിറ്റ് ചിത്രത്തിന് തെലുഗുവിൽ റീമേക്ക് സിനിമ വരികയാണ്. ചിത്രത്തിന്റെ പേര് ഔദ്യോഗികമായി പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാർ. ഓം ശാന്തി ശാന്തി ശാന്തിഹി എന്നാണ് തെലുഗു ചിത്രത്തിന്റെ പേര്. ഓഗസ്റ്റ് ഒന്നിനാണ് റീമേക്ക് ചിത്രം തിയേറ്ററുകളിലേക്ക് എത്തുന്നത്.
എആർ സജീവ് സംവിധാനം ചെയ്യുന്ന സിനിമയിൽ തരുൺ ഭാസ്കറാണ് നായകൻ. ഈഷ റബ്ബ നായികയായി എത്തുന്നു. എസ് ഒറിജിനൽസും മൂവി വേഴ്സ് സ്റ്റുഡിയോസും ചേർന്നാണ് സിനിമയുടെ നിർമ്മാണം. അതേസമയം പ്രേക്ഷക നിരൂപക പ്രശംസകൾ ഒരേപോലെ നേടിയെടുത്ത ചിത്രമായിരുന്നു ജയ ജയ ജയ ജയ ഹേ. ബേസിലിനും ദർശനയ്ക്കും പുറമെ അസീസ് നെടുമങ്ങാട്, സുധീർ പരവൂർ, മഞ്‍ജു പിള്ള, ശരത് സഭ, ഹരീഷ് പെങ്ങൻ, അജു വർഗീസ് തുടങ്ങിയവരും സിനിമയിൽ പ്രധാന വേഷങ്ങളിൽ എത്തി.
Read more
ചിയേഴ്‍സ് എന്റർടെയ്‍ൻമെന്റിന്റെ ബാനറിൽ ലക്ഷ്‍മി മേനോൻ, ഗണേഷ് മേനോൻ എന്നിവരാണ് ചിത്രം നിർമിച്ചത്. അങ്കിത് മേനോൻ സംഗീത സംവിധാനം നിർവഹിച്ചു. വിനായക് ശശികുമാർ വരികൾ എഴുതി. ബാബ്‍ലു അജു- ഛായാഗ്രഹണം. നിരവധി ബോളിവുഡ് ചിത്രങ്ങളിൽ പ്രവർത്തിച്ച സ്റ്റണ്ട് മാസ്റ്റർ ഫെലിക്സ് ഫുകുയോഷി റുവേ ആണ് സംഘട്ടന രംഗങ്ങൾ ഒരുക്കിയത്. കല – ബാബു പിള്ള, ചമയം – സുധി സുരേന്ദ്രൻ, വസ്ത്രലങ്കാരം – അശ്വതി ജയകുമാർ, മുഖ്യ സഹ സംവിധാനം – അനീവ് സുരേന്ദ്രൻ, ധനകാര്യം – അഗ്നിവേഷ്, നിശ്ചല ചായാഗ്രഹണം- ശ്രീക്കുട്ടൻ എന്നിവരുമാണ്.









