നസീർ സാറിനെ കുറിച്ച് ഞാൻ അങ്ങനെ പറഞ്ഞിട്ടില്ല, ഇവന് ഭ്രാന്താണ്, ജനങ്ങൾ കല്ലെറിയും, ടിനി ടോമിനെതിരെ മണിയൻപിളള രാജു

മലയാള സിനിമയിലെ നിത്യഹരിത നായകൻ പ്രേം നസീറിനെ കുറിച്ച് നടൻ ടിനി ടോം നടത്തിയ അപകീർത്തിപരമായ പരാമർശങ്ങൾ സോഷ്യൽ‌ മീഡിയയിൽ ചർച്ചയായിരുന്നു. അവസാനകാലത്ത് സിനിമയിൽ അവസരം കുറഞ്ഞതില്‍ വിഷമിച്ചായിരുന്നു നസീര്‍ സാർ മരിച്ചതെന്നായിരുന്നു ടിനി പറഞ്ഞത്. സിനിമകൾ ഇല്ലാതായതോടെ അദ്ദേഹം എല്ലാ ദിവസവും മേക്കപ്പിട്ട് വീട്ടിൽ നിന്നിറങ്ങി അടൂർ ഭാസിയുടെയും ബഹദൂറിന്റെയും വീട്ടിൽ പോയി കരയുമായിരുന്നു എന്നും ടിനി ടോം പറഞ്ഞു. ഒരു അഭിമുഖത്തിൽ ആയിരുന്നു ടിനിയുടെ പരാമർശം. എന്നാൽ ഇത് വിവാദമായതോടെ നിരവധി പേരാണ് നടനെതിരെ രംഗത്തെത്തിയത്. തുടർന്ന് മാപ്പ് പറഞ്ഞ് ടിനി ടോം എത്തുകയും ചെയ്തിരുന്നു.

ഇക്കാര്യം തന്നോട് പറഞ്ഞത് നടനും നിർമാതാവുമായ മണിയൻപിള്ള രാജു ആണെന്നും ടിനി പറഞ്ഞു. ഇതിന് പിന്നാലെ ടിനിക്കെതിരെ പ്രതികരിച്ച് എത്തിയിരിക്കുകയാണ് മണിയൻപിള്ള രാജു. സംവിധായകൻ ആലപ്പി അഷ്റഫുമായുള്ള ഫോൺ സംഭാഷണത്തിലാണ് അദ്ദേഹം പ്രതികരിച്ചത്. ഞാൻ അങ്ങനെ നസീർ സാറിനെ കുറിച്ച് പറഞ്ഞിട്ടില്ലെന്നും മുൻപും മണ്ടത്തരങ്ങൾ പറഞ്ഞ് ടിനി വിവാദങ്ങളിൽ അകപ്പെട്ടിട്ടുണ്ടെന്നും മണിയൻപിള്ള രാജു പറഞ്ഞു. നസീർ സാറിനെ ആരാധിക്കുന്ന ജനങ്ങളുണ്ടെന്നും അവൻ ടിനിയെ കല്ലെറിയുമെന്നും നടൻ കൂട്ടിച്ചേർത്തു.

‘ഒരിക്കലും ഇല്ല. ഒരിക്കലും ഞാൻ അങ്ങനെ പറഞ്ഞിട്ടില്ല. ഇവനൊന്നും നസീർ സാറിനെ കണ്ടിട്ട് പോലുമില്ല. ഞാൻ അദ്ദേഹത്തോടൊപ്പം പത്തോ പതിനഞ്ചോ പടങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ഇത്രയും ദൈവ തുല്യനായൊരു മനുഷ്യനെ അതിന് മുൻപോ ശേഷമോ ഞാൻ കണ്ടിട്ടില്ലെന്ന് പല അഭിമുഖങ്ങളിലും ഞാൻ പറഞ്ഞിട്ടുണ്ട്. മുൻപും മണ്ടത്തരങ്ങൾ പറഞ്ഞ് ടിനി ടോം വിവാദങ്ങളിൽ അകപ്പെട്ടിട്ടുണ്ട്. എന്തിന് ഇത്രയും മഹാനായൊരു മനുഷ്യനെ കുറിച്ച് ഇത്തരം പരാമർശം നടത്തുന്നത്’, മണിയൻപിള്ള രാജു ചോദിച്ചു.

Read more

‘ഇവന് ഭ്രാന്താണ്. ഏറ്റവും കൂടുതൽ സിനിമകൾ അഭിനയിക്കുകയും നായകനാകുകയും ഒക്കെ ചെയ്ത ആളാണ് നസീർ സാർ. അദ്ദേഹത്തെ ആരാധിക്കുന്ന ജനങ്ങളുണ്ട് ഇവിടെ. അവരെല്ലാം ടിനിയെ കല്ലെറിയും. ടിനി മാപ്പ് പറയണം. ആരൊക്കെയോ കേസ് കൊടുത്തെന്ന് അറിയുന്നുണ്ട്’, മണിയൻപിള്ള രാജു ആലപ്പി അഷ്റഫുമായുള്ള സംസാരത്തിൽ പറഞ്ഞു.