തെലുങ്കിലെന്ന പോലെ മലയാളത്തിലും നിരവധി ആരാധകരുളള സൂപ്പർതാരമാണ് ബാലകൃഷ്ണ. ബാലയ്യയുടെ മാസ് ചിത്രങ്ങൾ കേരളത്തിലും ശ്രദ്ധിക്കപ്പെടാറുണ്ട്. ബാലയ്യ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ‘അഖണ്ഡ 2വിനായുളള കാത്തിരിപ്പിലാണ് ആരാധകർ. 2021 ൽ പുറത്തിറങ്ങിയ ‘അഖണ്ഡ’യുടെ രണ്ടാം ഭാഗമാണിത്. മാസ് മസാല ചിത്രത്തിന്റേതായി നേരത്തെ പുറത്തിറങ്ങിയ ടീസർ ബാലയ്യ ആരാധകർ ഏറ്റെടുത്തിരുന്നു. ബോയപതി ശ്രീനുവാണ് സിനിമ സംവിധാനം ചെയ്യുന്നത്.
സെപ്റ്റംബറിലായിരുന്നു അഖണ്ഡ 2വിന്റെ റിലീസ് നിശ്ചയിച്ചിരുന്നത്. എന്നാൽ ഇപ്പോൾ സിനിമയുടെ റിലീസ് മാറ്റിവച്ചതായാണ് വിവരം. സെപ്റ്റംബർ 25ന് തന്നെയാണ് പവൻ കല്യാൺ ചിത്രം ഒജിയുടെ റിലീസ്. ഇതിനാൽ ബാലയ്യ സിനിമയുടെ റിലീസ് നീട്ടിയെന്നാണ് പുതിയ റിപ്പോർട്ടുകൾ. ബാലകൃഷ്ണയെ പോലെ തന്നെ തെലുങ്കിൽ വലിയ ആരാധകവൃന്ദമുളള താരമാണ് പവൻ കല്യാൺ. ആയതിനാൽ ക്ലാഷ് റിലീസ് വച്ചാൽ ഇരുതാരങ്ങളുടെയും ചിത്രങ്ങൾക്ക് അത് തിരിച്ചടിയായി മാറും.
Read more
അഖണ്ഡ 2 ഇനി ഡിസംബറിലോ പൊങ്കൽ റിലീസായി ജനുവരിയിലോ പുറത്തിറങ്ങുമെന്നാണ് വിവരം. ബിഗ് ബജറ്റിൽ ഒരുങ്ങുന്ന അഖണ്ഡ 2വിൽ ഇരട്ട വേഷത്തിലാണ് ബാലയ്യ എത്തുന്നത്. സിനിമയുടെ ടീസറിലെ ഒരു രംഗം വലിയ തോതിൽ ട്രോൾ ഏറ്റുവാങ്ങിയിരുന്നു. ടീസറിൽ ബാലയ്യയുടെ കഥാപാത്രം തന്റെ കയ്യിലുള്ള ശൂലം ഉപയോഗിച്ച് വില്ലന്മാരെ കറക്കി കൊല്ലുന്നതും അവരെയെല്ലാം അതുപയോഗിച്ച് പൊക്കി എടുക്കുന്നതുമാണ് ട്രോളിന് ഇരയായത്.