ഷൂട്ടിങ്ങിനിടെ സ്റ്റണ്ട്മാൻ മരിച്ച സംഭവം; സംവിധായകൻ പാ രഞ്ജിത്ത് ഉൾ‌പ്പെടെ നാല് പേർക്കെതിരെ കേസെടുത്ത് പൊലീസ്

സിനിമാചിത്രീകരണത്തിനിടെ സംഘട്ടന കലാകാരൻ എസ് എം രാജുവിന് സംഭവിച്ച അപകട മരണത്തിൽ സംവിധായകൻ പാ രഞ്ജിത്തിനെതിരെ കേസെടുത്ത് പൊലീസ്. പാ രഞ്ജിത്തിന് പുറമെ സംഘടന സംവിധായകൻ വിനോദ്, നീലം പ്രൊഡക്ഷൻസിന്‌റെ മാനേജർ രാജ്കമൽ, കാർ ഉടമ പ്രഭാകരൻ എന്നിവർക്കെതിരെയാണ് തമിഴ്നാട് കീഴൈയൂർ പൊലീസ് കേസെടുത്തിരിക്കുന്നത്. ആര്യയെ നായകനാക്കി പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന വേട്ടുവം എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് സാഹസികമായി കാർ ചാടിക്കുന്നതിനിടെ എസ് എം രാജു അപകടത്തിൽപ്പെട്ടത്. തുടർന്ന് രാജുവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞിരുന്നില്ല.

സംഭവത്തിൽ 194ാം വകുപ്പ് പ്രകാരം അസ്വാഭാവിക മരണത്തിനായിരുന്നു നേരത്തെ കേസ് രജിസ്റ്റർ ചെയ്തിരുന്നത്. എന്നാൽ രാജുവിന്റെ പോസ്റ്റ്മോർട്ടത്തിന് പിന്നാലെ ബിഎൻഎസിന്റെ 289, 125, 106(1) വകുപ്പുകൾ ചേർത്ത് കേസ് പുതുക്കുകയായിരുന്നു. അതേസമയം ഷൂട്ടിങ്ങിന് നേരത്തെ സിനിമാസംഘം അനുമതി വാങ്ങിയിരുന്നതായും പൊലീസ് സുരക്ഷ ആവശ്യപ്പെട്ടിരുന്നതായും നാ​ഗപട്ടണം എസ്പി എസ് ശെൽവകുമാർ പറഞ്ഞു. എന്നാൽ‌ സംഘട്ടനരം​ഗത്തിന്റെ ചിത്രീകരണം തങ്ങളെ അറിയിച്ചിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read more

വാഹനം ഉയർന്നുചാടി എത്തുന്ന രം​ഗം ചിത്രീകരിക്കുന്നതിനിടെ ചെരിച്ചുവച്ച മരപ്പാളികളിലൂടെ എസ്യുവി ഓടിച്ചുകയറ്റിയപ്പോഴാണ് അപകടമുണ്ടായത്. രാജു ഓടിച്ച കാർ ആകാശത്തേക്ക് ഉയർന്ന് തകിടം മറിഞ്ഞ് തലകീഴായി നിലംപതിക്കുകയായിരുന്നു.