ട്രാന്‍സില്‍ ഒളിച്ചു വെയ്ക്കേണ്ട ഒരു സസ്‌പെന്‍സുമില്ല: അന്‍വര്‍ റഷീദ്

ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രം ട്രാന്‍സ് ഫെബ്രുവരി 20 ന് തിയേറ്ററുകളിലെത്തുകയാണ്. ചിത്രത്തിന്റേതായി പുറത്തുവന്ന വീഡിയോകളും പോസ്റ്ററുകളുമൊക്കെ പ്രേക്ഷകരുടെ ആവേശം ഇരട്ടിയാക്കിയിരിക്കുകയാണ്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ച് സംവിധായകന്‍ അന്‍വര്‍ റഷീദ് പറയുന്നതിങ്ങനെ.

ട്രാന്‍സില്‍ ഒളിച്ചുവെയ്ക്കേണ്ട ഒരു സസ്‌പെന്‍സുമില്ല. ഒരു സിനിമയിറങ്ങും മുമ്പ് അതിന്റെ കഥയെന്താണ്. അതില്‍ പറഞ്ഞിരിക്കുന്നതെന്താണ് എന്ന് മുന്‍കൂട്ടി അറിയാതെ സിനിമ തിയേറ്ററില്‍ അനുഭവിക്കാന്‍ ആഗ്രഹിക്കുന്ന പ്രേക്ഷകനാണ് ഞാന്‍. ആ രീതിയില്‍ ചിന്തിച്ചത് കൊണ്ടാണ് ഈ സിനിമയെ കുറിച്ച് എന്തെങ്കിലും മുന്‍ധാരണ പ്രേക്ഷകര്‍ക്ക് നല്‍കരുതെന്ന് തീരുമാനിച്ചത്. യാതൊരു മുന്‍ധാരണകളുമില്ലാതെ പ്രേക്ഷകന്‍ തിയേറ്ററില്‍ വന്ന് സിനിമ അനുഭവിക്കണമെന്നാണ് ആഗ്രഹിക്കുന്നത്. അദ്ദേഹം പറയുന്നു.

2017-ല്‍ ചിത്രീകരണം ആരംഭിച്ച ചിത്രം നാല് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് റിലീസിനെത്തുന്നത്. അന്‍വര്‍ റഷീദ് എന്റര്‍ടെയിന്‍മെന്റ് നിര്‍മിക്കുന്ന ചിത്രത്തില്‍ ഫഹദിനൊപ്പം വിനായകന്‍, ഗൗതം വാസുദേവ് മേനോന്‍, നസ്രിയാ നസിം, സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ജോജു ജോര്‍ജ്, ധര്‍മജന്‍, അശ്വതി മേനോന്‍, ദിലീഷ് പോത്തന്‍, വിനീത് വിശ്വന്‍, ചെമ്പന്‍ വിനോദ്, അര്‍ജുന്‍ അശോകന്‍, ശ്രിന്ദ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഛായാഗ്രഹണം അമല്‍ നീരദ്.