'കെജിഎഫ് 2' ടീസറിന് എതിരെ പുകയില വിരുദ്ധ സെല്‍; യഷിനും സംവിധായകനും എതിരെ നോട്ടീസ്

റെക്കോഡ് സൃഷ്ടിച്ച് മുന്നേറുകയാണ് “കെജിഎഫ് ചാപ്റ്റര്‍ 2″വിന്റെ ടീസര്‍. അഞ്ച് ദിവസങ്ങള്‍ക്ക് മുമ്പ് റിലീസ് ചെയ്ത ടീസര്‍ 144 മില്യണ്‍ വ്യൂസുമായി യൂട്യൂബ് ട്രെന്‍ഡിംഗ് ലിസ്റ്റില്‍ തുടരുകയാണ്. എന്നാല്‍ ടീസറിന് പിന്നാലെ നായകന്‍ യഷിന് പുകയില വിരുദ്ധ സെല്ലിന്റെ നോട്ടീസ്.

ടീസറിലെ ചില രംഗങ്ങള്‍ പുകവലിയെ പ്രോത്സാഹിപ്പിക്കുന്നതാണ് എന്ന് പറഞ്ഞാണ് നോട്ടീസ് അയച്ചിരിക്കുന്നത്. കര്‍ണാടക സംസ്ഥാനത്തിന്റെ ആന്റി ടൊബാക്കോ സെല്‍ ആണ് യഷിനും സംവിധായകന്‍ പ്രശാന്ത് നീലിനും നിര്‍മ്മാതാവ് വിജയ് കിര്‍ഗാന്ദുര്‍ എന്നിവര്‍ക്കെതിരെയും നോട്ടീസ് അയച്ചിരിക്കുന്നത്.

പുകവലിക്കുന്ന രംഗങ്ങളില്‍ പുകവലി വിരുദ്ധ മുന്നറിയിപ്പുകള്‍ നല്‍കേണ്ടതുണ്ട്. ടീസറില്‍ മുന്നറിയിപ്പുകള്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഇത്രയും ആരാധകരുള്ള ഒരു നടന്‍ ഇത്തരത്തിലുള്ള സീനുകള്‍ ചെയ്താല്‍ അത് ആരാധകരെ ബാധിക്കും. ടീസറില്‍ നിന്നും പുകവലിക്കുന്ന സീനുകള്‍ നീക്കം ചെയ്യാനും ടൊബാക്കോ സെല്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ജനുവരി 8ന് യഷിന്റെ പിറന്നാള്‍ ദിനത്തില്‍ പുറത്തു വിടാനിരുന്ന ടീസര്‍ ലീക്ക് ആയതോടെയാണ് നേരത്തെ തന്നെ റിലീസ് ചെയ്തത്. 1951 മുതല്‍ വര്‍ത്തമാനകാലം വരെയുള്ള കഥയാണ് രണ്ടാം ഭാഗത്തില്‍ പറയുന്നത്. കോലര്‍ സ്വര്‍ണഖനിയുടെ പശ്ചാത്തലത്തിലുള്ള പിരിഡ് ഡ്രാമയാണ് കെജിഎഫ്.