തൊഴിൽ നിയമങ്ങൾ അട്ടിമറിക്കപ്പെടുന്ന കാലഘട്ടത്തിലെ തൊഴിലാളി ദിനം; അറിയാം ചരിത്രവും പ്രാധാന്യവും

തൊഴിലവകാശങ്ങളുടെ സമര ഓർമ്മ പുതുക്കി ഒരു മെയ് ദിനം കൂടി കടന്നുപോകുകയാണ്. എട്ടു മണിക്കൂർ ജോലി, വിനോദം, വിശ്രമം എന്നീ അവകാശങ്ങൾ നേടിയെടുക്കാൻ തൊഴിലാളികൾ മുഷ്ടിചുരുട്ടി തെരുവിലിറങ്ങിയതിന്റെ ചരിത്രം ഓർമപ്പെടുത്തുന്നതാണ് ഓരോ തൊഴിലാളി ദിനവും. ലോകത്തെ എൺപതോളം രാജ്യങ്ങളാണ് മെയ് ഒന്ന് തൊഴിലാളി ദിനമായി ആചരിക്കുന്നത്. തൊഴിലാളി വർഗത്തിന്റെ കഠിനാധ്വാനത്തെ ആദരിക്കുന്നതിനൊപ്പം തൊഴിൽ അവകാശങ്ങളെ കുറിച്ചും അവരുടെ ക്ഷേമത്തിനും പുരോഗതിക്കും വേണ്ടി പ്രവർത്തിക്കുക എന്നീ ലക്ഷ്യങ്ങളും ഓർമപ്പെടുത്തുകയും ചെയ്യുകയാണ് ഓരോ മെയ് ദിനവും.

തൊഴിലാളി ദിനത്തിന്റെ ചരിത്രത്തിലേക്ക് കടന്നാൽ, 1884ലാണ് അമേരിക്കൻ ഫെഡറേഷൻ ഓഫ് ഓർഗനൈസ്ഡ് ട്രേഡ്‌സ് ആൻഡ് ലേബർ യൂണിയനുകൾ തൊഴിലിടങ്ങളിലെ സമയം എട്ട് മണിക്കൂറാക്കി പരിഷ്‌ക്കരിക്കണമെന്ന ആവശ്യം മുന്നോട്ട് വെക്കുന്നത്. പതിനെട്ട് പത്തൊൻപത് നൂറ്റാണ്ടുകളിൽ ലോകത്തുണ്ടായ വ്യാവസായിക വിപ്ലവത്തിന്റെ ഭാഗമായി യൂറോപ്പിലെയും വടക്കേ അമേരിക്കയിലെയും വ്യവസായ ശാലകളിൽ തൊഴിലാളികൾ ആ കാലഘട്ടത്തിൽ 20 മണിക്കൂറുകൾ വരെ ജോലി ചെയ്തിരുന്നു. 20 മണിക്കൂർ ജോലി, 4 മണിക്കൂർ വിശ്രമം എന്ന നമുക്ക് ഇന്ന് ചിന്തിക്കാൻ പോലും പറ്റാത്ത ഒരു നിയമം ആയിരുന്നു അന്നവിടെ നിലനിന്നിരുന്നത്. ഈ മുതലാളിത്ത നിയമത്തെ 8 മണിക്കൂർ ജോലി 8 മണിക്കൂർ വിനോദം 8 മണിക്കൂർ വിശ്രമം എന്ന് തിരുത്തിയെഴുതണമെന്ന് ആവശ്യപ്പെട്ടാണ് അമേരിക്കൻ ലേബർ യൂണിയനുകൾ മുന്നോട്ട് വരുന്നത്. മുതലാളിത്തവും സോഷ്യലിസവും എന്ന വിഭാഗീയത ലോകത്തിൽ ഉടലെടുത്ത സമയമായിരുന്നു ആ കാലഘട്ടം.

എന്നാൽ തൊഴിലാളികളുടെ അവകാശം അനുവദിക്കാത്തതിനെ തുടർന്ന് രണ്ട് വർഷങ്ങൾക്ക് ശേഷം 1886 ൽ തൊഴിലാളികൾ സംഘടിച്ചു, സമരം ചെയ്തു. ചിക്കാഗോയിൽ ആ വർഷം മെയ് ഒന്ന് മുതൽ നാല് വരെ ഹേമാർക്കറ്റ് കൂട്ടക്കൊല എന്ന് പിന്നീട് അറിയപ്പെട്ട സംഘർഷം തൊഴിലാളികളും പൊലീസുകാരും തമ്മിൽ അരങ്ങേറി. മെയ് നാലിന് മക്കോർമിക് ഹാർവെസ്റ്റിങ് മെഷീൻ കമ്പനിയിൽ ഒരു തൊഴിലാളി പ്രക്ഷോഭം നടന്നു. സമരക്കാരും പൊലീസും തമ്മിലുണ്ടായ സംഘർഷത്തെ തുടർന്ന് ഒരാൾ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ഈ സംഭവത്തെ തുടർന്ന് തൊഴിലാളികൾ അടുത്ത ദിവസം ഹേമാർക്കറ്റ് സ്‌ക്വയറിൽ ഒരു ബഹുജന യോഗം വിളിച്ചുചേർത്തു. പ്രതിഷേധത്തിന് ശേഷം മടങ്ങിപ്പോകാൻ തുടങ്ങിയ തൊഴിലാളികൾക്കിടയിലേക്ക് അജ്ഞാതനായ ഒരു വ്യക്തി ബോംബ് എറിഞ്ഞതോടെ വീണ്ടും സംഘർഷം ആരംഭിച്ചു. പൊലീസും തൊഴിലാളികളും ഏറ്റുമുട്ടി. നിരവധി തൊഴിലാളികളും ഏഴ് പൊലീസുകാരും സംഭവ സ്ഥലത്ത് മരിച്ചു വീണു.

പൊലീസ് കുറ്റം തൊഴിലാളികളുടെ മേൽ ആരോപിച്ചതോടെ കോടതി തൊഴിലാളികളെ കുറ്റക്കാരായി വിധിക്കുകയും നാല് പേരെ തൂക്കിലേറ്റുകയും ചെയ്തു. മറ്റൊരാൾ ആത്മഹത്യയും ചെയ്തു. ഈ സംഭവം ലോകത്തെമ്പാടുമുള്ള തൊഴിലാളികളെ ഇളക്കി മറിച്ചു. ലോകത്തെ ഞെട്ടിച്ച ഈ ഹേ മാർക്കറ്റ് കൂട്ടക്കൊലയാണ് മെയ് ഒന്ന് അന്താരാഷ്ട്ര തൊഴിലാളി ദിനമായി ആചരിക്കുന്നതിലേക്ക് എത്തിച്ചത്. അന്ന് രക്തസാക്ഷികളാവരുടെ സ്മരണയ്ക്കായി പിന്നീട് 1893ൽ സ്മാരകവും പണികഴിക്കപ്പെട്ടു.

ഈ സംഭവം നടന്ന വർഷം ഓഗസ്റ്റിലാണ് ജനീവയിലെ ഇന്റർനാഷണർ വർക്കിങ് മെൻസ് അസോസിയേഷന്റെ സമ്മേളനത്തിൽ എട്ട് മണിക്കൂർ ജോലി എന്ന ആവശ്യം തൊഴിലാളികൾ ഉന്നയിക്കുന്നത്. അതേസമയം യൂറോപ്പിലും അമേരിക്കയിലുമുള്ള തൊഴിലാളികളെ മുതലാളിത്തത്തിനെതിരെ പോരാടാൻ പ്രോത്സാഹിപ്പിക്കുമെന്ന വിശ്വാസത്തിൽ സോവിയറ്റ് യൂണിയൻ മെയ് ഒന്ന് തൊഴിലാളി ദിനമായി ആചരിച്ച് തുടങ്ങ. സോവിയറ്റ് യൂണിയനിലും ഈസ്റ്റേൺ ബ്ലോക് രാജ്യങ്ങളിലും ലോകശ്രദ്ധയാകർഷിച്ച പരേഡുകൾ ഉൾപ്പടെയുള്ള ആഘോഷങ്ങളുമായി തൊഴിലാളി ദിനം പ്രധാനപ്പെട്ട അവധി ദിനമായി കൊണ്ടാടി. ഫ്രാൻസിൽ മെയ് ഒന്ന് തൊഴിലാളികളുടെ അന്താരാഷ്ട്ര ഐക്യത്തിനും ഐക്യദാർഢ്യത്തിനും വേണ്ടിയുള്ള ദിനമായി പ്രഖ്യാപിക്കപ്പെട്ടിരുന്നു.

ലോകമെമ്പാടുമുള്ള തൊഴിലാളികൾക്ക് ഈ സമരങ്ങളുടെ അനന്തരഫലമായി ജോലിസമയം ക്രമീകരിക്കപ്പെടാൻ ഇരുപതാം നൂറ്റാണ്ടിന്റെ പകുതിയോളം വരെ സമയമെടുത്തു. ലോകത്തിന്റെ വിവിധയിടങ്ങളിൽ സമാനതകളില്ലാത്ത സമരങ്ങളായിരുന്നു അതുവരെ നടന്നത്. ലോകത്തെ എൺപതോളം രാജ്യങ്ങളാണ് മെയ് ഒന്ന് തൊഴിലാളി ദിനമായി ആചരിക്കുന്നതെങ്കിലും കാനഡയിലും യുഎസ്എയിലും തൊഴിലാളി ദിനം ആഘോഷിക്കുന്നത് സെപ്റ്റംബറിലെ ആദ്യ തിങ്കളാഴ്ചയാണ്.

ഇനി ഇന്ത്യയിലെ തൊഴിലാളി ദിനത്തിന്റെ ചരിത്രത്തിലേക്ക് വന്നാൽ, ഇന്ത്യയിൽ 1923 മെയ് ഒന്ന് മുതലാണ് തൊഴിലാളി ദിനം ആചരിച്ച് തുടങ്ങിയത്. 1923 മെയ് ഒന്നിന് സ്ഥാപിതമായ ലേബർ കിസാൻ പാർട്ടി ഹിന്ദുസ്ഥാന്റെ നേതൃത്വത്തിലായിരുന്നു ഇത്. ഈ ദിനത്തിലാണ് ഇന്ത്യയിൽ ആദ്യമായി ചെങ്കൊടി ഉയർന്നതും. കിസാൻ പാർട്ടി ഓഫ് ഹിന്ദുസ്ഥാൻ സ്ഥാപക നേതാവ് സിങ്കാരവേലു ചെട്ടിയാരുടെ നേതൃത്വത്തിലായിരുന്നു മെയ് ദിനാഘോഷം നടന്നത്.

എന്നാൽ ഇന്ന് ഇന്ത്യയിൽ നിലനിൽക്കുന്ന തൊഴിലാളി അവകാശങ്ങൾക്ക് പിന്നിലും ഇന്ത്യൻ തൊഴിൽ സമയം ഇന്നത്തെ 8 മണിക്കൂറായി കുറഞ്ഞതിന്റെ പിന്നിലും പ്രവർത്തിച്ച കരങ്ങൾ ഡോ. ബാബാ സാഹേബ് അംബേദ്‌കറിന്റേതാണ്. ഇന്ത്യൻ ജനത ഈ ദിനത്തിൽ വിസ്മരിക്കാൻ പാടില്ലാത്ത പേരാണ് അദ്ദേഹത്തിന്റേത്.

അംബേദ്‌കർ ബ്രിട്ടീഷ് ഇന്ത്യയിലെ വൈസ്രോയി കൗൺസിലിൽ അംഗമായിരുന്ന കാലത്ത് തൊഴിലാളികളുടെ സാമൂഹ്യപരവും സുരക്ഷാ പരവുമായ ചില സുപ്രധാന പദ്ധതികളും, തൊഴിൽ നിയമങ്ങളും മുൻപോട്ടു വെക്കുയുണ്ടായി. 1942 നവംബറിൽ ഡൽഹിയിൽ ചേർന്ന ഏഴാം ഇന്ത്യൻ ലേബർ കോൺഫറൻസിൽ ഇന്ത്യൻ തൊഴിൽ സമയം 14 മണിക്കൂർ എന്നത് 8 മണിക്കൂറായി കുറയ്ക്കണം എന്ന അംബേദ്‌കറുടെ പ്രമേയം അംഗീകരിക്കപ്പെട്ടു.

1943 ൽ ട്രേഡ് യൂണിയനുകളെ നിയമംമൂലം അംഗീകരിക്കുന്നതിനായി ഇന്ത്യൻ ട്രേഡ് യൂണിയൻ നിയമത്തിൽ അദ്ദേഹം ഭേദഗതി കൊണ്ടുവരുകയും ചെയ്തു. ഇത് മാത്രമല്ല, സ്ത്രീ തൊഴിലാളികളുടെ തൊഴിലാളികളുടെ സുരക്ഷിതത്ത്വം ഉറപ്പാക്കുന്നതിന് വേണ്ടി വുമൺ ലേബർ പ്രൊട്ടക്ഷൻ ആക്ട്, മെറ്റേണിറ്റി ബെനിഫിക്ട് ഫോർ വുമൺ ലേബർ തുടങ്ങിയ പരിഷ്കാരങ്ങളും മുൻപോട്ടു വെച്ചത് അബ്ദേക്കറാണ്.

കൽക്കരി ഖനികളിൽ തൊഴിൽ ചെയ്യാൻ സ്ത്രീകളെ നിയോഗിക്കുന്നത് നിരോധിച്ച് കൊണ്ടുള്ള നിയമം നടപ്പിലാക്കാനും അദ്ദേഹം ശ്രദ്ധിച്ചു. തൊഴിലാളികൾക്ക് മെഡിക്കൽ ലീവ്, തുല്യവേതനം, ഇൻഷുറൻസ് തുടങ്ങിയ കാര്യങ്ങളിലെല്ലാം അദ്ദേഹത്തിന് ധാരണ ഉണ്ടായിരുന്നു അവയെല്ലാം നടപ്പിലാക്കാൻ അദ്ദേഹം കൃത്യമായ ഇടപെടൽ നടത്തുകയും ചെയ്തു.

ബ്രിട്ടീഷ് ഇന്ത്യാ വൈസ്രോയി കൗൺസിലിലും, പിന്നീട് സ്വതന്ത്ര ഇന്ത്യയുടെ ആദ്യ തൊഴിൽ മന്ത്രി എന്ന നിലയിലും, തൻ്റെ രാഷ്ട്രീയ പ്രവർത്തനങ്ങൾ വഴിയും അദ്ദേഹം തൊഴിലാളി വർഗ സമൂഹത്തിന്റെ ക്ഷേമവും, ഉയർച്ചയും സംബന്ധിച്ച് നിതാന്ത ജാഗ്രത പുലർത്തിയിരുന്നു. പിന്നീട് ഇന്ത്യയുടെ മുൻ പ്രധാന മന്ത്രി വിപി സിംഗ് 1990ൽ മേയ് ദിനം ദേശീയ അവധി ദിനമായി പ്രഖ്യാപിച്ചു.

എന്നാൽ ഇന്നത്തെ സാഹചര്യത്തിൽ കഴിഞ്ഞ കാലങ്ങളിലെ മുദ്രാവാക്യങ്ങൾ ഓർമ്മകളായി അവശേഷിക്കുന്ന ഒന്ന് മാത്രമാണ് മെയ് ദിനം. കാരണം ഇന്ന് ഏതു മേഖലകൾ എടുത്താലും സാഹചര്യങ്ങളുമായി പരുവപ്പെട്ട ജീവിക്കുന്ന തൊഴിലാളികളെ മാത്രമേ കാണുന്നുള്ളൂ. ലോകത്തിന്റെ ഒട്ടുമിക്ക ഭാഗങ്ങളിലും ഇന്ന് ഇത് തന്നെയാണ് അവസ്ഥ. പോരാടാനോ അവകാശങ്ങൾ നേടിയെടുക്കാനോ തയ്യാറാവാതെ ജീവിത സാഹചര്യങ്ങളുമായി പൊരുത്തപ്പെട്ട് പോകുന്ന ഒരു തൊഴിലാളി സമൂഹമായി നമ്മൾ മാറിക്കഴിഞ്ഞിരിക്കുകയാണ്. തൊഴിൽ നിയമങ്ങൾ അട്ടിമറിക്കപ്പെടുന്ന തൊഴിലാളികളുടെ അവകാശങ്ങൾ നിരന്തരം ലംഘിക്കപ്പെടുന്ന കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോകുന്നതെന്ന് പറഞ്ഞാൽ പോലും അതിൽ തെറ്റില്ല.

2020 ലെ കൊവിഡ് വ്യാപനം ലോകത്തിലെ എല്ലാ തൊഴിൽ നിയമങ്ങളെയും മാറ്റി മറിച്ചു. സാമ്പത്തിക പ്രതിസന്ധിയെന്ന കാരണം ചൂണ്ടിക്കാണിച്ച് ലോകമെമ്പാടുമുള്ള നിരവധി തൊഴിലാളികളെയാണ് കോവിഡിനെ തുടർന്നുള്ള വർഷങ്ങളിൽ കമ്പനികൾ പിരിച്ചുവിട്ടത്. ജോലിയിൽ തുടർന്നവർക്കാകട്ടെ അന്ന് വരെ ലഭിച്ചിരുന്നത്തിന്റെ നേർപകുതിയിലേക്ക് പോലും വേതനം വെട്ടിക്കുറച്ചു. ടെക് ഭീമന്മാരായ ഗൂഗിളും ട്വിറ്ററും ആമസോണും ആപ്പിളുമൊക്കെ പിരിച്ചുവിട്ടതെ ആയിരക്കണക്കിന് ജോലിക്കാരെയാണ്. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കമ്പനികളിൽ ശമ്പളം ഇല്ലാതെ ജോലി ചെയ്യുന്നവരുടെ എണ്ണവും വലുതാണ്. കോവിഡ് കാലം മാറി ലോകം പല കാര്യങ്ങളിലും പഴയ സ്ഥിതിയിലേക്ക് എത്തിയെങ്കിലും ഇക്കാര്യങ്ങളിലൊന്നും വലിയ മാറ്റം സംഭവിച്ചിട്ടില്ല.

Read more

മനുഷ്യ വിഭവത്തിന്റെ നിലനിൽപ്പ് തന്നെ ചോദ്യം ചെയ്യപ്പെടുന്ന സാങ്കേതിക വിദ്യയുടെ വളർച്ചയും ഇന്നിന്റെ വെല്ലുവിളിയാണ്. നിർമിത ബുദ്ധി ലോകം അടക്കി വാഴാൻ പോകുന്ന ഒരു കാലമാണ് ഇനി മുൻപിലുള്ളതെന്ന തിരിച്ചറിവ് ലോകത്തിലെ തൊഴിലാളി വർഗത്തിന്റെ ഇന്നത്തെ ഏറ്റവും വലിയ ആശങ്കയാണ്. അതിനാൽ തന്നെ ഈ കാലഘട്ടത്തിലെ തൊഴിൽ ദിനം അത്രമേൽ പ്രസക്തമാണ്.