ദൃശ്യത്തിന് പിന്നാലെ ബ്രോ ഡാഡിയുടെ സെറ്റില്‍ എത്തി 'എസ്‌.ഐ ആന്റണി'; ലൊക്കേഷന്‍ ചിത്രങ്ങള്‍

ബ്രോ ഡാഡി സിനിമയിലും പൊലീസ് വേഷത്തില്‍ നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍. ചിത്രത്തിന്റെ ലൊക്കേഷന്‍ ചിത്രങ്ങള്‍ എത്തിയതോടെയാണ് ബ്രോ ഡാഡിയില്‍ ആന്റണി പെരുമ്പാവൂരും അഭിനയിക്കുന്ന കാര്യം പുറത്തു വന്നിരിക്കുന്നത്. മോഹന്‍ലാലിനും പൃഥ്വിരാജിനുമൊപ്പം പൊലീസ് യൂണിഫോമില്‍ നില്‍ക്കുന്ന ആന്റണിയെയും ചിത്രങ്ങളില്‍ കാണാം.

ദൃശ്യം 2 സിനിമയിലും പ്രണവ് മോഹന്‍ലാല്‍ നായകനായി എത്തിയ ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്ന ചിത്രത്തിലും ആന്റണി പെരുമ്പാവൂര്‍ പൊലീസ് വേഷത്തില്‍ എത്തിയിരുന്നു. നിലവില്‍ ഹൈദരാബാദിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുന്നത്. ചിത്രത്തില്‍ മോഹന്‍ലാലിന്റെ മകനായാണ് പൃഥ്വിരാജ് വേഷമിടുന്നത്.

കഴിഞ്ഞ ദിവസം മോഹന്‍ലാലിന്റെയും അമ്മ മല്ലിക സുകുമാരന്റെയും ലൊക്കേഷന്‍ ചിത്രങ്ങള്‍ പൃഥ്വിരാജ് പങ്കുവെച്ചിരുന്നു. കല്യാണി പ്രിയദര്‍ശന്‍, മീന, ലാലു അലക്‌സ്, മുരളി ഗോപി, കനിഹ, സൗബിന്‍ ഷാഹിര്‍, കാവ്യ ഷെട്ടി എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ശ്രീജിത്ത് എന്‍, ബിബിന്‍ മാളിയേക്കല്‍ എന്നിവരുടേതാണ് തിരക്കഥ. ഛായാഗ്രഹണം അഭിനന്ദന്‍ രാമാനുജം. സംഗീതം ദീപക് ദേവ്. എഡിറ്റിംഗ് അഖിലേഷ് മോഹന്‍. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മ്മാണം. ബ്രോ ഡാഡി രസകരമായ ഒരു കുടുംബചിത്രമാണ് എന്നാണ് പൃഥ്വിരാജ് പറഞ്ഞിരിക്കുന്നത്.