'മദ്യലഹരിയില്‍ അവള്‍ എന്റെ ചെവിയാണ് അടിച്ച് പൊട്ടിച്ചത്, പണത്തിനും പ്രശസ്തിക്കും വേണ്ടി വ്യാജ ആരോപണങ്ങള്‍ നടത്തുന്നു'; നടി അനിഖയ്‌ക്കെതിരെ മുന്‍ കാമുകന്‍

മുന്‍ കാമുകന്‍ തന്നെ ക്രൂരമായി മര്‍ദ്ദിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തുവെന്ന ആരോപണവുമായി നടി അനിഖ വിക്രമന്‍ രംഗത്തെത്തിയിരുന്നു. മര്‍ദ്ദനമേറ്റതിന്റെ ദൃശ്യങ്ങള്‍ അടക്കം പങ്കുവച്ചായിരുന്നു അനിഖയുടെ ആരോപണം. മുന്‍ കാമുകനെതിരെ പൊലീസില്‍ പരാതിയും നല്‍കിയിരുന്നു.

എന്നാല്‍ ഈ ആരോപണങ്ങള്‍ നിഷേധിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടിയുടെ മുന്‍ കാമുകനായ അനൂപ് പിള്ള. മുറിവുകളൊക്കെ അനിഖ സൃഷ്ടിച്ചതാണെന്നും യഥാര്‍ത്ഥത്തില്‍ താനാണ് ആക്രമിക്കപ്പെട്ടത് എന്നാണ് അനൂപ് പറയുന്നത്. പണത്തിനും പ്രശസ്തിക്കും വേണ്ടിയാണ് വ്യാജ പ്രചാരണങ്ങള്‍ നടത്തുന്നതെന്നും അനൂപ് സോഷ്യല്‍ മീഡിയയിലൂടെ ആരോപിച്ചു.

അനൂപ് പിള്ളയുടെ വാക്കുകള്‍:

ഞാന്‍ ഇന്ത്യയില്‍ ആയിരുന്നപ്പോഴെല്ലാം അനിഖ എന്നോടൊപ്പമാണ് താമസിച്ചിരുന്നത്. ഒരുമിച്ചാണ് യാത്ര ചെയ്തിരുന്നത്. സിനിമയില്‍ വേഷങ്ങള്‍ ലഭിക്കാത്തതിനാല്‍, അവളുടെ ആവശ്യപ്രകാരം ഞാന്‍ അനിഖയ്ക്കായി ഒരു ആല്‍ബം നിര്‍മ്മിച്ച് നല്‍കി. പക്ഷേ, നിര്‍ഭാഗ്യവശാല്‍, അത് അവര്‍ പ്രതീക്ഷിച്ച പ്രശസ്തി കൊണ്ടുവന്നില്ല. അതിന് ശേഷം അനിഖ മറ്റൊരാളുമായി ബന്ധം സ്ഥാപിച്ചു. ഇതിനിടെ ഞങ്ങളുടെ ബന്ധം പുനസ്ഥാപിക്കാന്‍ അനിഖ ഒന്നിലധികം തവണ ശ്രമിച്ചിരുന്നു.

പക്ഷേ പണത്തിനും സ്വന്തം നിലനില്‍പ്പിനും വേണ്ടിയാണ് അവള്‍ എന്നെ സമീപിക്കുന്നതെന്ന് മനസ്സിലായപ്പോള്‍ ഞാന്‍ പിന്‍മാറി. ബാഗ്ലൂരിലും ചെന്നൈയിലുമായുള്ള താമസത്തിനിടെ അവള്‍ക്ക് ജോലിയില്ലാത്തതിനാലും മറ്റാരും സാമ്പത്തികമായി സഹായിക്കാന്‍ ഇല്ലാത്തതിനാലും എന്നില്‍ നിന്ന് ലക്ഷക്കണക്കിന് രൂപ അനിഖ കൈപ്പറ്റിയിട്ടുണ്ട്. അവള്‍ എന്നെ വാക്കാലും ശാരീരികമായും ഒന്നിലധികം തവണ ദ്രോഹിക്കുകയും അധിക്ഷേപിക്കുകയും ചെയ്തു.

അവള്‍ എന്നെ അടിച്ചതിനെ തുടര്‍ന്ന് ചെവിയുടെ കര്‍ണപടലം പോലും പൊട്ടിയ സംഭവവും ഉണ്ടായിട്ടുണ്ട്. തുടര്‍ന്ന് ഞാന്‍ വിദേശത്തേക്ക് പോയി, അവളുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിച്ചു. മദ്യലഹരിയില്‍ അനിഖയാണ് തന്നെ ഉപദ്രവിച്ചത്. ചെലവുകള്‍ ഞാന്‍ നോക്കാമെന്ന ഒത്തുതീര്‍പ്പ് വ്യവസ്ഥയില്‍ അനിഖ എനിക്കെതിരെ നല്‍കിയ പരാതി ഒരിക്കല്‍ പിന്‍വലിച്ചിരുന്നു.

ഈ കേസിന് ആസ്പദമായ സംഭവത്തിന് ശേഷം അനിഖയെ താന്‍ കണ്ടിട്ടില്ല. ജനുവരി 29ന് ബംഗളൂരുവില്‍ എനിക്കെതിരെ ഫയല്‍ ചെയ്ത കേസില്‍ ഫെബ്രുവരിയില്‍ ജാമ്യം ലഭിച്ചിരുന്നു. അനിഖ എനിക്കെതിരെ നല്‍കിയ പരാതിയില്‍ ഇതുവരെ സ്വീകരിച്ച മൗനം തെറ്റായി വ്യാഖ്യാനിക്കപ്പെടും എന്നുള്ളതു കൊണ്ടാണ് ഇപ്പോള്‍ പ്രതികരിക്കുന്നത്.