തിയേറ്ററില്‍ കരയിപ്പിച്ച് അനശ്വര, 'നേരി'ന് ഞെട്ടിക്കുന്ന തുടക്കം.. കരിയര്‍ ബെസ്റ്റ് എന്ന് പ്രേക്ഷകര്‍; പ്രതികരിച്ച് താരം

‘നേര്’ വിജയത്തുടക്കം കുറിച്ചതോടെ നടി അനശ്വര രാജന്റെ പ്രകടനത്തിന് കൈയ്യടികള്‍ ലഭിക്കുകയാണ്. അനശ്വരയുടെ കരിയര്‍ ബെസ്റ്റ് എന്നാണ് പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നത്. തകര്‍പ്പന്‍ പ്രകടനമാണ് ചിത്രത്തില്‍ അനശ്വര കാഴ്ച വച്ചത്. ആരാധകരുടെ സ്‌നേഹത്തിന് നന്ദി പറയുകയാണ് അനശ്വര ഇപ്പോള്‍.

”ഈ നേരിനും ഈ നേരത്തിനും നന്ദി! നിങ്ങളെല്ലാവരുടെയും സ്‌നേഹവും പ്രശംസയും എന്നെ ഒരു തിരയെന്ന പോലെ ആശ്ലേഷിക്കുന്നുണ്ട്, ആശ്വസിപ്പിക്കുന്നുണ്ട്. എല്ലാവരോടും സ്‌നേഹം. നിങ്ങളോടൊപ്പം നിങ്ങളുടെ കൂടെ വളര്‍ന്നവളാണ് ഞാന്‍.. കൂടെയുണ്ടാവണം” എന്നാണ് അനശ്വര സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരിക്കുന്നത്.

ഡിസംബര്‍ 21ന് തിയേറ്ററില്‍ എത്തിയ നേര് മൗത്ത് പബ്ലിസിറ്റിയിലൂടെ തന്നെ ശ്രദ്ധ നേടുകയാണ്. വലിയ സസ്പെന്‍സുകളോ ട്വിസ്റ്റുകളോ ഒന്നുമില്ലാതെ റിയല്‍ കോര്‍ട്ട് റൂം ഡ്രാമയായാണ് നേര് തിയേറ്ററില്‍ എത്തിയത്. അധികം ഹൈപ്പില്ലാതെ തിയേറ്ററുകളില്‍ എത്തിയ ചിത്രം ആദ്യ ദിനം 5 കോടിക്ക് മേലെ കളക്ഷന്‍ നേടിയതാണ് റിപ്പോര്‍ട്ടുകള്‍.

ആഗോളതലത്തില്‍ ചിത്രം 5.05 കോടി രൂപ നേടിയതായാണ് ബോക്സ് ഓഫിസ് അനലിസ്റ്റ് എന്ന എക്സ് പേജില്‍ എത്തിയ വിവരം. എന്നാല്‍ ഈ റിപ്പോര്‍ട്ടിനോട് മോഹന്‍ലാലോ നിര്‍മ്മാതാക്കളോ പ്രതികരിച്ചിട്ടില്ല. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നേര് നിര്‍മിച്ചിരിക്കുന്നത്.

പ്രിയാമണി, സിദ്ധിഖ്, ജഗദീഷ്, ഗണേഷ് കുമാര്‍, ശാന്തി മായാദേവി എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതിരിപ്പിച്ചിരിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ ശാന്തി മായാദേവിയും ജീത്തുവും ചേര്‍ന്നാണ് നിര്‍വഹിച്ചിരിക്കുന്നത്.