'അമ്മ' ഒരു ക്ലബ്ബ്, കൃത്യമായ കാരണങ്ങളില്ലാതെ വിജയ് ബാബുവിനെ പുറത്താക്കാനാകില്ലെന്ന് സിദ്ദിഖ്

ബലാത്സംഗ കേസില്‍ പ്രതിയായ നടന്‍ വിജയ് ബാബുവിനെ കൃത്യമായ കാരണങ്ങളില്ലാതെ പുറത്താക്കാനാവില്ലെന്ന് നടന്‍ സിദ്ദിഖ്. വിജയ് ബാബുവിനെതിരെ കോടതി വിധി വന്നിട്ടില്ലല്ലോ. വിജയ് ബാബു തിരഞ്ഞെടുക്കപ്പെട്ട അംഗമാണ്. കൃത്യമായ കാരണങ്ങളില്ലാതെ പുറത്താക്കാനാകില്ലെന്നും ദിലീപിനെ പുറത്താക്കാന്‍ അന്നെടുത്ത തീരുമാനം തെറ്റായിരുന്നെന്നും സിദ്ദിഖ് പറഞ്ഞു.

കോടതി വിധി വന്ന ശേഷം വിജയ് ബാബുവിന്റെ കാര്യത്തില്‍ ബാക്കി കാര്യങ്ങള്‍ തീരുമാനിക്കുമെന്ന് ‘അമ്മ’ ജനറല്‍ സെക്രട്ടറി ഇടവേള ബാബു പറഞ്ഞു. ‘അമ്മ’ ഒരു ക്ലബ്ബാണ്. വിജയ് ബാബു മറ്റ് പല ക്ലബ്ബുകളിലും അംഗമാണ്. അവരാരും അയാളെ പുറത്താക്കിയിട്ടില്ലല്ലോ എന്നും ഇടവേള ബാബു ചോദിച്ചു.

രാവിലെ ആരംഭിച്ച ‘അമ്മ’ ജനറല്‍ ബോഡി യോഗത്തില്‍ വിജയ് ബാബു പങ്കെടുത്തിരുന്നു. കോടതിയുടെ പരിഗണനയിലുള്ള വിഷയത്തില്‍ പ്രതികരിക്കാനില്ലെന്ന് യോഗത്തിന് കയറിപ്പോകവേ വിജയ് ബാബു പറഞ്ഞു.

വിജയ് ബാബു വിഷയവുമായി ബന്ധപ്പെട്ട് ‘അമ്മ’ പരാതി പരിഹാര സെല്ലില്‍ നിന്ന് രാജിവച്ച നടി ശ്വേത മേനോനും യോഗത്തില്‍ പങ്കെടുത്തു.