‘കഴിവ് പാരമ്പര്യമാണ്, ആശംസകള്‍’; വിസ്മയയെ അഭിനന്ദിച്ച് അമിതാഭ് ബച്ചന്‍, അഭിമാനകരമായ നിമിഷമെന്ന് മോഹന്‍ലാല്‍

Advertisement

മോഹന്‍ലാലിന്റെ മകള്‍ വിസ്മയയെ അഭിനന്ദിച്ച് അമിതാഭ് ബച്ചന്‍. വാലന്റൈന്‍സ് ദിനത്തില്‍ പുറത്തിറങ്ങിയ വിസ്മയയുടെ കാവ്യ-ചിത്ര പുസ്തകം ‘ഗ്രെയ്ന്‍ ഓഫ് സ്റ്റാര്‍ഡസ്റ്റ്’ എന്ന ബുക്കിനെ കുറിച്ചുള്ള അഭിപ്രായങ്ങളാണ് ബച്ചന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്.

‘മോഹന്‍ലാല്‍, മലയാളത്തിന്റെ സൂപ്പര്‍സ്റ്റാര്‍, ഞാനേറെ ആരാധിക്കുന്ന വ്യക്തി, എനിക്കൊരു പുസ്തകം അയച്ചു തന്നു. ‘ഗ്രെയ്ന്‍സ് ഓഫ് സ്റ്റാര്‍ഡസ്റ്റ്’, എഴുതിയിരിക്കുന്നതും ചിത്രം വരച്ചിരിക്കുന്നതും അദ്ദേഹത്തിന്റെ മകള്‍ വിസ്മയ. കവിതകളുടെയും ചിത്രങ്ങളുടെയും വളരെ ക്രിയാത്മകവും ഹൃദയസ്പര്‍ശിയുമായ യാത്ര… കഴിവ് പാരമ്പര്യമാണ്… എന്റെ ആശംസകള്‍,” എന്നാണ് അമിതാഭ് ബച്ചന്റെ ട്വീറ്റ്.

താരത്തിന്റെ അഭിനന്ദനങ്ങള്‍ക്ക് നന്ദി അറിയിച്ചു കൊണ്ട് മോഹന്‍ലാലും രംഗത്തെത്തി. ”ഒരു ഇതിഹാസത്തില്‍ നിന്നുള്ള അഭിനന്ദനവാക്കുകള്‍ മായക്ക് ലഭിക്കുന്ന ഏറ്റവും മികച്ച അഭിനന്ദനവും അനുഗ്രഹവുമാണ്! എന്നെ സംബന്ധിച്ചിടത്തോളം ഇത് ഒരു പിതാവെന്ന നിലയില്‍ അഭിമാനകരമായ നിമിഷമാണ്. നന്ദി ബച്ചന്‍ സര്‍” എന്ന് മോഹന്‍ലാല്‍ ട്വീറ്റ് ചെയ്തു.

ജാപ്പനീസ് ഹൈക്കു കവിതകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് വിസ്മയ എഴുതിയ എഴുപതിലധികം കുറുങ്കവിതകളും അതിനനുസരിച്ച് വരച്ച ചിത്രങ്ങളും ചേര്‍ന്നതാണ് പുസ്തകം. വിസ്മയയുടെ ആദ്യ പുസ്തകമാണിത്.