അല്‍ മല്ലുവിനായി ഒന്നിച്ച് ഹരിശങ്കറും ശ്വേതയും; ശ്രദ്ധ നേടി ‘മേടമാസ’ ഗാനം

നമിത പ്രമോദ് കേന്ദ്രകഥാപാത്രമായെത്തുന്ന അല്‍ മല്ലുവിലെ പുതിയ ഗാനം റിലീസ് ചെയ്തു. പ്രശ്‌സത പിന്നണി ഗായകരായ ഹരിശങ്കറും ശ്വേതയും ചേര്‍ന്ന് പാടിയ ഗാനമാണ് റിലീസ് ചെയ്തിരിക്കുന്നത്. ‘മേടമാസ….’ എന്നു തുടങ്ങുന്ന ഗാനത്തിന്റെ വരികള്‍ ബി.കെ ഹരിനാരായണന്റേതാണ്. സംഗീതം നല്‍കിയിരിക്കുന്നത് രഞ്ജിന്‍ രാജാണ്.

ജനപ്രിയന്‍, റോമന്‍സ്, ഹാപ്പി ജേര്‍ണി, ഷാജഹാനും പരീക്കുട്ടിയും, വികടകുമാരന്‍ എന്നിവയ്ക്ക് ശേഷം ബോബന്‍ സാമുവല്‍ ഒരുക്കുന്ന ചിത്രമാണ് അല്‍ മല്ലു. ദുബായ്- അബുദാബി എന്നിവിടങ്ങളില്‍ ചിത്രീകരിച്ച അല്‍മല്ലു സമകാലീന പ്രവാസ ലോകത്തെ ഒരു മലയാളി പെണ്‍കുട്ടിയുടെ കഥയാണ് പ്രേക്ഷകരുടെ മുന്നില്‍ എത്തിക്കാനൊരുങ്ങുന്നത്.

മിയ, സിദ്ദിഖ്, മിഥുന്‍ രമേശ്, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, മാധുരി, ഷീലു ഏബ്രഹാം, സിനില്‍ സൈനുദ്ദീന്‍, വരദ, ജെന്നിഫര്‍ എന്നിവരാണ് പ്രധാന അഭിനേതാക്കള്‍. മെഹ്ഫില്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സജില്‍സ് മജീദാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഛായാഗ്രഹണം വിവേക് മേനോന്‍. ചിത്രം ഈ മാസം 17 ന് തിയേറ്ററുകളിലെത്തും.