'ആമി'യില്‍ വീണ്ടും വിശദീകരണവുമായി കമല്‍;'ഞാന്‍ പറഞ്ഞ കാര്യം തെറ്റിദ്ധരിക്കപ്പെട്ടു'

കമല്‍ സംവിധാനം ചെയ്യുന്ന “ആമി” എന്ന ചിത്രത്തെക്കുറിച്ചുള്ള വിവാദങ്ങള്‍ക്ക് വീണ്ടും വിശദീകരണവുമായി കമല്‍. വിദ്യാ ബാലനെക്കുറിച്ച് ഞാന്‍ പറഞ്ഞ കാര്യം തെറ്റിദ്ധരിക്കപ്പെട്ടെന്ന് കമല്‍ വ്യക്തമാക്കി. അതിനുള്ള വിശദീകരണം താന്‍ നേരത്തെ നല്‍കിയിരുന്നെന്നും കമല്‍ പറഞ്ഞു. മാധവിക്കുട്ടിയുടെ എന്റെ കഥയല്ല താന്‍ സിനിമയാക്കുന്നത് പകരം അവരുടെ യഥാര്‍ത്ഥ ജീവിതമാണ്. അതിനു മഞ്ജു വാര്യര്‍ തന്നെയാണ് ഉചിതം. ദയവായി തന്റെ വാക്കുകള്‍ സിനിമക്കെതിരെയാക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മാധവിക്കുട്ടിയുടെ ജീവിതകഥ പ്രമേയമാക്കി ഒരുക്കുന്ന ആമി എന്ന ചിത്രത്തിന്റെ റിലീസിനു മുന്നോടിയായി കമല്‍ ഒരു അഭിമുഖത്തില്‍ നടത്തിയ പരാമര്‍ശം ഏറെ വിവാദമായിരുന്നു. വിദ്യ ബാലന്‍ ആയിരുന്നെങ്കില്‍ ലൈംഗികത കടന്നു വരുമായിരുന്നു എന്ന പ്രസ്താവനയാണ് വിവാദമായത്. സംഭവത്തില്‍ വിശദീകരണവുമായി കമല്‍ വീണ്ടും രംഗത്ത്.

Read more

ഇരുവരെയും താരതമ്യം ചെയ്യുമ്പോള്‍ മഞ്ജു തന്നെയാണ് ഈ വേഷം അവതരിപ്പിക്കാന്‍ ഏറ്റവും അനുയോജ്യം എന്ന് ബോധ്യപ്പെട്ടുവെന്ന കാര്യമാണ് ഞാന്‍ വായനക്കാരുമായി പങ്കുവെക്കാന്‍ ഉദ്ദേശിച്ചത്. അത് ലൈംഗികതയെയും ശാലീനതയെയും സംബന്ധിച്ച വേറിട്ട പരാമര്‍ശങ്ങളെ ചേര്‍ത്തുവെച്ചതിനാലും എന്റെ സംസാരം കേട്ടെഴുതിയപ്പോള്‍ വന്ന പിഴവുകളാലും തെറ്റിദ്ധാരണാജനകമായി മാറുകയായിരുന്നുവെന്നും കമല്‍ വിശദീകരിച്ചിരുന്നു.