തമിഴ്‌നാട്ടില്‍ നിന്ന് മാത്രം നൂറ് കോടി; പൊന്നിയിന്‍ സെല്‍വന്‍ കുതിക്കുന്നു

തമിഴ്‌നാട്ടില്‍ നിന്നും മാത്രം നൂറുകോടി കലക്ഷന്‍ നേടി പൊന്നിയിന്‍ സെല്‍വന്‍. ഏറ്റവും വേഗത്തില്‍ ഇത്രയും കലക്ഷന്‍ നേടിയ ചിത്രമെന്ന റെക്കോര്‍ഡും ചിത്രം സ്വന്തമാക്കി. അഞ്ചാം ദിവസത്തിലേക്ക് പിന്നിടുമ്പോള്‍ 300 കോടിയാണ് ചിത്രം ലോകമൊട്ടാകെ വാരിക്കൂട്ടിയത്.

വിദേശ രാജ്യങ്ങളിലും മികച്ച പ്രതികരണമാണ് സിനിമയ്ക്കു ലഭിക്കുന്നത്. 50 കോടിയാണ് ഇന്ത്യയ്ക്കു പുറത്തുനിന്നും ചിത്രം ആദ്യദിനം വാരിയത്. അമേരിക്കന്‍ ബോക്സ് ഓഫിസില്‍ നിന്നുമാത്രം 30 കോടി കലക്ഷന്‍ ലഭിച്ചു.

ഐശ്വര്യ റായി, വിക്രം, കാര്‍ത്തി, ജയറാം, ജയം രവി, തൃഷ, ശരത് കുമാര്‍, ഐശ്വര്യ ലക്ഷ്മി, ലാല്‍, പ്രകാശ് രാജ്, റഹ്‌മാന്‍ തുടങ്ങിയ താരങ്ങള്‍ അതിഗംഭീര പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. പൊന്നിയിന്‍ സെല്‍വന്‍ എന്ന സിനിമയുടെ ടൈറ്റില്‍ കഥാപാത്രമായി ജയം രവി എത്തുന്നു. രാജ രാജ ചോഴനായാണ് ജയം രവി അഭിനയിക്കുന്നത്.

ആദിത്യ കരികാലന്റെ ഇളയസഹോദരനാണ് അരുള്‍മൊഴി വര്‍മനെന്ന രാജ രാജ ചോഴന്‍. ആദിത്യ കരികാലനായി എത്തുന്ന വിക്രം, വന്തിയ തേവന്‍ എന്ന കാര്‍ത്തി, നന്ദിനി രാജകുമാരിയായ ഐശ്വര്യ റായി, കുന്ദവൈ രാഞ്ജി തൃഷ എന്നിവരാണ് ആദ്യ ഭാഗത്തില്‍ നിറഞ്ഞുനില്‍ക്കുന്നത്. കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ ഇതേ പേരുള്ള തമിഴ് നോവലിനെ ആധാരമാക്കിയാണ് സിനിമ. ചോള രാജാവായിരുന്ന അരുള്‍മൊഴി വര്‍മനെ (രാജരാജ ചോളന്‍ ഒന്നാമന്‍) കുറിച്ചുള്ളതാണ് 2400 പേജുള്ള ഈ നോവല്‍.

സംഗീതം എ.ആര്‍. റഹ്‌മാനും ഛായാഗ്രഹണം രവി വര്‍മനുമാണ്. ഇളങ്കോ കുമാരവേലാണ് തിരക്കഥ. രാജീവ് മേനോന്‍ ചിത്രം ‘സര്‍വം താളമയ’ത്തിന്റെ തിരക്കഥാകൃത്താണ് ഇളങ്കോ കുമാരവേല്‍. നിര്‍മാണം മണിരത്‌നവും ലൈക പ്രൊഡക്ഷന്‍സും ചേര്‍ന്നാണ്. അഞ്ചു ഭാഗങ്ങള്‍ ഉള്ള ബ്രഹ്‌മാണ്ഡ നോവല്‍ ആണ് പൊന്നിയിന്‍ സെല്‍വന്‍. അതു ചുരുക്കി, രണ്ടു ഭാഗങ്ങളായുള്ള സിനിമയുമായാണ് മണിരത്‌നത്തിന്റെ വരവ്. രണ്ടാം ഭാഗം അടുത്തവര്‍ഷം തിയറ്ററുകളിലെത്തും.