കല്യാണി പ്രിയനങ്കിളിന്റെ മകള്‍ തന്നെ എന്ന് ഉറപ്പിക്കുന്ന രീതിയിലായിരുന്നു ആ പ്രകടനം: വിനീത് ശ്രീനിവാസന്‍

ഹൃദയം സിനിമയില്‍ നിത്യ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന നടിയെ തേടി തനിക്ക് ഒരുപാടൊന്നും നടക്കേണ്ടി വന്നിരുന്നില്ലെന്ന് വിനീത് ശ്രീനിവാസന്‍. കല്യാണി പ്രിയദര്‍ശന്‍ ആണ് ചിത്രത്തില്‍ നിത്യ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്.

ആദ്യ കാഴ്ചയില്‍ തന്നെ ഇഷ്ടം തോന്നുന്ന ഒരു മുഖം വേണം നിത്യയെ അവതരിപ്പിക്കാന്‍ എന്ന നിര്‍ബന്ധമാണ് കല്യാണിയില്‍ എത്തിച്ചത്. ഹൃദയത്തില്‍ കല്യാണിയുടെ കഥാപാത്രത്തിന്റേതായുള്ള ഹ്യൂമര്‍ ഡയലോഗുകളൊക്കെ വളരെ രസകരമായിട്ടാണ് കല്യാണി അവതരിപ്പിച്ചത്.

കല്യാണി പ്രിയനങ്കിളിന്റെ മകള്‍ തന്നെ എന്ന് ഉറപ്പിക്കുന്ന രീതിയിലായിരുന്നു പ്രകടനം. ആദ്യത്തെ ഒന്നു രണ്ട് ഷോട്ട് കഴിഞ്ഞപ്പോള്‍ തന്നെ അക്കാര്യം തനിക്ക് ബോധ്യമായി. മിക്ക സീനുകളിലും അത്രയ്ക്ക് മികച്ച രീതിയിലാണ് കല്യാണി ഹ്യൂമര്‍ ചെയ്തത്.

കല്യാണിയുടെ ചില തമിഴ്, തെലുങ്ക് സിനിമകള്‍ കാണുമ്പോള്‍ സ്‌ക്രീനില്‍ വല്ലാത്തൊരു തിളക്കം കൊണ്ടു വരാന്‍ കഴിവുള്ള നടിയാണെന്ന് തോന്നിയിട്ടുണ്ട്. കല്യാണിയോട് കഥ പറയാന്‍ പോകുന്നത് തന്നെ അങ്ങനെയാണ്.

കഥ പറയുമ്പോള്‍ കല്യാണിയുടെ മുഖത്തുള്ള എക്സ്പ്രഷന്‍ നോക്കിയാല്‍ നമുക്ക് മനസിലാകും ആ സീന്‍ വര്‍ക്കാകുമോയെന്ന് അത്രയ്ക്കും എക്സ്പ്രസീവാണ് അവര്‍ എന്ന് വിനീത് പറയുന്നു. പ്രണവിന്റെ ഷൂട്ട് ചെയ്യുമ്പോള്‍ പലപ്പോഴും താന്‍ ലാലേട്ടനെയാണ് കണ്ടതെന്നും വിനീത് പറയുന്നുണ്ട്.

പ്രണവിന്റെ കണ്ണുകളിലുണ്ടാകുന്ന തിളക്കവും അദ്ദേഹത്തിന്റെ ചിരിയുമെല്ലാം താന്‍ ശ്രദ്ധിച്ചിരുന്നെന്നും അരുണായി മാറാന്‍ പ്രണവിന് എളുപ്പത്തില്‍ സാധിക്കുമെന്ന് തനിക്ക് ഉറപ്പായിരുന്നെന്നും വിനീത് പറയുന്നു.