സിനിമയില്‍ അഭിനയിച്ച് പണമുണ്ടാക്കി ഒരു സെക്കൻഡ് ഹാൻഡ് കാർ വാങ്ങണം എന്നായിരുന്നു ലക്ഷ്യം: വിജയ് സേതുപതി

തെന്നിന്ത്യൻ സിനിമയിൽ തന്റേതായ സ്ഥാനമുണ്ടാക്കിയെടുത്ത താരമാണ് വിജയ് സേതുപതി. തെന്നിന്ത്യൻ സിനിമയിൽ നായക കഥാപാത്രത്തെ കൂടാതെ സ്റ്റൈലിഷ് വില്ലൻ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ള നടനാണ് വിജയ് സേതുപതി.

വിക്രം വേദയിലെ നെഗറ്റീവ് ഷേയ്ടുള്ള കഥാപാത്രത്തിന് മികച്ച പ്രശംസകളായിരുന്നു വിജയ് സേതുപതിക്ക് ലഭിച്ചത്. അതിന് ശേഷം ലോകേഷ് കനകരാജ്- വിജയ് കൂട്ടുക്കെട്ടിൽ പുറത്തിറങ്ങിയ ‘മാസ്റ്ററി’ലും താരം വില്ലനായിരുന്നു. അതിന് ശേഷം വന്ന ലോകേഷ് ചിത്രം ‘വിക്ര’ത്തിലും വിജയ് സേതുപതിയുടെ സന്തനം എന്ന പ്രതിനായക വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഇപ്പോഴിതാ സിനിമയിലേക്ക് വരുന്നതിന് മുൻപുള്ള തന്റെ ജീവിതം ഓർത്തെടുക്കുകയാണ് വിജയ് സേതുപതി. സിനിമയിലെത്തി പണമുണ്ടാക്കി ഒരു സെക്കന്റ് ഹാൻഡ് കാർ വാങ്ങണം എന്നായിരുന്നു തന്റെ ആദ്യ ലക്ഷ്യമെന്നാണ് വിജയ് സേതുപതി പറയുന്നത്.

“ജീവിതത്തിൽ പല ജോലികൾ ചെയ്ത് മുന്നോട്ട് പോവുന്നതിനിടെ ഒരു ദിവസം ഞാൻ ഒരു ഡ്രാമ തിയേറ്റർ കണ്ടു. ഞാൻ അവരുടെ അടുത്ത് ചെന്ന് ആക്ടിംഗ് കോഴ്സിന് ചേര്‍ക്കാമോ എന്ന് ചോദിച്ചു. എന്നാൽ അവര്‍ക്ക് ഒരു അക്കൗണ്ടന്‍റിനെയായിരുന്നു വേണ്ടത്. അങ്ങനെ ഞാൻ ആ തീയറ്ററില്‍ അക്കൗണ്ടന്റായി ചേർന്നു. അങ്ങനെ രണ്ടു വർഷം അവിടെ അക്കൗണ്ടന്റായിരുന്നു. അക്കൗണ്ടന്റായി ജോലി ചെയ്യുമ്പോൾ ഞാൻ അഭിനേതാക്കളെ നിരീക്ഷിക്കുകയായിരുന്നു. കാരണം അവിടെ പോയാൽ ഇവരെ നിരീക്ഷിച്ചാല്‍ എല്ലാ ഭാവങ്ങളും പഠിക്കാമെന്നും ഒരു നടനാകുമെന്നും ഞാൻ കരുതി.

ഒരു നായകനോ മികച്ച നടനോ ആകുക എന്നതായിരുന്നില്ല ആദ്യ ലക്ഷ്യം സിനിമയില്‍ അഭിനയിച്ച് പണം നേടി ഒരു സെക്കൻഡ് ഹാൻഡ് കാർ വാങ്ങുക, എല്ലാ മാസവും കൃത്യമായി വാടക കൊടുക്കുക അതുവഴി അതുണ്ടാക്കുന്ന ടെന്‍ഷന്‍ ഒഴിവാക്കുക. എന്തെങ്കിലും അവസരത്തിനായി മറ്റൊരാള്‍ക്ക് മുന്‍പില്‍ നില്‍ക്കുന്ന അവസ്ഥ ഒഴിവാക്കുക ഇതൊക്കെയായിരുന്നു ലക്ഷ്യം. എനിക്ക് ആത്മാഭിമാനം വേണമായിരുന്നു. ശരിക്കും ജീവിതം ഒരു നേര്‍വഴിയല്ല, അത് 360 ഡിഗ്രി പഠനമാണ്” തമിഴ് മാധ്യമമായ മാഷബിളിന് നൽകിയ അഭിമുഖത്തിലാണ് വിജയ് സേതുപതി ഇങ്ങനെ പറഞ്ഞത്.