ഓഡീഷൻ വല്ലതും നടക്കുന്നുണ്ടോ എന്നറിയാനാണ് ഞാൻ അദ്ദേഹത്തെ വിളിച്ചത്, കോടികൾ മുടക്കിയ സിനിമയിൽ നിന്റെ മുഖം കാണാനാണോ ആളുകൾ വരുന്നത് എന്നാണ് തിരിച്ച് ചോദിച്ചത്: സിജു വിത്സൻ

ചെറിയ ചില വേഷങ്ങളിലൂടെ തിളങ്ങി ഇന്ന് നായകനടനായി മാറിയ താരമാണ് സിജു വിത്സൻ. നേരം, പ്രേമം, ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള, വാസന്തി, പത്തൊൻപതാം നൂറ്റാണ്ട് തുടങ്ങീ സിനിമകളിലൂടെ മികച്ച പ്രകടനമാണ് സിജു വിത്സൻ നടത്തിയത്.

സിജു വിത്സൻ നായകനായെത്തിയ ‘പഞ്ചവത്സര പദ്ധതി’ തിയേറ്ററുകളിൽ മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ മുന്നേറുകയാണ്. ഇപ്പോഴിതാ സിനിമയിൽ മുൻപ് താൻ നേരിട്ട ചില അനുഭവങ്ങണങ്ങളെ പറ്റി സംസാരിക്കുകയാണ് സിജു വിത്സൻ. പല സംവിധായകരോടും അവസരം ചോദിച്ച് ചെന്നിട്ടുണ്ടെന്നും, ചിലരൊക്കെ ചീത്ത വിളിച്ചിട്ടുണ്ടെന്നും സിജു വിത്സൻ പറയുന്നു. ഒരിക്കല് അറിയപ്പെടുന്ന ഒരു സംവിധായകനെ വിളിച്ചപ്പോൾ കോടികൾ മുടക്കിയ സിനിമയിൽ നിന്റെ മുഖം കാണാനാണോ ആളുകൾ വരുന്നത് എന്ന് അയാൾ തിരിച്ചു ചോദിച്ചുവെന്നും സിജു വിത്സൻ പറയുന്നു.

“സെവൻസിന്റെ സമയത്ത് ജോഷി സാറിൻ്റെ അടുത്ത് ചാൻസ് ചോദിച്ച് പോയിട്ടുണ്ട്. ചാൻസ് തെണ്ടി നടക്കുന്ന സമയമായിരുന്നു അത്. അന്ന് പക്ഷെ അവസരം കിട്ടിയില്ല. പിന്നീട് പത്തൊൻപതാം നൂറ്റാണ്ടിൻ്റെ ലോഞ്ചിന് ജോഷി സാറിന്റെ അടുത്താണ് ഞാൻ ഇരുന്നത്. ഞാൻ ചാൻസ് ചോദിച്ചു വന്നിരുന്ന കാര്യം അന്ന് അദ്ദേഹത്തോട് പറയുകയും ചെയ്‌തു. പക്ഷെ സാർ അത് ഓർക്കുന്നുണ്ടായിരുന്നില്ല. പണ്ട് നടന്ന കാര്യമല്ലേ. വിനയൻ സാറിന്റെ മുന്നിലൂടെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുകയൊക്കെ ചെയ്‌തിരുന്നു. കണ്ടിട്ടെങ്കിലും എടുക്കട്ടെ എന്നു കരുതി. നമ്മൾ വിചാരിക്കുന്നത് ഒടുക്കത്തെ ലുക്ക് ആണന്നല്ലേ.

ഇങ്ങനെ ഒരുപാട് പേരുടെ അടുത്ത് അവസരം ചോദിച്ചിട്ടുണ്ട്. ഒരാൾ ചീത്ത വിളിച്ചിട്ടുമുണ്ട്. ആരാണെന്ന് ഞാൻ പറയുന്നില്ല. അറിയപ്പെടുന്ന സംവിധായകനാണ്. ഒരു സുഹൃത്തിൻ്റെ റഫറൻസിലാണ് അദ്ദേഹത്തെ പോയി കണ്ടത്. കുറെ നേരം കാത്തുനിന്നിട്ടാണ് അദ്ദേഹത്തെ കണ്ടത്. ഞാൻ ഫോട്ടോകളും മറ്റുമെല്ലാം കൊടുത്തു. അദ്ദേഹം വിളിക്കാമെന്ന് പറഞ്ഞു. ഞാൻ തിരിച്ചു പോന്നു.

കുറെ കഴിഞ്ഞിട്ടും അദ്ദേഹത്തിൻ്റെ വിളിയൊന്നുമില്ലാതിരുന്നപ്പോൾ ഞാൻ അദ്ദേഹത്തെ അങ്ങോട്ട് വിളിച്ചു. ഞാൻ കാര്യങ്ങൾ എന്തായി എന്നറിയാൻ വേണ്ടി വിളിച്ചതാണെന്ന് പറഞ്ഞു. അദ്ദേഹം തിരിച്ച് താൻ ആരാണെന്നാണ് തന്റെ വിചാരം എന്ന രീതിയിൽ ഇങ്ങോട് ചീത്ത വിളിച്ചു തുടങ്ങി. ഞാൻ കുറച്ചു നേരം കേട്ടുനിന്നു. കോടികൾ മുടക്കി നിർമിക്കുന്ന സിനിമയിൽ നിന്റെ മുഖം കാണാനാണോ ആളുകൾ വരുന്നത് എന്ന് അദ്ദേഹം ചോദിച്ചു.

അന്ന് ചെറിയ സങ്കടമൊക്കെ തോന്നിയിരുന്നു. വേറൊന്നും പ്രതീക്ഷിച്ചല്ല, ഓഡീഷൻ വല്ലതും നടക്കുന്നുണ്ടോ എന്നറിയാനാണ് ഞാൻ വിളിച്ചിരുന്നത്. പുള്ളി ചിലപ്പോൾ വേറെന്തെങ്കിലും സിറ്റുവേഷനിൽ ഇരിക്കുകയായിരിക്കും ആ സമയത്തായിരിക്കും എൻ്റെ കോൾ വന്നിട്ടുണ്ടാകുക. പക്ഷെ, അതൊക്കെ സിനിമയുമായി മുന്നോട്ട് പോകാനുള്ള ഊർജമായിരുന്നു.” എന്നാണ് മൈൽസ്റ്റോൺ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിൽ സിജു വിത്സൻ പറഞ്ഞത്.

പി. ജി പ്രേംലാൽ ആണ് പഞ്ചവത്സര പദ്ധതി സംവിധാനം ചെയ്തിരിക്കുന്നത്. സോഷ്യല്‍ സറ്റയര്‍ ആയി ഒരുങ്ങിയ ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. പുതുമുഖ നായിക കൃഷ്ണേന്ദു എ.മേനോൻ ആണ് ചിത്രത്തിൽ സിജു വിൽസന്റെ നായികയായെത്തിയിരിക്കുന്നത്.

തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്ത് സജീവ് പാഴൂർ ആണ് ചിത്രത്തിന് വേണ്ടി തിരക്കഥയെഴുതുന്നത്. ആക്ഷേപഹാസ്യത്തിലൂടെ കഥപറയുന്ന ചിത്രത്തിന് വേണ്ടി ഷാൻ റഹ്മാൻ ആണ് സംഗീതമൊരുക്കുന്നത്. ആൽബിയാണ് ചിത്രത്തിന് വേണ്ടി ഛായാഗ്രഹണം നിർവഹിക്കുന്നത്.

പിപി കുഞ്ഞികൃഷ്ണൻ, നിഷ സാരംഗ്, സുധീഷ് ,മുത്തുമണി, വിജയകുമാർ, ചെമ്പിൽ അശോകൻ, ബിനോയ് നമ്പാല, ഹരീഷ് പേങ്ങൻ,സിബി തോമസ്,ജിബിൻ ഗോപിനാഥ്, ആര്യ സലിം, ജോളി ചിറയത്ത്, ലാലി. പി. എം തുടങ്ങീ ശ്രദ്ധേയമായ താരങ്ങളാണ് ചിത്രത്തിൽ വേഷമിടുന്നത്.

എഡിറ്റർ : കിരൺ ദാസ്, ലിറിക്‌സ് : റഫീഖ് അഹമ്മദ്, ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ, ആർട്ട് : ത്യാഗു തവനൂർ, മേക്കപ്പ് : രഞ്ജിത്ത് മണലിപ്പറമ്പിൽ, സ്റ്റൻഡ്‌സ് : മാഫിയാ ശശി, വസ്ത്രാലങ്കാരം : വീണാ സ്യമന്തക്, പ്രൊഡക്ഷൻ കൺട്രോളർ :ജിനു.പി.കെ, സൗണ്ട് ഡിസൈൻ : ജിതിൻ ജോസഫ്, സൗണ്ട് മിക്സ് : സിനോയ് ജോസഫ്, വി എഫ് എക്സ് : അമൽ, ഷിമോൻ.എൻ.എക്സ്(മാഗസിൻ മീഡിയ), ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ : എ.കെ.രജിലേഷ്, അസ്സോസിയേറ്റ് ഡയറക്ടർ : രാജേഷ് തോമസ്, ഫിനാൻസ് കൺട്രോളർ : ധനേഷ് നടുവള്ളിയിൽ, സ്റ്റിൽസ് : ജസ്റ്റിൻ ജെയിംസ്, പബ്ലിസിറ്റി ഡിസൈനർ: ആന്റണി സ്റ്റീഫൻ, പി ആർ ഓ : പ്രതീഷ് ശേഖർ.