കുഞ്ഞ് കരഞ്ഞപ്പോള്‍ വാഷ് ബേസിനില്‍ ഇരുത്തി, പിന്നെ ഫ്രിഡ്ജില്‍ കയറ്റി, ബോറടിച്ചപ്പോ പിന്നെ..; ബേസിലിന്റെയും ഹോപ്പിന്റെയും വീഡിയോ, പങ്കുവച്ച് എലിസബത്ത്

കഴിഞ്ഞ ദിവസമാണ് ബേസില്‍ ജോസഫ് തന്റെ 34-ാം ജന്മദിനം ആഘോഷിച്ചത്. ‘വെണ്ണിലാ ചന്ദനക്കിണ്ണം..’ എന്ന് പാടികൊണ്ട് വള്ളം തുഴഞ്ഞുപോവുന്ന ബേസിലിന്റെ രസകരമായൊരു വീഡിയോ പങ്കുവച്ചു കൊണ്ടായിരുന്നു നടന്‍ ടൊവിനോ തോമസ് താരത്തിന് ജന്മദിനാശംസകള്‍ നേര്‍ന്നത്. ഇത് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരുന്നു.

എന്നാല്‍ കൂടുതല്‍ വൈറലായത് ബേസിലിന്റെ ഭാര്യ എലിസബത്ത് പങ്കുവച്ച പോസ്റ്റ് ആണ്. മകള്‍ ഹോപ്പിനൊപ്പമുള്ള ബേസിലിന്റെ വീഡിയോ പങ്കുവച്ചാണ് എലിസബത്തിന്റെ പോസ്റ്റ്. ‘ഹാപ്പി ബര്‍ത്ത്‌ഡേ ഒരിക്കലും വളരാത്ത ഹോപ്പിന്റെ അപ്പാ’ എന്ന ക്യാപ്ഷനോടെ പങ്കുവച്ച വീഡിയോ വൈറലാവുകയാണ്.

ഹോപ്പിനെ അരമണിക്കൂര്‍ സമയത്തേക്ക് ബേസിലിനെ ഏല്‍പ്പിച്ചു പോയപ്പോഴുണ്ടായ രസകരമായൊരു അനുഭവമാണ് വീഡിയോയില്‍ എലിസബത്ത് പങ്കുവച്ചത്. എലിസബത്ത് എവിടെയോ പോയി തിരിച്ചു വരുമ്പോള്‍ വാതിലും തുറന്നിട്ട് പുറത്തേക്ക് നോക്കിയിരിക്കുന്ന ബേസിലിനെയും കുഞ്ഞു ഹോപ്പിനെയുമാണ് വീഡിയോയില്‍ കാണാനാവുക.


”ഇതെന്താ ഇവിടെയിരിക്കുന്നേ? ഞാന്‍ പോയപ്പോള്‍ ഹോപ്പിന് ഇച്ചിരി കൂടി തുണിയുണ്ടായിരുന്നല്ലോ? ആ പാന്റ് എവിടെപ്പോയി?’ എന്ന് എലിസബത്ത് തിരക്കുന്നുണ്ട്. ‘അത് വാഷ് ബേസിലിലെ വെള്ളം മേലായിട്ട് ഊരി കളഞ്ഞു” എന്നാണ് ബേസിലിന്റെ മറുപടി.

‘അതിന് വാഷ് ബേസിലില്‍ എന്തിനാ പോയത്’ എന്നായി എലിസബത്ത്. ‘കരഞ്ഞപ്പോള്‍ ഞാന്‍ അതിനകത്ത് കൊണ്ടിരുത്തി. പിന്നെ കുറച്ചുനേരം ഫ്രിഡ്ജില്‍ കയറ്റി. ചോക്ക്‌ലേറ്റൊക്കെ നിലത്തിട്ടിട്ടുണ്ട്. പിന്നെ ബോറടിച്ചപ്പോ ലിഫ്റ്റ് കാണിക്കാമെന്നോര്‍ത്ത് പുറത്തിറങ്ങി ഇരുന്നതാ.”

”ലിഫ്റ്റ് കണ്ടപ്പോള്‍ ഇച്ചിരി സമാധാനമായി” എന്നാണ് ചിരിയോടെ ബേസില്‍ പറയുന്നത്. ഈ വീഡിയോ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. ‘ഈ മനുഷ്യന് ഒരിക്കലും തന്ത വൈബ് കിട്ടൂല’, ‘പുറത്തുപോയാല്‍ ധ്യാന്‍, വീട്ടില്‍ എത്തിയാ എലിസബത്ത്. ബേസില്‍ പാവം എയറില്‍ തന്നെ’ എന്നിങ്ങനെയുള്ള കമന്റുകളാണ് വീഡിയോക്ക് താഴെ എത്തുന്നത്.