ന്യൂസ് ക്ലിക്ക് എഡിറ്റര്‍ പ്രബീര്‍ പുര്‍കായസ്തയുടെ അറസ്റ്റ് നിയമവിരുദ്ധമെന്ന് സുപ്രീം കോടതി; ഉടന്‍ വിട്ടയ്ക്കണമെന്ന് ഉത്തരവ്; കേന്ദ്രത്തിന്റെ ഡല്‍ഹി പൊലീസിന്റെ യുഎപിഎ കണ്ടെത്തല്‍ അസാധു

ന്യൂസ് ക്ലിക്ക് കേസില്‍ എഡിറ്റര്‍ പ്രബിര്‍ പുരസ്‌കായയ്‌ക്കെതിരായ അറസ്റ്റും റിമാന്‍ഡും നിയമവിരുദ്ധമെന്ന് സുപ്രീം കോടതി. യുഎപിഎ കേസില്‍ ന്യൂസ് ക്ലിക്ക് സ്ഥാപകന്‍ പ്രബീര്‍ പുരകായസ്തയെ അടിയന്തരമായി വിട്ടയക്കണമെന്ന് കൂടി സുപ്രീംകോടതി ഉത്തരവിട്ടു. കേന്ദ്രസര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള ഡല്‍ഹി പൊലീസ് മോദി സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനം ഉയര്‍ത്തുന്ന ന്യൂസ് ക്ലിക്കിനെതിരെ യുഎപിഎയ്‌ക്കൊപ്പം ക്രിമനില്‍ ഗൂഢാലോചനയും സമൂഹത്തില്‍ സ്പര്‍ധവളര്‍ത്തലുമെല്ലാം ആരോപിച്ചാണ് 2023 ഒക്ടോബറില്‍ ചീഫ് എഡിറ്റര്‍ പ്രബീര്‍ പുര്‍കായസ്തയെ അറസ്റ്റ് ചെയ്തത്. യുഎപിഎ കേസില്‍ അറസ്റ്റും റിമാന്‍ഡും അസാധുവാണെന്ന് കൂടി ജസ്റ്റിസ് ബി.ആര്‍. ഗവായ്, സന്ദീപ് മേത്ത എന്നിവരുടെ ബെഞ്ച് നിരീക്ഷിച്ചു.

ഡല്‍ഹി പോലീസ് ഭീകരവിരുദ്ധ നിയമപ്രകാരം പ്രബീര്‍ പുര്‍കായസ്തയെ അറസ്റ്റ് ചെയ്തത് നിയമവിരുദ്ധമാണെന്ന് സുപ്രീം കോടതി പ്രഖ്യാപിച്ചു. വിചാരണക്കോടതിയെ തൃപ്തിപ്പെടുത്തുന്ന തരത്തില്‍ ബോണ്ടുകള്‍ നല്‍കി പുര്‍കായസ്തയെ ഉടന്‍ വിട്ടയക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ടു.റിമാന്‍ഡ് ഉത്തരവ് പുറപ്പെടുവിക്കുംമുമ്പ് പ്രബീറിനോ അഭിഭാഷകനോ റിമാന്‍ഡ് അപേക്ഷയുടെ പകര്‍പ്പ് നല്‍കിയിരുന്നില്ല. ഇത് സ്വാഭാവിക നീതിയുടെ നിഷേധമാണ്. അറസ്റ്റ് നടപടികളിലെ ഡല്‍ഹി പൊലീസിന്റെ വീഴ്ച കൂടി ചൂണ്ടിക്കാട്ടിയാണ് ന്യൂസ്‌ക്ലിക്ക് എഡിറ്ററെ വിട്ടയക്കണമെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചത്.

അറസ്റ്റ് ചെയ്തതിന്റെ കാരണം പോലും നല്‍കിയില്ലെന്നത് കണ്ടിട്ട് ഈ അറസ്റ്റ് അങ്ങേയറ്റം ദുഷിച്ചതാണെന്ന് പറയാന്‍ ഈ കോടതിയ്ക്ക് ഒരു മടിയുമില്ല. കസ്റ്റഡിയില്‍ നിന്ന് വിടാനും അപേക്ഷകന് അര്‍ഹതയുണ്ട്. റിമാന്‍ഡ് ഉത്തരവ് അസാധുവാണ്.

ജസ്റ്റിസ് മേത്തയുടെ വാക്കുകള്‍ എത്ര ഭീകരമായാണ് ഒരാളെ കേന്ദ്രസര്‍ക്കാരിന്റെ പൊലീസ് നിയമവിരുദ്ധമായി പൂട്ടിയതെന്ന് വ്യക്തമാക്കുന്നത് കൂടിയാണ്. ഡല്‍ഹി പോലീസ് എടുത്ത യു.എ.പി.എ. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രബീര്‍ പുരകായസ്ത സുപ്രീംകോടതിയെ സമീപിച്ചതോടെയാണ് അറസ്റ്റും റിമാന്‍ഡുമെല്ലാം തന്നെ അസാധുവാണെന്ന് പരമോന്നത കോടതി വ്യക്തമാക്കിയത്. എഫ്.ഐ.ആര്‍. റദ്ദാക്കണമെന്ന ആവശ്യം ഡല്‍ഹി ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് പുര്‍കായസ്ത സുപ്രീം കോടതിയെ സമീപിച്ചത്. മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബലാണ് പുര്‍കായസ്തയ്ക്ക് വേണ്ടി ഹാജരായത്.

Read more