ഫോമിലുള്ള ഋഷഭ് പന്തല്ല പകരം അയാൾ ലോകകപ്പ് ടീമിലെ ഒന്നാം നമ്പർ വിക്കറ്റ് കീപ്പർ, ബിസിസിഐയുടെ അപ്രതീക്ഷിത നീക്കം ഇങ്ങനെ; റിപ്പോർട്ടുകൾ

റിപ്പോർട്ടുകൾ പ്രകാരം, ടി20 ലോകകപ്പിനുള്ള ഇന്ത്യയുടെ ഫസ്റ്റ് ചോയ്സ് വിക്കറ്റ് കീപ്പറായി രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസണിനൊപ്പം സെലക്ഷൻ കമ്മിറ്റി മുന്നോട്ട് പോകാൻ സാധ്യത. ഇതിനർത്ഥം, ഫോമിലുള്ള ഡൽഹി ക്യാപിറ്റൽസ് റിഷഭ് പന്ത് രണ്ടാം ചോയ്‌സ് ആയിരിക്കും അല്ലെങ്കിൽ ഒഴിവാക്കപ്പെടും എന്നാണ്. ഇപ്പോൾ നടക്കുന്ന ഐപിഎല്ലിൽ പന്തും സാംസണും മിന്നുന്ന പ്രകടനം നടത്തുന്നതിനാൽ ഇരുവരും ടീമിൽ ഇടം കണ്ടെത്താനും സാധ്യതയുണ്ട്. സഞ്ജുവിനെ സംബന്ധിച്ച് ഈ സീസണിൽ നായകൻ എന്ന നിലയിൽ ബാറ്റർ എന്ന നിലയിലും കീപ്പർ എന്ന നിലയിലും നടത്തുന്ന മികച്ച പ്രകടനങ്ങൾക്ക് അദ്ദേഹം ടീമിൽ ഉണ്ടാകണം എന്ന ആവശ്യം ശക്തമാണ്.

അതേസമയം ടി20 ലോകകപ്പിൽ കളിക്കേണ്ട ഇന്ത്യൻ ടീമിനെ തിരഞ്ഞെടുത്ത് വെസ്റ്റ് ഇൻഡീസ് മുൻ ക്യാപ്റ്റൻ ബ്രയാൻ ലാറ ഇന്ന് തിരഞ്ഞെടുത്തിരുന്നു. തന്റെ 15 അംഗ ടീമിൽനിന്ന് ശുഭ്മാൻ ഗിൽ, കെഎൽ രാഹുൽ, പേസർ മുഹമ്മദ് സിറാജ് എന്നിവരെ ലാറ ഒഴിവാക്കി. അവർക്ക് പകരം യശസ്വി ജയ്സ്വാൾ, സഞ്ജു സാംസൺ, ഋഷഭ് പന്ത്, യുവ പേസ് സെൻസേഷൻ മായങ്ക് യാദവ് എന്നിവരെ തിരഞ്ഞെടുത്തു. രാജസ്ഥാൻ റോയൽസിന്റെ പേസർ സന്ദീപ് ശർമ്മയെ ലാറ തന്റെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതാണ് ലാറയുടെ ടീമിൻറെ വലിയ പ്രത്യേകതയും.

ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ, മുഖ്യ പരിശീലകൻ രാഹുൽ ദ്രാവിഡ്, മറ്റ് ഉദ്യോഗസ്ഥർ എന്നിവരുമായി സെലക്ഷൻ കമ്മിറ്റി ഞായറാഴ്ച കൂടിക്കാഴ്ച നടത്തി. ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീം മേയ് ഒന്നിനകം പ്രഖ്യാപിക്കും.

രോഹിത് ശർമ, ജസ്പ്രീത് ബുംറ, സൂര്യകുമാർ യാദവ്, കുൽദീപ് യാദവ്, രവീന്ദ്ര ജഡേജ എന്നിവർക്ക് ടീമിൽ ഇടം ഉറപ്പിക്കാം. സ്‌ട്രൈക്ക് റേറ്റിന്റെ കാര്യത്തിൽ വിമർശനം നേരിടുന്നുണ്ടെങ്കിലും റൺ വാരിക്കൂട്ടുന്ന വിരാട് കോഹ്‌ലിക്കും ഇടം പ്രതീക്ഷിക്കാം.