അങ്ങനെ സംഭവിക്കുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല, പേര് മാറ്റത്തിലൂടെ ഞാൻ എയറിലായി, ട്രോളുകളും വിമർശനങ്ങളും നേരിട്ടതിനെ കുറിച്ച് വിജയ് ദേവരകൊണ്ട

അർജുൻ റെഡ്ഡി എന്ന ഒറ്റ ചിത്രത്തിലൂടെ തെന്നിന്ത്യയിൽ തരം​ഗമായി മാറിയ താരമാണ് വിജയ് ദേവരകൊണ്ട. ഈ സിനിമയ്ക്ക് ശേഷം തെലു​ഗുവിന് പുറമെ മറ്റ് ഭാഷകളിലും താരത്തിന് ആരാധകരെ ലഭിച്ചു. വിജയപരാജയങ്ങൾ മാറിമാറിഞ്ഞുളള ഒരു കരിയറാണ് താരത്തിന്റേത്. ലൈ​ഗർ എന്ന സിനിമയുടെ സമയത്ത് തന്റെ പേരിനൊപ്പം ദി എന്ന ടാ​ഗ് ചേർത്തതിനെ ചൊല്ലി ഉണ്ടായ വിമർശനങ്ങളെ കുറിച്ച് മനസുതുറന്നിരിക്കുകയാണ് വിജയ്. 2022ലാണ് ലൈ​ഗർ പുറത്തിറങ്ങിയത്. വലിയ പ്രതീക്ഷയോടെ എടുത്ത ചിത്രം എന്നാൽ തിയേറ്ററുകളിൽ പരാജയമായി മാറി.

ലൈ​ഗർ സിനിമയുടെ പ്രൊമോഷന്റെ ഭാ​ഗമായി ദി വിജയ് ദേവരകൊണ്ട എന്നാണ് താരം പേരിനൊപ്പം ചേർത്തത്. തൻ‌റെ പിആർ ടീമാണ് ഇങ്ങനെ ചെയ്യാൻ നിർദേശിച്ചതെന്ന് വിജയ് ദേവരകൊണ്ട പറയുന്നു. ദളപതി, മെ​ഗാസ്റ്റാർ, യൂണിവേഴ്സൽ സ്റ്റാർ, തുടങ്ങി മറ്റ് താരങ്ങൾ ഉപയോ​ഗിക്കുന്ന ടാ​ഗുകളോട് താരതമ്യപ്പെടുത്തുമ്പോൾ ദി എന്നത് ലളിതവും അതേസമയം വ്യത്യസ്തവുമായ ടാ​ഗായിരിക്കുമെന്ന് എന്റെ ടീം നിർദേശിച്ചു. എന്നാൽ ഇങ്ങനെ ചെയ്തതിന് ശേഷം ഈയൊരു മാറ്റം ആരാധകർക്കും മാധ്യമങ്ങൾക്കുമിടയിൽ വലിയ വിമർശനങ്ങൾ‌ക്ക് വഴിവച്ചു.

“എന്റെ പേരിന് മുൻപ് ദി എന്നത് ചേർത്തതിന് ഞാൻ വിമർ‌ശനം നേരിട്ടു. രസകരമായ കാര്യം മറ്റാർ‌ക്കും ഇത്തരമൊരു ടാ​ഗിന് വിമർശനം നേരിടേണ്ടി വന്നിട്ടില്ല എന്നതാണ്. യൂണിവേഴ്സൽ സ്റ്റാർ മുതൽ പീപ്പിൾസ് സ്റ്റാർ വരെ. എന്റെ മുൻപും ശേഷവും സിനിമയിൽ അരങ്ങേറ്റം കുറിച്ചവർക്കെല്ലാം തന്നെ ടാ​ഗുകൾ ഉണ്ട്. എന്നാൽ ഞാൻ മാത്രമാണ് ഇത്തരത്തിൽ വിമർശനം നേരിട്ടത്”, വിജയ് ദേവരകൊണ്ട പറഞ്ഞു. ദി ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യയോട് ആണ് സൂപ്പർതാരം മനസുതുറന്നത്.

Read more