"എനിക്ക് ഇനി മിമിക്രി ചെയ്ത് തെളിയിക്കേണ്ട ആവശ്യമില്ല, നേടാനുള്ളത് ഞാൻ നേടിക്കഴിഞ്ഞു"; ടിനി ടോം

മലയാളി പ്രേക്ഷകർക്ക് സുപരിചിതനായ നടനാണ് ടിനി ടോം. കഴിഞ്ഞ ദിവസം ട്രോളന്മാരെക്കുറിച്ച് നടന്‍ പറഞ്ഞ വാക്കുകൾ സോഷ്യൽ മീഡിയയിൽ ഏറെ ചര്‍ച്ചയായിരുന്നു. തുടർന്ന് ടിനി ടോമിനെതിരെ കടുത്ത രീതിയിലുള്ള സൈബര്‍ ആക്രമണമാണ് നടന്നത്. ഇപ്പോഴിതാ തനിക്കെതിരെ നേരിട്ട സൈബര്‍ ആക്രമണത്തിനെതിരെ പ്രതികരിക്കുകയാണ് അദ്ദേഹം. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിനിടെയാണ് അദ്ദേഹം ഇക്കാര്യത്തെപ്പറ്റി സംസാരിച്ചത്.

‘ട്രോളുകള്‍ എന്‍ജോയ് ചെയ്യാറുണ്ട്. ഹേറ്റേഴ്‌സ് ആര്‍ മൈ ഫാന്‍സ്. തനിക്ക് ഇനി മിമിക്രി ചെയ്ത് തെളിയിക്കേണ്ട ആവശ്യമില്ല. താന്‍ കഴിഞ്ഞ ദിവസം ഒരു ബ്ലൈന്‍ഡ് സ്‌കൂളില്‍ പോയിരുന്നു. വര്‍ഷത്തിലൊരിക്കല്‍ ഒരു കാന്‍സര്‍ വാര്‍ഡോ ബ്ലൈന്‍ഡ് സ്‌കൂളോ സന്ദര്‍ശിച്ചാല്‍ നമുക്ക് അഹങ്കാരമുണ്ടാവില്ല. അവിടെ കൊച്ചുകുഞ്ഞുങ്ങളാണ്.

അവരെ കണ്ടപ്പോള്‍ ഓര്‍ത്തത് ദൈവം തനിക്ക് രണ്ട് കണ്ണ് തന്നിട്ടുണ്ടല്ലോ എന്നാണ്. എനിക്ക് സിനിമയുടെ കുടുംബപാരമ്പര്യമൊന്നുമില്ല. ട്രൂപ്പുകളിലേക്ക് വന്നു. പിന്നെ ലോകം മുഴുവന്‍ കറങ്ങാന്‍ പറ്റി. ബ്രൂണേ, ഹോങ്കോങ്, പോലെയുള്ള സ്ഥലങ്ങളിലേക്ക് തന്നെ മലയാളികള്‍ ക്ഷണിച്ചിട്ടുണ്ടെന്നും നടന്‍ പറഞ്ഞു.

മിമിക്രി കൊണ്ട് സിനിമയിലേയ്ക്ക് ഒരു എന്‍ട്രി ആണ് ഉദ്ദേശിച്ചത്, മിമിക്രി കൊണ്ട് നേടാനുള്ളത് നേടിക്കഴിഞ്ഞു എന്നും ടിനി ടോം പറഞ്ഞു. ‘സിനിമയിലേക്ക് ഒരു എന്‍ട്രി ആണ് ഉദ്ദേശിച്ചത്. മിമിക്രി കൊണ്ട് എന്താണോ നേടാനുള്ളത് അത് ഞാന്‍ നേടി. 10 വര്‍ഷം മുമ്പ് പ്രാഞ്ചിയേട്ടനിലേക്ക് എന്‍ട്രി ലഭിച്ചു. മമ്മൂക്ക തന്നെയാണ് എന്നെ സെലക്റ്റ് ചെയ്ത് ഡ്യൂപ്പ് ആക്കുന്നത്.

ഇവന്‍ പെര്‍ഫെക്റ്റാണ്, ഇവന്റെ ഷോള്‍ഡര്‍ കറക്റ്റാണെന്നൊക്കെ പറഞ്ഞ് തന്നെ ക്ഷണിക്കുന്നത് മമ്മൂക്കയാണ്. അദ്ദേഹം വഴിയാണ് സിനിമയിലെത്തുന്നത്. ആരേയും വെറുപ്പിച്ചിട്ടില്ലെന്നും ടിനി ടോം കൂട്ടിച്ചേര്‍ത്തു