രണ്ട് പ്രായഘട്ടങ്ങള്‍ അവതരിപ്പിക്കുക എന്നത് വലിയ വെല്ലുവിളിയായിരുന്നു: ഫൈനല്‍സിലെ കഥാപാത്രത്തെ കുറിച്ച് ടിനി ടോം

രജിഷ വിജയന്‍ കേന്ദ്ര കഥാപാത്രമായി എത്തിയ ചിത്രം ഫൈനല്‍സ് തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറിക്കൊണ്ടിരിക്കുകയാണ്. നവാഗതനായ പി ആര്‍ അരുണ്‍ ഒരുക്കിയ ചിത്രത്തെ പ്രശംസിച്ച് നിരവധി പേരാണ് രംഗത്ത് വരുന്നത്. കട്ടപ്പനയിലേക്കൊരു ഒളിമ്പിക്സ് മെഡല്‍ സ്വപ്നം കാണുന്ന വര്‍ഗീസ് മാഷിന്റെയും മകള്‍ ആലീസിന്റെയും കഥ പറയുന്ന ചിത്രത്തില്‍ ശ്രദ്ധേയ പ്രകടനത്തിലൂടെ ടിനി ടോമും പ്രശംസ പിടിച്ചു പറ്റുന്നു. ചിത്രത്തില്‍ രണ്ട് പ്രായഘട്ടങ്ങള്‍ അവതരിപ്പിക്കുക എന്നത് വലിയ വെല്ലുവിളിയായിരുന്നു എന്നാണ് ടിനി പറയുന്നത്.

‘ഫൈനല്‍സില്‍ കഥാപാത്രത്തിന്റെ രണ്ട് പ്രായഘട്ടങ്ങള്‍ അവതരിപ്പിക്കുന്നുണ്ട്. ഇതിലെ ചെറുപ്പകാലവും പ്രായമായ കാലവും തനിമ ചോരാതെ അവതരിപ്പിക്കുക എന്നത് വലിയ വെല്ലുവിളിയായിരുന്നു. പ്രായമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നതാണ് കൂടുതല്‍ ശ്രമകരമായ ജോലി. അത് വിജയിക്കുമ്പോഴാണ് ഒരു നടന്‍ എന്ന അര്‍ത്ഥത്തില്‍ കൂടുതല്‍ സന്തോഷം തോന്നുന്നത്.’ മാതൃഭൂമിയുമായുള്ള അഭിമുഖത്തില്‍ ടിനി ടോം പറഞ്ഞു.

സുരാജ് കൂടെയുള്ളത് വളരെ ഗുണകരമായിരുന്നെന്നും ടിനി പറയുന്നു. ‘പ്രായമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സമയത്ത് ഞങ്ങള്‍ പരസ്പരം ചര്‍ച്ച ചെയ്തിരുന്നു. എന്റെ പോരായ്മകള്‍ സുരാജും സുരാജിന്റെ പോരായ്മകള്‍ ഞാനും ചൂണ്ടിക്കാട്ടിയാണ് കഥാപാത്രത്തെ നന്നാക്കാന്‍ ശ്രമിച്ചത്. ചിത്രത്തില്‍ ഇത് വളരെ ഗുണകരമായിട്ടുണ്ടെന്നാണ് കരുതുന്നത്.’ ടിനി പറഞ്ഞു.