ഞാനും പരീക്ഷകളില്‍ തോറ്റിട്ടുണ്ട്, എത്രവലിയ പരീക്ഷയും ജീവനേക്കാള്‍ വലുതല്ല; വിദ്യാര്‍ത്ഥികളോട് നടന്‍ സൂര്യ , വീഡിയോ

നീറ്റ് പരീക്ഷാ പരാജയ ഭീതിയില്‍ തമിഴ്‌നാട്ടില്‍ വിദ്യാര്‍ത്ഥികള്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതികരിച്ച് നടന്‍ സൂര്യ. ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് നടന്റെ പ്രതികരണം. ഒന്നിനോടും ഭയമല്ല വേണ്ടത്, ധൈര്യമായി ഇരുന്നാല്‍ ജീവിതത്തില്‍ വിജയിക്കാമെന്ന് അദ്ദേഹം വിദ്യാര്‍ത്ഥികളെ ഓര്‍മ്മപ്പെടുത്തുന്നു.

ആത്മഹത്യയും ജീവിതം അവസാനിപ്പിക്കണമെന്ന തോന്നലും നിങ്ങളെ സ്നേഹിക്കുന്നവര്‍ക്ക് കൊടുക്കുന്ന ഏറ്റവും വലിയ ശിക്ഷയാണെന്ന് മറക്കരുതെന്നും സൂര്യ പറയുന്നു.

ഭയമില്ലാതെ ആത്മവിശ്വാസത്തോടെ ഇരിക്കണം. നിങ്ങള്‍ക്ക് കഴിഞ്ഞ മാസമോ ആഴ്ചയിലോ ഉണ്ടായിരിക്കുന്ന ചെറിയ എന്തെങ്കിലും വിഷമമോ വേദനയോ ഇപ്പോള്‍ മനസില്‍ കുടിയിരിക്കുന്നുവോയെന്ന് ആലോചിച്ച് നോക്കൂ. അത് കുറയുകയോ ഇല്ലാതാവുകയോ ചെയ്തിട്ടുണ്ടാകും. എത്ര വലിയ പരീക്ഷയും ജീവനേക്കാള്‍ വലുതല്ല. അദ്ദേഹം വീഡിയോയില്‍ പറഞ്ഞു.

ഞാന്‍ പരീക്ഷകളില്‍ തോറ്റിട്ടുണ്ട്, മോശമായ മാര്‍ക്ക് വാങ്ങിയിട്ടുണ്ട്. നിങ്ങളില്‍ ഒരാളപ്പോലെ ഞാന്‍ പറയാന്‍ ആഗ്രഹിക്കുകയാണ്, നേടാന്‍ കുറേയേറെ കാര്യങ്ങള്‍ നമുക്ക് മുന്നിലുണ്ട്. ധൈര്യമായി ഇരുന്നാല്‍ ജീവിതത്തില്‍ വിജയിക്കാം- സൂര്യ വീഡിയോയില്‍ പറയുന്നു.