അനുസരണയുടെ അങ്ങേയറ്റമാണ് അടിമത്തം, അനുസരണക്കേട് കാണിക്കുന്നവരാണ് നല്ല കുട്ടികള്‍, അവര്‍ സമൂഹത്തോട് ചോദ്യങ്ങള്‍ ചോദിക്കും: സുരാജ് വെഞ്ഞാറമ്മൂട്

 

എം. പത്മകുമാര്‍ സംവിധാനം ചെയ്യുന്ന പത്താം വളവ് എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായി ഒരു കോളേജില്‍ നടന്‍ സുരാജ് വെഞ്ഞാറമ്മൂട് നടത്തിയ പ്രസംഗത്തിന്റെ ഭാഗമാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്.

കാശ് കൊടുത്താല്‍ വാങ്ങാന്‍ പറ്റാത്ത സമൂഹമാണ് വിദ്യാര്‍ത്ഥിസമൂഹമെന്നും വിവിധ രാഷ്ട്രീയ നിലപാടുകളുള്ളവരാണെങ്കിലും പ്രശ്നം വന്നാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഒരൊറ്റ രാഷ്ട്രീയമേയുള്ളൂവെന്നുമായിരുന്നു സുരാജ് പറഞ്ഞത്.

‘പലരും പറയും അനുസരണയുള്ള കുട്ടികളാണ് നല്ല കുട്ടികളെന്ന്. പക്ഷേ അല്ല. അനുസരണയുള്ള കുട്ടികളല്ല നല്ല കുട്ടികള്‍. അനുസരണക്കേട് കാണിക്കുന്നവരാണ് നല്ല കുട്ടികള്‍. കാരണം അവരാണ് സമൂഹത്തിനോട് നല്ല നല്ല ചോദ്യങ്ങള്‍ ചോദിക്കുന്നത്.

അനുസരണയുടെ അങ്ങേയറ്റമാണ് അടിമത്തം. അനുസരണ കൂടിക്കൂടി അടിമത്വത്തിലേക്ക് പൊയ്ക്കൊണ്ടിരിക്കും. അതുകൊണ്ട് സമൂഹത്തോട് ചോദ്യങ്ങള്‍ ചോദിക്കുക. കാരണം നിങ്ങള്‍ക്ക് മാത്രമേ അത് സാധിക്കൂ. കാശ് കൊടുത്താല്‍ അരി വാങ്ങാം, പഞ്ചസാര വാങ്ങാം, മണ്ണെണ്ണ വാങ്ങാം, വേണമെങ്കില്‍ സര്‍ക്കാരിനെ തന്നെ വിലയ്ക്കു വാങ്ങാം. പക്ഷെ കാശ് കൊടുത്താല്‍ വാങ്ങാന്‍ പറ്റാത്ത ഒരേയൊരു സമൂഹമേയുള്ളു. അത് വിദ്യാര്‍ത്ഥി സമൂഹമാണ്. അദ്ദേഹം വ്യക്തമാക്കി.