ഇന്നയാളുടെ മകനാണ് എന്ന ബെനഫിറ്റ് നൂറ് ശതമാനം ഇവർക്ക് കിട്ടും, ഒരുപാട് ശ്രമിക്കുന്ന പിള്ളേരേക്കാളും നൂറ് മടങ്ങ് എളുപ്പമാണ് ഇവർക്ക് : സുചിത്ര മോഹൻലാൽ

‘ഹൃദയ’ത്തിന് ശേഷം പ്രണവ് മോഹൻലാലിനെ നായകനാക്കി വിനീത് ശ്രീനിവാസൻ സംവിധാനംചെയ്ത ഏറ്റവും പുതിയ ചിത്രമാണ് ‘വർഷങ്ങൾക്കു ശേഷം’. ധ്യാൻ ശ്രീനിവാസനും ചിത്രത്തിൽ പ്രണവിനൊപ്പം പ്രധാന വേഷത്തിലെത്തുന്നുണ്ട്.

എഴുപതുകളിൽ സിനിമാമോഹവുമായി ചെന്നൈയിലെത്തുന്ന യുവാക്കളുടെ കഥയാണ് ചിത്രത്തിന്റെ പ്രമേയം. ഹൃദയത്തിന് ശേഷം വിനീത്- പ്രണവ്- കല്ല്യാണി കോമ്പോ ഒന്നിക്കുന്നതുകൊണ്ട് തന്നെ വലിയ പ്രതീക്ഷയിലാണ് ചിത്രത്തെ പ്രേക്ഷകർ നോക്കികാണുന്നത്. കൂടാതെ 2013- ൽ പുറത്തിറങ്ങിയ ഏറെ നിരൂപക പ്രശംസകൾ നേടിയ ‘തിര’ എന്ന ചിത്രത്തിന് ശേഷം ധ്യാൻ ശ്രീനിവാസനും വിനീതും ഒന്നിക്കുന്ന ചിത്രം കൂടിയാണ് വർഷങ്ങൾക്കു ശേഷം.

ഇപ്പോഴിതാ പ്രണവിനെ പറ്റിയും സിനിമ മേഖലയിലെ നെപ്പോട്ടിസത്തെ കുറിച്ചും സംസാരിക്കുകയാണ് പ്രണവിന്റെ അമ്മ സുചിത്ര മോഹൻലാൽ. നെപ്പോട്ടിസം തീർച്ചയായും സിനിമയിൽ ഉണ്ടെന്നാണ് സുചിത്ര പറയുന്നത്. പക്ഷേ തങ്ങൾക്ക് അറിയാവുന്ന മേഖലയിലേക്കല്ലേ കുട്ടികളെ ഗൈഡ് ചെയ്യാൻ കഴിയൂ എന്നാണ് സുചിത്ര ചോദിക്കുന്നത്.

“നെപ്പോട്ടിസം തീർച്ചയായും ഉണ്ട്. ഇവർക്ക് 100 ശതമാനം അതിന്റെ ബെനഫിറ്റ്സ് കിട്ടിയിട്ടുമുണ്ട്. ഇന്നയാളുടെ മകനാണ് എന്ന ബെനഫിറ്റ് നൂറ് ശതമാനം ഇവർക്ക് കിട്ടും. ഒരുപാട് ശ്രമിക്കുന്ന പിള്ളേരേക്കാളും 100 മടങ്ങ് എളുപ്പമാണ് ഇവർക്ക്. ഇല്ല എന്ന് ഞാൻ പറയുന്നില്ല. പക്ഷേ നമുക്ക് അറിയുന്ന ഒരു മേഖലയിലേക്കല്ലേ കുട്ടികളെ നമുക്ക് ഗൈഡ് ചെയ്യാൻ പറ്റുകയുള്ളൂ.

ഡോക്ടേഴ്സ്, എഞ്ചിനിയേഴ്സ്, ബിസിനസുകാർ തുടങ്ങി നിരവധി മേഖലകളിൽ പ്രവർത്തിക്കുന്നവരില്ലേ. സ്വാഭാവികമായും ഇവരുടെ മക്കൾ ആ ഫീൽഡിൽ വരും. ഞാൻ ഒരു ഫിലിം ഫാമിലിയിൽ ജനിച്ചയാളാണ്. എന്റെ ഭർത്താവ് ഫിലിമിൽ നിൽക്കുന്ന ആളാണ്. അപ്പോൾ നമ്മൾ ഗൈഡ് ചെയ്യുന്നത് ഒരു ലൈനിൽ തന്നെയായിരിക്കും.

അപ്പുവിന്റെ കാര്യം പറഞ്ഞാൽ അവൻ ഓസ്ട്രേലിയയിൽ പോയി ഫിലോസഫി പഠിച്ചു വന്നു. ബി.എ ആണ് ചെയ്‌തത്‌. അത് കഴിഞ്ഞിട്ട് അവൻ ആ ഫീൽഡിൽ തുടർന്നില്ല. കൂടുതൽ പഠിച്ചിട്ട് ഒരു ടീച്ചർ അങ്ങനെ എന്തെങ്കിലും ആവുകയാണെങ്കിൽ ഓക്കെ. പക്ഷേ അവൻ അത് ചെയ്യുന്നില്ല. ഞാൻ ചോദിച്ചിട്ടുണ്ട് എന്താണ് നീ ട്രൈ ചെയ്യാത്തതെന്ന്. ഏത് പ്രൊഫഷനാണ് നീ എടുക്കാൻ ഉദ്ദേശിക്കുന്നതെന്ന് ചോദിച്ച സമയമുണ്ട്.

ഒരു ഡോക്‌ടറുടെ ഫാമിലി ആണെങ്കിൽ, ഞാൻ കണ്ട കുറേ ഫാമിലിയിൽ പാരന്റ്സ് ഡോക്ടേഴ്‌സ് ആണെങ്കിൽ ഏതെങ്കിലും ഒരു കുട്ടിയെങ്കിലും ആ പ്രൊഫഷൻ ഫോളോ ചെയ്യും. എഞ്ചിനീയർമാരുടെ മക്കൾ ആണെങ്കിൽ അങ്ങനെ. ഞാൻ വളർന്നത് ഒരു ഫിലിം ഫാമിലിയിലാണ്. എൻ്റെ അച്ഛൻ നിർമാതാവായിരുന്നു. വിവാഹം ചെയ്‌തത്‌ ഒരു നടനെയാണ്. നമ്മുടെ ബ്രെഡ് ആന്റ് ബട്ടർ അതാണ്.

നീ ഡോക്ടറാവണം, എഞ്ചിനിയറാവണം എന്നൊന്നും പറഞ്ഞ് മക്കളെ നിർബന്ധിക്കാൻ പറ്റില്ല. മക്കളിൽ ഒരാളെ എങ്കിലും ഡോക്ട‌ർ ആക്കണമെന്നുണ്ടായിരുന്നു. പക്ഷേ രണ്ട് പേർക്കും അതിൽ താത്പര്യം ഉണ്ടായിരുന്നില്ല. നമുക്ക് ഫോഴ്‌സ് ചെയ്യാൻ പറ്റില്ലല്ലോ. സിനിമയുടെ കാര്യത്തിലും ഫോഴ്‌സ് ചെയ്‌തിട്ടില്ല.

നമ്മൾ ഗൈഡ് ചെയ്‌തു. നമുക്കറിയുന്ന ഗൈഡൻസ് ഇതാണ്. ഈ ഇൻഡസ്ട്രിയാണല്ലോ നമ്മുടെ ജീവിതം. എന്തുകൊണ്ട് സിനിമയിൽ തന്നെ ശ്രമിച്ചൂടാ എന്ന് പലരും ചോദിച്ചിരുന്നു. ആ സമയത്താണ് അപ്പു ആദി ചെയ്യുന്നത്. അത് കഴിഞ്ഞിട്ട് രണ്ട് മൂന്ന് സിനിമ. എല്ലാ സിനിമകളും നന്നായി പോകണമെന്നൊന്നും ഇല്ല. ചിലത് നന്നാവും ചിലത് നന്നാവില്ല.

ഇപ്പോൾ ചേട്ടനുമായിട്ടാണ് അവനെ ചിലർ താരതമ്യം ചെയ്യുന്നത്. അത് നല്ലതാണെന്ന് തോന്നുന്നില്ല. ചേട്ടൻ ആദ്യ പടത്തിൽ വന്നത് ഒരു വില്ലനായിട്ടാണ്. അദ്ദേഹത്തിന് അത് കൺവിൻസ് ചെയ്യാൻ പറ്റി. എല്ലാവർക്കും ദേഷ്യം തോന്നിയത് അദ്ദേഹം അത് നന്നായി ചെയ്തതുകൊണ്ടാണ്. എല്ലാവരും അങ്ങനെ ചെയ്യണമെന്നില്ലല്ലോ. കുട്ടികൾ നടക്കാൻ പഠിക്കുന്നത് വീണിട്ടാണ്. അത്രയേ ഉള്ളൂ.” എന്നാണ് മൂവി വേൾഡ് മീഡിയക്ക് നൽകിയ അഭിമുഖത്തിൽ സുചിത്ര പറഞ്ഞത്.

Read more

നിവിൻ പോളി, കല്യാണി പ്രിയദർശൻ, അജു വർഗീസ്, ബേസിൽ ജോസഫ്, നീരജ് മാധവ്, വൈ. ജീ മഹേന്ദ്ര, ഷാൻ റഹ്മാൻ, നീത പിള്ള തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. മെറിലാന്‍റ് സിനിമാസിന്‍റെ ബാനറില്‍ വിശാഖ് സുബ്രഹ്മണ്യം നിർമ്മിക്കുന്ന ചിത്രത്തിന് വേണ്ടി ബോംബൈ ജയശ്രീയുടെ മകന്‍ അമൃത് രാംനാഥ് സംഗീത സംവിധാനമൊരുക്കുന്നത്.