വിജയങ്ങളും പരാജയങ്ങളും ഞാന്‍ ചെയ്ത തെറ്റുകളുമാണ് സിനിമയില്‍ നിന്നുള്ള എന്റെ സമ്പാദ്യം: ശിവകാര്‍ത്തികേയന്‍

സിനിമയുടെ വലിപ്പം ആഴത്തില്‍ മനസിലാക്കിയതിന് ശേഷം മാത്രമേ താന്‍ പ്രതിഫലം വാങ്ങാറുള്ളുവെന്ന് ശിവകാര്‍ത്തികേയന്‍. നിര്‍മ്മാതാവിന്റെ ശേഷിക്ക് അനുസരിച്ച് മാത്രമേ ഓരോ സിനിമയ്ക്കും പ്രതിഫലം വാങ്ങാറുള്ളു എന്നാണ് ശിവകാര്‍ത്തികേയന്‍ ഇപ്പോള്‍ തുറന്നു പറഞ്ഞിരിക്കുന്നത്.

കരാര്‍ ഒപ്പിടുന്നതിന് മുമ്പ് സിനിമയെ കുറിച്ച് ആഴത്തില്‍ മനസിലാക്കും. കരിയറിന്റെ തുടക്കം മുതലേ ഒരു നിശ്ചിത തുക പ്രതിഫലമായി വാങ്ങിയിരുന്നില്ല. ഓരോ സിനിമയ്ക്കും ഓരോ പ്രതിഫലമാണ് വാങ്ങുന്നത്. നിര്‍മാതാവിന്റെ ശേഷിക്ക് അനുസരിച്ച് പ്രതിഫലം കുറയ്ക്കാറുണ്ട്.

സിനിമയുടെ വലിപ്പം നോക്കിയശേഷമാണ് പ്രതിഫലത്തെ കുറിച്ച് തീരുമാനിക്കുകയുള്ളു. താന്‍ കാരണം നിര്‍മ്മാതാവിന് നഷ്ടം വരരുതെന്ന് നിശ്ചയമുണ്ട്. സിനിമയുടെ ബിസിനസിനെ ബാധിക്കാത്ത തരത്തിലേ ഞാന്‍ പരീക്ഷണം നടത്തൂ.

കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ ഉണ്ടായ സമ്പാദ്യം എന്ന് പറയുന്നത് വിജയങ്ങളും പരാജയങ്ങളും ഞാന്‍ ചെയ്ത തെറ്റുകളുമാണ്. അതെല്ലാമാണ് തന്റെ പാഠങ്ങള്‍ എന്നാണ് ശിവകാര്‍ത്തികേയന്‍ ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്. ഇതിനൊപ്പം സംവിധായകന്‍ ആകാനുള്ള തന്റെ ആഗ്രഹത്തെ കുറിച്ചും താരം പറയുന്നുണ്ട്.

സംവിധായകന്‍ നെല്‍സണ്‍ ദിലീപ് കുമാറിന്റെ അസിസ്റ്റന്റ് ഡയറക്ടര്‍ ആയി ശിവകാര്‍ത്തികേയന്‍ ജോലി ചെയ്തിട്ടുണ്ട്. സിനിമയില്‍ എത്തിയ ശേഷമാണ് സംവിധാനം എത്ര ബുദ്ധിമുട്ടാണെന്ന് മനസിലായത്. എങ്കിലും ഒരിക്കല്‍ സിനിമ സംവിധാനം ചെയ്യണമെന്ന ആഗ്രഹമുണ്ട് എന്നാണ് ശിവ കാര്‍ത്തികേയന്‍ പറയുന്നത്.