കല്യാണമല്ല ജീവിതത്തിന്റെ ഒരേയൊരു ലക്ഷ്യം, സന്തോഷവും സമാധാനവുമാണ് വലുതെന്ന് ഉറക്കെ പറയൂ: സിത്താര കൃഷ്ണകുമാര്‍

സ്ത്രീധന മരണങ്ങള്‍ വീണ്ടും വീണ്ടും റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ പ്രതികരിച്ച് ഗായിക സിത്താര കൃഷ്ണ കുമാര്‍. കല്യാണമല്ല ജീവിതത്തിന്റെ ഒരേയൊരു ലക്ഷ്യം എന്ന കാര്യം മനസ്സിലാക്കണമെന്ന് സിത്താര ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച കുറിപ്പിലൂടെ പറയുന്നു.

കല്യാണത്തിനേക്കാള്‍ ഏറെ സന്തോഷം തരിക പഠിപ്പും ജോലിയുമാണ്. കല്യാണത്തിന് സ്വര്‍ണം വാങ്ങില്ലെന്ന് ഉറപ്പിച്ച് പറയൂ, സ്ത്രീധനം ചോദിക്കുന്നവരെ ജീവിതത്തില്‍ വേണ്ടെന്ന് പറയൂ എന്ന് സിത്താര കുറിച്ചു.

സിതാര കൃഷ്ണകുമാറിന്റെ കുറിപ്പ്:

പെണ്‍കുഞ്ഞുങ്ങളെ പഠിക്കാന്‍ അനുവദിക്കൂ, യാത്ര ചെയ്യാന്‍ അനുവദിക്കൂ, സഹിക്കൂ, ക്ഷമിക്കൂ എന്നു പറഞ്ഞു പഠിപ്പിക്കലല്ല വേണ്ടത്. ഉള്ളതും ഇല്ലാത്തതുമായ പണം കൊണ്ട് സ്വര്‍ണവും പണവും ചേര്‍ത്ത് കൊടുത്തയക്കല്‍ തെറ്റാണെന്ന് എത്ര തവണ പറയണം. പ്രിയപ്പെട്ട പെണ്‍കുട്ടികളെ….

കല്യാണത്തിനായി സ്വര്‍ണം വാങ്ങില്ലെന്ന് നിങ്ങള്‍ ഉറപ്പിച്ചു പറയൂ, സ്ത്രീധനം ചോദിക്കുന്നവരെ ജീവിതത്തില്‍ വേണ്ടെന്ന് പറയൂ, പഠിപ്പും ജോലിയും പിന്നെ അതിലേറെ സന്തോഷവും സമാധാനവുമാണ് വലുതെന്ന് ഉറക്കെ പറയൂ. കല്യാണമല്ല ജീവിതത്തിന്റെ ഒരേയൊരു ലക്ഷ്യം.