12 വര്‍ഷത്തെ എക്‌സ്പീരിയന്‍സ് വെച്ചിട്ട് മമ്മൂട്ടിയുടെ അല്ലെങ്കില്‍ മോഹന്‍ലാലിന്റെ പ്രതിഫലം വേണമെന്ന് പറയാന്‍ എനിക്ക് തന്നെ നാണം വരും: സിജു വില്‍സണ്‍

വിനീത് ശ്രീനിവാസന്റെ സംവിധാനത്തിലൊരുങ്ങിയ മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബ് എന്ന ചിത്രത്തിലൂടെ വന്ന് മലയാളികളുടെ പ്രിയതാരമായി മാറിയ നടനാണ് സിജു വില്‍സണ്‍.

ഇപ്പോഴിതാ സിനിമാരംഗത്തെ പ്രതിഫലവിഷയത്തെക്കുറിച്ച് മനസ്സുതുറന്നിരിക്കുകയാണ് സിജു. 12 വര്‍ഷമായി താന്‍ സിനിമകളില്‍ അഭിനയിക്കുന്നുണ്ടെന്നും എന്നാല്‍ ഓരോരുത്തരും പ്രതിഫലത്തെക്കുറിച്ച് പറയുമ്പോള്‍ ഇത്ര വേനത്തിലേക്ക് എത്താന്‍ കഴിവുള്ള നടനോ നടിയോ ആണെന്ന് തെളിയിക്കുകയാണ് വേണ്ടതെന്ന് സിജു വില്‍സണ്‍ പറഞ്ഞു.

സിജു വില്‍സന്റെ വാക്കുകള്‍:

12 വര്‍ഷമായി സിനിമയില്‍ അഭിനയിക്കുന്നു. ഓരോ സിനിമയും ഓരോ അവസരമായിട്ടാണ് കാണുന്നത്. ഓരോരുത്തരും പ്രതിഫലത്തെ കുറിച്ച് പറയുമ്പോള്‍ ഇത്ര വേതനത്തിലേക്ക് എത്താനുള്ള നടിയാണ് അല്ലെങ്കില്‍ നടനാണ് എന്ന് തെളിയിക്കണം എന്നൊക്കെ പറയാറുണ്ട്. എന്നാല്‍, എന്നെക്കാള്‍ പ്രതിഫലം വാങ്ങുന്ന ഫീമെയില്‍ അഭിനേതാക്കള്‍ മലയാളത്തിലുണ്ട്.

ഇന്ന് കാണുന്ന വലിയ നടന്മാരൊക്കെ അത്ര കഷ്ടപ്പെട്ടാണ് ഈ നിലയില്‍ എത്തിയത്. ഞാന്‍ ആദ്യമായ് അഭിനയിക്കുമ്പോള്‍ പ്രതിഫലം ഒന്നും നോക്കിയിട്ടില്ല. അവസരം കിട്ടുക എന്നതായിരുന്നു വലുത്. എന്റെ തന്നെ ഉദാഹരണം പറഞ്ഞാല്‍, 12 വര്‍ഷത്തെ എക്സ്പീരിയന്‍സ് വെച്ചിട്ട് മമ്മൂട്ടിയുടെ അല്ലെങ്കില്‍ മോഹന്‍ലാലിന്റെ പ്രതിഫലം വേണമെന്ന് പറയാന്‍ എനിക്ക് തന്നെ നാണം വരും. ചിലപ്പോള്‍ ജോലിക്കനുസരിച്ചുള്ള വേതനവും കിട്ടാറില്ല. നല്ല കഥാപാത്രങ്ങള്‍ക്കായി വേതനത്തില്‍ കോംപ്രമൈസ് ചെയ്യേണ്ടി വരും.