തിലകന്‍ ചേട്ടനോട് പറയാന്‍ പാടില്ലാത്തതാണ് ഞാന്‍ പറഞ്ഞത്, ഒടുവില്‍ എന്തും വരട്ടയെന്ന് കരുതി ക്ഷമ ചോദിച്ചു: സിദ്ദിഖ് പറയുന്നു

താരസംഘടനയായ അമ്മയില്‍ നിന്ന് തിലകനെ വിലക്കിയ സമയത്ത് അദ്ദേഹത്തെ എതിര്‍ത്ത് സംസാരിച്ചതില്‍ കുറ്റബോധം തോന്നിയിട്ടുണ്ടെന്ന് നടന്‍ സിദ്ദിഖ്. ഒരിക്കലും പറയാന്‍ പാടില്ലാത്തതാണ് താന്‍ പറഞ്ഞതെന്നും അദ്ദേഹത്തെ ഏറെ വേദനിപ്പിച്ചുവെന്നും ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സിദ്ദിഖ് വ്യക്തമാക്കി. അമ്മ സംഘടനയ്ക്കും തിലകനുമിടയില്‍ അകല്‍ച്ചയുണ്ടായിരുന്ന കാലത്ത് അത് മാറ്റാന്‍ ഇടപെട്ടിട്ടുണ്ടോ എന്ന ചോദ്യത്തിനാണ് സിദ്ദിഖിന്റെ മറുപടി.

തിലകന്‍ ചേട്ടന്‍ നടത്തിയ അഭിപ്രായങ്ങളെ ശക്തമായി വിമര്‍ശിക്കുകയാണ് ചെയ്തത്. അത് പിന്നീട് തിലകന്‍ ചേട്ടന്റെ മകള്‍ തന്നോട് പറഞ്ഞിരുന്നു, മറ്റ് പലരും പറഞ്ഞതിനേക്കാള്‍ ചേട്ടന്‍ പറഞ്ഞത് അച്ഛന് ഏറെ വേദനിച്ചുവെന്ന്. ഒരു ചാനല്‍ പരിപാടിക്ക് ശേഷം തിലകനോട് ക്ഷമ ചോദിച്ച കാര്യവും സിദ്ദിഖ് പറയുന്നുണ്ട്. താനും തിലകന്‍ ചേട്ടനും നവ്യ നായരുമായിരുന്നു ഒരു ചാനല്‍ പരിപാടിയിലെ വിധികര്‍ത്താക്കള്‍.

അന്ന് ഏത് സമയത്ത് വേണമെങ്കിലും അദ്ദേഹം പൊട്ടിത്തെറിക്കാം എന്ന ഭയം ഉള്ളിലുണ്ടായിരുന്നു. പരിപാടിക്കിടെ വളരെ വാല്‍സല്യത്തോടെയാണ് നവ്യയോട് പെരുമാറുന്നത്. തന്നോട് മിണ്ടുന്നില്ല. എന്തും വരട്ടയെന്ന് കരുതി താന്‍ തിലകന്‍ ചേട്ടനോട് പറഞ്ഞു. എന്നോട് ക്ഷമിക്കണം. ചേട്ടനോട് ചെയ്യാന്‍ പാടില്ലാത്ത തെറ്റ് ചെയ്തു. ചെയ്യാന്‍ പാടില്ലായിരുന്നുവെന്ന്.

ആ തിരിച്ചറിവുണ്ടായല്ലോ അതു മതി എന്നാണ് അപ്പോള്‍ അദ്ദേഹം പറഞ്ഞത്. അന്ന് പിന്നെ നല്ല രീതിയില്‍ സംസാരിച്ചു. കാരണം അതിന് മുമ്പ് ഉള്ള ബന്ധം അത്രത്തോളം ദൃഢമായിരുന്നു. താനായിട്ട് തന്നെയായിരുന്നു അത് നശിപ്പിച്ചത്. അന്ന് അമ്മ സംഘടനയുടെ ഭാഗത്ത് നിന്ന് അദ്ദേഹത്തെ വിമര്‍ശിക്കാന്‍ പാടില്ലായിരുന്നു. ഇപ്പോഴും അദ്ദേഹത്തോട് ക്ഷമ ചോദിക്കുന്നു എന്നാണ് സിദ്ദിഖ് പറഞ്ഞത്.