പ്രായപൂര്‍ത്തിയാകാത്ത മക്കളെ വരെ വേട്ടയാടുന്നു, ക്രിമിനലായി ചിത്രീകരിക്കുന്നു; 25 കോടി നഷ്ടപരിഹാരം നല്‍കണമെന്ന് ശില്‍പ ഷെട്ടി

അശ്ലീല വീഡിയോ നിര്‍മ്മാണക്കേസില്‍ അറസ്റ്റിലായ രാജ് കുന്ദ്രയുടെ ഭാര്യയും നടിയുമായ ശില്‍പ ഷെട്ടി മാനനഷ്ടക്കേസുമായി ബോംബെ ഹൈക്കോടതിയില്‍. തന്റെ അന്തസ്സിന് കളങ്കം വരുന്ന രീതിയില്‍ വാര്‍ത്തകള്‍ കൊടുക്കുന്നുവെന്നും, പ്രായ പൂര്‍ത്തിയാകാത്ത മക്കളുടെ ചിത്രങ്ങള്‍ ദുരുപയോഗം ചെയ്യുന്നുവെന്നും കാണിച്ചാണ് നടി പരാതി നല്‍കിയിരിക്കുന്നത്. വ്യവസായിയായ ഭര്‍ത്താവ് രാജ്കുന്ദ്ര ഉള്‍പെട്ട നീലച്ചിത്ര കേസില്‍ തെറ്റായി റിപ്പോര്‍ട്ട് ചെയ്ത് തന്നെ അപകീര്‍ത്തിപ്പെടുത്തിയെന്നാരോപിച്ചാണ് ഇവര്‍ കോടതിയെ സമീപിച്ചിരിക്കുന്നത്.

29 മാധ്യമ സ്ഥാപനങ്ങള്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കുമെതിരെ ബോംബെ ഹൈക്കോടതിയിലാണ് മാനനഷ്ടക്കേസ് ഫയല്‍ ചെയ്തത്. 25 കോടി മാനനഷ്ടം നല്‍കണമെന്നാണ് ആവശ്യം. ആരാധകര്‍, സമൂഹ മാധ്യമങ്ങളില്‍ പിന്തുണക്കുന്നവര്‍, പരസ്യക്കമ്പനികള്‍, ബിസിനസ് പങ്കാളികള്‍, സുഹൃത്തുക്കള്‍ എന്നിവര്‍ക്കിടയില്‍ തന്റെ ഖ്യാതിക്ക് കോട്ടം തട്ടിക്കുന്ന നിരവധി റിപ്പോര്‍ട്ടുകളാണ് മാധ്യമങ്ങള്‍ നല്‍കിയതെന്ന് പരാതിയില്‍ പറയുന്നു.

ഭരണഘടനയുടെ 21ാം വകുപ്പു പ്രകാരം തന്റെ ഖ്യാതി വ്യക്തി സ്വാതന്ത്ര്യത്തിന്റെ ഒഴിച്ചുകൂടാനാവാത്ത ഭാഗമാണ്. അതിനാല്‍, സമാനമായ റിപ്പോര്‍ട്ടുകള്‍ തുടര്‍ന്നും നല്‍കുന്നത് ഒഴിവാക്കാന്‍ കോടതി ഇടപെടണം. കേസ് നാളെ പരിഗണിക്കും.രാജ് കുന്ദ്ര അശ്ലീല വീഡിയോ നിര്‍മ്മാണക്കേസില്‍ അറസ്റ്റിലായതിന് പിന്നാലെ ശില്‍പയെ ബന്ധപ്പെടുത്തി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.