കഴിഞ്ഞ പത്ത് വര്‍ഷമായി മലയാളികള്‍ ഏറ്റവും കൂടുതല്‍ കാണുന്നത് എന്റെ വീഡിയോ ആണ്, അത് നമ്മുടെ ഭാഗ്യം', സന്തോഷ് പണ്ഡിറ്റ്

നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റ് ബസില്‍ യാത്ര ചെയ്യുന്നതിന്റെ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. തിരുവനന്തപുരത്തെ ഒരു കുടുംബത്തെ സഹായിക്കാനായിരുന്നു സന്തോഷിന്റെ ആ യാത്ര. ഇപ്പോഴിതാ തന്റെ സിനിമാ ജീവിതവും ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നവര്‍ക്ക് കൈത്താങ്ങായി മാറാന്‍ പ്രചോദനം ആകുന്നതെന്തെന്നും തുറന്നു പറയുകയാണ് സന്തോഷ് ഇപ്പോള്‍.

ചെറിയ സഹായങ്ങള്‍ ആണ് ചെയ്യുന്നതെന്നും ഹെവി ആയിട്ട് ചെയ്യാന്‍ ഞാന്‍ അംബാനീടെ മോനൊന്നുമല്ലല്ലോ എന്നും സന്തോഷ് പണ്ഡിറ്റ് ചോദിക്കുന്നു. ‘എന്റെ സിനിമ 100കോടി ക്ലബിലൊന്നും കേറുന്നില്ല, കഴിഞ്ഞ 10 വര്‍ഷമായി മലയാളികള്‍ ഏറ്റവും കൂടുതല്‍ കാണുന്നത് എന്റെ സിനിമയാണ്’, സന്തോഷ് പണ്ഡിറ്റ് മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

‘കഴിഞ്ഞ ഒന്നര വര്‍ഷമായി ഞാന്‍ ഇങ്ങനെ തന്നെയാണ്. എല്ലാ പരിപാടികള്‍ക്കും ബസിനു തന്നെയാണ് വരുന്നത്. കിട്ടുന്നതിന്റെ പകുതി ആയിരുന്നു ഞാന്‍ മറ്റുള്ളവര്‍ക്ക് കൊടുത്തിരുന്നത്. എന്റെ സിനിമ 100കോടി ക്ലബിലൊന്നും കേറുന്നില്ല. കുറച്ച് കിട്ടുന്നുള്ളു. ആ കിട്ടുന്നതില്‍ നിന്നെടുത്തിട്ടാണ് ഞാന്‍ എന്റെ കാര്യം, സിനിമയുടെ കാര്യം, സാമൂഹ്യ സേവനം ഇത്രയും ചെയ്യുന്നത്. കഴിഞ്ഞ പത്ത് വര്‍ഷമായി മലയാളികള്‍ ഏറ്റവും കൂടുതല്‍ കാണുന്നത് സന്തോഷ് പണ്ഡിറ്റിന്റെ വീഡിയോ ആണ്. അത് നമ്മുടെ ഭാഗ്യം’, സന്തോഷ് പണ്ഡിറ്റ് കൂട്ടിച്ചേര്‍ത്തു.