ഒരു മാസമായിട്ടും കാല് ശരിയായിട്ടില്ല, ഇപ്പോള്‍ നടക്കാന്‍ പേടിയാണ്.. സിനിമകളും ചെയ്യാറില്ല; വെളിപ്പെടുത്തി സലിം കുമാര്‍

അടുത്തിടെ വീണ് കാല് ഒടിഞ്ഞതിനാല്‍ നടക്കാന്‍ പേടിയാണെന്ന് നടന്‍ സലിം കുമാര്‍. മണികണ്ഠന്‍ പട്ടാമ്പിയും സലിം ഹസനും ചേര്‍ന്ന് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ‘പഞ്ചായത്ത് ജെട്ടി’ എന്ന ചിത്രത്തിന്റെ പൂജാ ചടങ്ങില്‍ സംസാരിക്കവെയാണ് സലിം കുമാര്‍ തന്റെ കാലൊടിഞ്ഞ കാര്യം പറഞ്ഞത്.

”ഞാന്‍ സുഖമില്ലാതെ ഇരിക്കുകയായിരുന്നു. ഒരു കണ്ണട വാങ്ങാന്‍ ഒരു കടയില്‍ കയറിയതാണ്. ഒരു സ്റ്റെപ്പ് കണ്ടില്ല. ഇങ്ങനെ ഇരുന്ന കാല് ഇങ്ങനെ ആയിപ്പോയി. ഒരു മാസം കഴിഞ്ഞിട്ടും കാലു ശരിയായിട്ടില്ല. നടക്കാന്‍ വല്ലാത്ത പേടിയുണ്ട്. രണ്ടുമൂന്നു പ്രാവശ്യം വീണ്ടും ഇതിനിടയ്ക്ക് വീണു.”

”അപ്പൊ മനസ്സ് പറഞ്ഞു വയസ് 54 ആയി” എന്നാണ് സലിം കുമാര്‍ പൂജാ ചടങ്ങിനിടെ പറയുന്നത്. അതേസമയം, മറിമായം പരമ്പരയിലുള്ള താരങ്ങള്‍ ഒരുക്കുന്ന ചിത്രത്തിന് പ്രശംസകളും സലിം കുമാര്‍ അറിയിക്കുന്നുണ്ട്. തന്നെ ഈ ചിത്രത്തില്‍ അഭിനയിക്കാന്‍ വിളിച്ചപ്പോഴുള്ള കാര്യങ്ങളും സലിം കുമാര്‍ പങ്കുവയ്ക്കുന്നുണ്ട്.

”സലിം ഹസന്‍ എന്നെ വിളിച്ചിട്ട് പറഞ്ഞു, ചേട്ടാ ഞങ്ങള്‍ ഒരു പടം ചെയ്യുന്നുണ്ട്. അപ്പോള്‍ ഞാന്‍ വിചാരിച്ചു പടത്തിന്റെ പ്രമോഷന് വേണ്ടി എന്തെങ്കിലും പറയാനായാണെന്ന്. ഞാന്‍ പറഞ്ഞു വന്നോളൂ, പറയാം എന്ന്. പക്ഷേ ഇവര്‍ എന്നെ ഈ സിനിമയില്‍ അഭിനയിപ്പിക്കാനാണ് നോക്കിയത്.”

”പക്ഷേ ഞാന്‍ വയ്യാണ്ട് ഇരിക്കുകയായിരുന്നു. കുറെ കാലമായി അഭിനയിച്ചിട്ട്. പണ്ട് ഇവരുടെ 500 എപ്പിസോഡിലേക്ക് എന്നെ വിളിച്ചിരുന്നു. ചേട്ടാ വന്നിട്ട് അഭിനയിച്ചിട്ട് പോകണം എന്ന് പറഞ്ഞെങ്കില്‍ ഞാന്‍ അഭിനയിച്ചേനെ. പക്ഷേ ഇവര്‍ എന്നെ വിളിച്ചിട്ട് എത്രയാണ് റേറ്റ് എന്ന് ചോദിച്ചു. ഞാന്‍ എന്റെ കാശ് പറഞ്ഞു.”

”പിന്നെ ഇവരെ ആ വഴിക്ക് പോലും കണ്ടില്ല. അത് എനിക്ക് വലിയ സങ്കടമായി. കാരണം ഇവരുടെ കൂടെ അഭിനയിക്കാന്‍ എനിക്ക് ആഗ്രഹമുണ്ടായിരുന്നു. പക്ഷേ എന്റെ കാശ് എത്രയാണെന്ന് ചോദിച്ചപ്പോള്‍ അത് എനിക്ക് പറയാതിരിക്കാന്‍ പറ്റില്ലല്ലോ. ഇവര്‍ ഒന്നും തരാനില്ല ചേട്ടാ എന്ന് പറഞ്ഞാലും ഞാന്‍ അഭിനയിച്ചേനെ.”

”അത്രയ്ക്ക് ആഗ്രഹമായിരുന്നു. ഇവര്‍ എന്റെ സൗഹൃദം ഒന്നും മുതലെടുത്തിട്ടില്ല. ഒരു കച്ചവടക്കാരന്റെ സ്വഭാവം ഞാന്‍ കാണിക്കുകയും ചെയ്തു. ഒരുപാട് സിനിമകള്‍ വന്നിട്ടും അഭിനയിക്കാതെ വിട്ട സമയങ്ങളാണ് ഇത്. ഇവര്‍ വന്ന് വിളിച്ചപ്പോള്‍ മൂന്നുനാലു ദിവസമേ ഉള്ള ഷൂട്ട് എന്ന് പറഞ്ഞപ്പോള്‍ എന്നാല്‍ ഞാന്‍ വന്നു ചെയ്യാം എന്ന് പറഞ്ഞു” എന്നാണ് സലിം കുമാര്‍ പറയുന്നത്.