ശബരിമലയില്‍ പ്രതികള്‍ പദ്ധതിയിട്ടത് വന്‍കവര്‍ച്ച നടത്താനാണെന്ന് ഹൈക്കോടതിയില്‍ എസ്‌ഐടി. ശബരിമല സ്വര്‍ണക്കടത്തില്‍ ഗുരുതര വെളിപ്പെടുത്തലുമായാണ് എസ്‌ഐടി റിപ്പോര്‍ട്ട്. വലിയ രീതിയില്‍ കവര്‍ച്ച നടത്താനായി പങ്കജ് പണ്ടാരിയും, ബെല്ലാരിയിലെ സ്വര്‍ണ വ്യാപാരി ഗോവര്‍ദ്ധനും സ്‌പോണ്‍സര്‍ ഉണ്ണിക്കൃഷ്ണന്‍ പോറ്റിയും ആസൂത്രണം നടത്തിയെന്നാണ് ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. ശ്രീകോവിലിലെ ബാക്കിയുള്ള സ്വര്‍ണംകൂടി തട്ടിയെടുക്കാന്‍ പ്രതികള്‍ പദ്ധതിയിട്ടെന്നും ഹൈക്കോടതി മുമ്പാകെ വിഷയം വന്നപ്പോള്‍ മൂന്നുപേരും ബെംഗളൂരുവില്‍ വെച്ച് ഗൂഢാലോചന നടത്തിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കേസില്‍ ഉള്‍പ്പെട്ടാല്‍ എന്തു ചെയ്യണമെന്നതടക്കം പ്രതികള്‍ ചര്‍ച്ചചെയ്‌തെന്നും എസ്‌ഐടി കണ്ടെത്തിയിട്ടുണ്ട്. ഗോവര്‍ദ്ധന്റെ ജാമ്യഹര്‍ജി എതിര്‍ത്ത് എസ്‌ഐടി നല്‍കിയ റിപ്പോര്‍ട്ടിലാണ് ആസൂത്രണത്തെ കുറിച്ച് പറയുന്നത്.
2025 ഒക്ടോബറില്‍ പ്രതികള്‍ ബെംഗളൂരുവില്‍ ഗൂഢാലോചന നടത്തിയെന്നും ഹൈക്കോടതി കേസ് പരിഗണിച്ചപ്പോഴായിരുന്നു ഇതെന്നും എസ്‌ഐടി റിപ്പോര്‍ട്ടില്‍ പറയുന്നു. ദ്വാരപാലക ശില്പങ്ങളിലേയും ഏഴ് ഭാഗങ്ങളടങ്ങുന്ന കട്ടിളപ്പാളികളിലേയും ശ്രീകോവിലിലേയും സ്വര്‍ണം പൊതിഞ്ഞ ഭാഗങ്ങളില്‍നിന്നടക്കം സ്വര്‍ണം കവരാന്‍ ഗൂഢാലോചന നടന്നു. കട്ടിളപ്പാളിയില്‍നിന്ന് 409 ഗ്രാം സ്വര്‍ണമാണ് സ്മാര്‍ട് ക്രിയേഷന്‍സില്‍ വെച്ച് ശങ്കര്‍ എന്ന വിദഗ്ധന്‍ വേര്‍തിരിച്ചെടുത്തത്. ഇതിനുശേഷം ബെല്ലാരിയിലെ സ്വര്‍ണവ്യാപാരിയായ ഗോവര്‍ധന്റെ കൈയില്‍ സ്വര്‍ണമെത്തിയെന്നും എസ്‌ഐടി റിപ്പോര്‍ട്ടില്‍ പറയുന്നു.
കഴിഞ്ഞവര്‍ഷം ഒക്ടോബറിലാണ് ശബരിമല സ്വര്‍ണക്കടത്തു കേസ് ഹൈക്കോടതിയുടെ മുമ്പിലെത്തിയത്. തട്ടിപ്പ് ബോധ്യപ്പെട്ടതിന് പിന്നാലെയാണ് കോടതിയുടെ കര്‍ശന ഇടപെടല്‍ ഉണ്ടായത്. ഈ സമയത്ത് കേസിലെ പ്രധാനപ്പെട്ട മൂന്ന് പ്രതികളും ബെംഗളൂരുവില്‍ ഒത്തുചേര്‍ന്നെന്നാണ് എസ്‌ഐടി കണ്ടെത്തിയിരിക്കുന്നത്. 2025 ഒക്ടോബര്‍ മാസത്തില്‍ കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയും പത്താം പ്രതിയായിട്ടുള്ള പങ്കജ് ഭണ്ഡാരിയും ഗോവര്‍ദ്ധനും ബെംഗളൂരുവില്‍ ഒത്തുചേര്‍ന്നുവെന്നാണ് എസ്‌ഐടി കണ്ടെത്തിയത്. മൂന്നുപേരുടേയും മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ വെച്ചിട്ടാണ് എസ്‌ഐടിയുടെ കണ്ടെത്തല്‍. കേസില്‍പെട്ടാലുള്ള നടപടികളെക്കുറിച്ച് ഇവര്‍ ചര്‍ച്ചചെയ്തുവെന്നാണ് എസ്‌ഐടി റിപ്പോര്‍ട്ടില്‍ പറയുന്നത്.
കൊള്ള പുറത്തുവന്നതോടെ ഗൂഢാലോചന മറച്ചുവെക്കാന്‍ എന്തൊക്കെ പദ്ധതി വേണമെന്ന് ചര്‍ച്ച ചെയ്‌തെന്നും ഇതിനായി ഉണ്ണിക്കൃഷ്ണന്‍ പോറ്റിയെ ബെംഗളൂരുവിലേക്ക് കൊണ്ടുപോയെന്നും റിപ്പോര്‍ട്ടിലുണ്ട്. ശബരിമലയിലെ വഴിപാടുകളുമായി ബന്ധപ്പെട്ട് നിരവധി പണം അക്കൗണ്ടുകളിലേക്ക് വന്നിട്ടുണ്ട്. ഇതുസംബന്ധിച്ച് ദുരൂഹമായ അക്കൗണ്ടുകളുണ്ട്. ഈ പണം കുറ്റകൃത്യം മറച്ചുവെക്കാനുള്ള ശ്രമമാണ്. നടന്നത് വന്‍ കൊള്ളയാണ്. വന്‍ ആസൂത്രണം നടത്തിയെന്നും പിടിക്കപ്പെടാതിരിക്കാന്‍ ബെംഗളൂരുവില്‍ ആസൂത്രണം നടത്തിയെന്നും എസ്‌ഐടി പറയുന്നു. കൊള്ളയുടെ വ്യാപ്തി അറിയാന്‍ ശാസ്ത്രീയ പരിശോധനാഫലം വരണമെന്നും അതുവരെ പ്രതികള്‍ക്ക് ജാമ്യം നല്‍കരുതെന്നുമാണ് അന്വേഷണ സംഘം ഹൈക്കോടതിയില്‍ വാദിച്ചത്.
Read more
ദ്വാരപാലക ശില്പങ്ങളില്‍നിന്ന് സ്വര്‍ണം കടത്തിയ കേസില്‍ പതിനഞ്ചുപ്രതികളാണുള്ളത്. കട്ടിളപ്പാളിയില്‍നിന്ന് സ്വര്‍ണം കടത്തിയ കേസില്‍ പന്ത്രണ്ട് പ്രതികളുണ്ട്.







